ayurveda
ayurveda


ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടത്തുന്ന 2018-2019 വർഷത്തെ ആയുർവേദ പാരാമെഡിക്കൽ സർട്ടിഫിക്കറ്റ് കോഴ്‌സുകളുടെ (ഫാർമസി/നഴ്‌സ്/തെറാപ്പിസ്റ്റ്) പ്രവേശനത്തിന് അപേക്ഷിച്ചവരുടെ കരട് ലിസ്റ്റ് www.ayurveda.kerala.gov.in ൽ. ലിസ്റ്റിൽ ഉൾപ്പെട്ട വിദ്യാർത്ഥികളിൽ അപാകതകൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുള്ളവർ 17ന് അഞ്ചിനു മുമ്പ് കാര്യാലയത്തിൽ ആവശ്യമായ രേഖകൾ സഹിതം ഹാജരാകണം. കരട് ലിസ്റ്റ് സംബന്ധിച്ച് പരാതികൾ ഉണ്ടെങ്കിൽ 17ന് മുമ്പ് ആവശ്യമായ രേഖകൾ സഹിതം അറിയിക്കണം.വകുപ്പ് ഉദ്യോഗസ്ഥരുടെ കരട് ലിസ്റ്റ് പ്രത്യേകം പ്രസിദ്ധീകരിക്കും.

ഓംചേരിക്കും കൊല്ലം വിജയകുമാരിക്കും എസ്.എൽ. പുരം സദാനന്ദൻ
നാടക പുരസ്‌കാരങ്ങൾ
മലയാളത്തിലെ മികച്ച നാടകപ്രവർത്തകർക്ക് സമഗ്ര സംഭാവനയ്ക്ക് നൽകുന്ന എസ്.എൽ. പുരം സദാനന്ദൻ നാടക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2016ലെ അവാർഡ് ഓംചേരി എൻ. നാരായണപിള്ളയ്ക്കും 2017ലെ അവാർഡ് കൊല്ലം വിജയകുമാരിക്കുമാണ്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് പുരസ്‌കാരം.
2007ലാണ് സംഗീത നാടക അക്കാഡമി എസ്.എൽ. പുരം സദാനന്ദന്റെ സ്മരണയ്ക്കായി നാടക അവാർഡ് ഏർപ്പെടുത്തിയത്. 2016 ൽ അവാർഡ് പ്രഖ്യാപിക്കാതിരുന്നതിനാലാണ് 2016ലെയും 17ലെയും അവാർഡുകൾ ഒരുമിച്ച് പ്രഖ്യാപിക്കുന്നത്.
കെ.പി.എ.സി ലളിത ചെയർപേഴ്സണും എൻ. രാധാകൃഷ്ണൻ നായർ കൺവീനറും ആർട്ടിസ്റ്റ് സുജാതൻ, പ്രൊഫ. അലിയാർ, ചന്ദ്രദാസൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരനിർണയം നടത്തിയത്. ലോക നാടക വാരാചരണത്തോടനുബന്ധിച്ച് മാർച്ച് 21 മുതൽ 27 വരെ സംഗീത നാടക അക്കാഡമിയുടെ ആഭിമുഖ്യത്തിൽ തൃശൂരിൽ നടക്കുന്ന നാടകോത്സവത്തിൽ അവാർഡുകൾ വിതരണം ചെയ്യും.


കേരള പുനർനിർമാണം: മാരത്തോൺ നോൺസ്റ്റോപ്പ് റൺ
മുഖ്യമന്ത്രി ഫ്ളാഗ് ഓഫ് ചെയ്തു
കേരള പുനർനിർമാണ ധനസമാഹരണത്തിനായി കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി സഹകരണത്തോടെ ഡോ. ജോർജ് ആർ. തോമസ് നടത്തുന്ന ഹാഫ് മാരത്തോൺ നോൺസ്റ്റോപ്പ് റൺ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഓഫ് ചെയ്തു.
കൂടുതൽ സഹായം നൽകാൻ പ്രവാസി മലയാളികൾക്ക് പ്രചോദനം നൽകാനാണ് കാനഡയിൽ നിന്നുള്ള പ്രവാസിയായ ഡോ. ജോർജ് മാരത്തോൺ നടത്തുന്നത്. ക്ലിഫ് ഹൗസ് പരിസരത്ത് മുഖ്യമന്ത്രി ഫ്‌ളാഗ് ഓഫ് നിർവഹിച്ച മാരത്തോൺ, ഡിസംബർ മൂന്നിന് കേരള-കർണാടക അതിർത്തിയായ കുമ്പോളിൽ അവസാനിക്കും. യാത്രയിലുടനീളം പൈലറ്റ് ആയി മഹീന്ദ്ര ആന്റ് മഹീന്ദ്ര കമ്പനി നൽകിയ ബാറ്ററി കാറും ഉണ്ടാകും.
ഗണിതശാസ്ത്ര അധ്യാപകനായ ഈ 71 കാരൻ യാത്രക്കിടയിൽ വിദ്യാർഥികൾക്ക് ക്ലാസുകളും നൽകും. നേരത്തെ, പ്രളയദുരിതാശ്വാസത്തിനായി കടമ്പനാട്ടുള്ള തന്റെ 20 സെന്റ് ഭൂമി ലൈബ്രറി, അങ്കണവാടി, കുട്ടികളുടെ പാർക്ക് തുടങ്ങിയവ നിർമിക്കാൻ അദ്ദേഹം സംഭാവന നൽകിയിട്ടുണ്ട്.

