coconut

തിരുവനന്തപുരം:സംസ്ഥാനത്ത് നാളീകേര ഉത്പാദനം വർദ്ധിപ്പിക്കാൻ സമഗ്ര പദ്ധതി തയ്യാറാക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.ഓരോ വർഷവും 15 ലക്ഷം നല്ലയിനം തെങ്ങിൻതൈകൾ നടാനും 10 വർഷം ഈ പദ്ധതി തുടരാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.

ഓരോ വാർഡിലും ഒരു വർഷം 75 തെങ്ങിൻതൈ വീതം നടണം.ഇതിനുള്ള ആറ് ലക്ഷം തൈകൾ കൃഷി വകുപ്പും മൂന്ന് ലക്ഷം തൈകൾ വീതം കാർഷിക സർവകലാശാലയും നാളീകേര വികസന ബോർഡും കേന്ദ്രതോട്ടവിള ഗവേഷണ കേന്ദ്രവും ലഭ്യമാക്കണം.തെങ്ങിൻതൈകൾ കൃഷിക്കാർക്ക് എത്തിക്കാനും പദ്ധതിയുടെ മേൽനോട്ടത്തിനും കൃഷിവകുപ്പും തദ്ദേശസ്വയംഭരണ വകുപ്പും ശ്രദ്ധിക്കണം.പദ്ധതിക്ക് വ്യാപകമായ പ്രചാരണം നൽകണം.നാളീകേരത്തിൽ നിന്ന് മൂല്യവർദ്ധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ വ്യവസായ വകുപ്പ് പദ്ധതി തയ്യാറാക്കണം.

നാളീകേര ഉത്പാദനത്തിൽ കേരളം പിറകോട്ടുപോയി. ഉത്പാദന ക്ഷമതയിൽ എട്ടാം സ്ഥാനത്താണ്.കൃഷി സ്ഥലത്തിന്റെ വിസ്തൃതി 81 ലക്ഷം ഹെക്ടറായി കുറഞ്ഞു.ശാസ്ത്രീയവും മെച്ചപ്പെട്ടതുമായ പരിചരണത്തിന്റെ അഭാവം, ലാഭകരമല്ലാത്ത കൃഷി, ഗുണമേന്മയുള്ള നടൽ വസ്തുക്കളുടെ അഭാവം, കാറ്റുവീഴ്ചയുൾപ്പെടെയുള്ള രോഗങ്ങൾ, ഉയർന്ന കൃഷിച്ചെലവ്, തെങ്ങുകയറ്റ തൊഴിലാളികളുടെ അഭാവം എന്നിവയാണ് ഉത്പാദനക്ഷമത കുറയാൻ പ്രധാന കാരണമായി നാളീകേര വികസനബോർഡ് ചൂണ്ടിക്കാട്ടുന്നത്.

മന്ത്രിമാരായ വി.എസ്.സുനിൽകുമാർ, ഇ.പി.ജയരാജൻ,ചീഫ് സെക്രട്ടറി ടോംജോസ്, ആസൂത്രണബോർഡ് വൈസ് ചെയർമാൻ ഡോ.വി.കെ.രാമചന്ദ്രൻ, അഡിഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, തദ്ദേശസ്വയംഭരണ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസ്, കൃഷിവകുപ്പ് ഡയറക്ടർ പി.കെ.ജയശ്രീ തുടങ്ങിയവരും വിവിധ ഏജൻസികളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.