ഹയർസെക്കൻഡറി, കോളേജ് വായന മത്സരം 25 ലേക്ക് മാറ്റി
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഹയർസെക്കൻഡറി, കോളേജ് വിദ്യാർത്ഥികൾക്കായി 18ന് നടത്താനിരുന്ന ജില്ലാതല ഹയർസെക്കൻഡറി, കോളേജ് വായന മത്സരങ്ങൾ നവംബർ 25 ലേക്ക് മാറ്റി.

സി-മെറ്റിൽ പ്രിൻസിപ്പൽ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിയുടെ കീഴിലുള്ള വിവിധ നഴ്‌സിംഗ് കോളേജുകളിലേക്ക് പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരു വർഷത്തെ താത്കാലിക കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം വെബ്‌സൈറ്റിൽ ലഭിക്കും. വെബ്‌സൈറ്റിൽ നിന്ന് ലഭിക്കുന്ന ചെലാൻ ഫോറം പൂരിപ്പിച്ച് ഏതെങ്കിലും എസ്.ബി.ഐ ശാഖയിൽ 100 രൂപ അടച്ചതിന്റെ രസീത് എസ്.സി/ എസ്.ടി വിഭാഗത്തിന് 50 രൂപ. ബയോഡേറ്റ, സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ്, കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനുകൾ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പള്ളിമുക്ക്, പേട്ട പി.ഒ, തിരുവനന്തപുരം 695024 വിലാസത്തിൽ 23നകം നൽകണം. വെബ്‌സൈറ്റ്: www.simet.in. . ഫോൺ: 0471 2743090.

ലോകായുക്ത സിറ്റിംഗ് കോട്ടയത്തും തൃശൂരും
കേരള ലോകായുക്ത തൃശൂരും കോട്ടയത്തും സിറ്റിംഗ് നടത്തും. 12, 13, 14 തിയതികളിൽ തൃശൂർ ജില്ലാ കോ ഓപ്പറേറ്റീവ് ബാങ്ക് കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടക്കും. 15, 16 തിയതികളിൽ കോട്ടയം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ക്യാമ്പ് സിറ്റിംഗ് നടക്കും.


സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു
കേരളത്തിലെ മികച്ച ഗ്രന്ഥശാലകൾക്കുള്ള പുരസ്‌കാരങ്ങൾക്ക് അംഗ ഗ്രന്ഥശാലകളിൽ നിന്ന് കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 50,000 രൂപയും വെങ്കലശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന ഇ.എം.എസ്. പുരസ്‌കാരം സംസ്ഥാനത്തെ 50 വർഷം പിന്നിട്ട ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്ക് നൽകും.

25,000 രൂപയും വെങ്കല ശില്പവും പ്രശസ്തിപത്രവുമടങ്ങിയ പി.എൻ.പണിക്കർ പുരസ്‌കാരം സംസ്ഥാനത്തെ ഏറ്റവും നല്ല ഗ്രന്ഥശാല പ്രവർത്തകന് നൽകും.

50,000 രൂപയുടെ പുസ്തകങ്ങളും പ്രശസ്തിപത്രവുമടങ്ങിയ ഡി.സി.പുരസ്‌കാരം ഏറ്റവും മികച്ച ഗ്രാമീണ ഗ്രന്ഥശാലയ്ക്ക് നൽകും.

മികച്ച സാമൂഹിക സാംസ്‌കാരിക പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലയ്ക്ക് നൽകുന്ന സമാധാനം പരമേശ്വരൻ പുരസ്‌കാരം 9,999 രൂപയും പ്രശസ്തിപത്രവുമടങ്ങിയതാണ്. പിന്നാക്ക പ്രദേശത്തെ മികച്ച ഗ്രന്ഥശാലയ്ക്ക് നൽകുന്ന എൻ.ഇ.ബലറാം പുരസ്‌കാരത്തിന് 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും ലഭിക്കും.

മികച്ച ബാലവേദി പ്രവർത്തിക്കുന്ന ഗ്രന്ഥശാലയ്ക്ക് നൽകുന്ന പി.രവീന്ദ്രൻ പുരസ്‌കാരത്തിന് 20,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും ലഭിക്കും.

സി.ജി.ശാന്തകുമാർ പുരസ്‌കാരം: മികച്ച ശാസ്ത്രാവബോധന സാക്ഷരതാ പ്രവർത്തനങ്ങൾ നടത്തുന്ന ഗ്രന്ഥശാലയ്ക്ക് നൽകുന്നതാണ്. 25,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും പ്രശസ്തിപത്രവും ലഭിക്കും.

നങ്ങേലി പുരസ്‌കാരം: സ്ത്രീ ശാക്തീകരണത്തിന് മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന വനിതാവേദിക്ക് നൽകുന്നത്. 15,000 രൂപ മുഖവിലയുള്ള പുസ്തകങ്ങളും, പ്രശസ്തിപത്രവും. താലൂക്ക് ജില്ലാ മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്‌കാരം: താലൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്കും ജില്ലയിലെ ഏറ്റവും മികച്ച ഗ്രന്ഥശാലയ്ക്കും നൽകുന്ന പുരസ്‌കാരം. താലൂക്കിലെ മികച്ച ഗ്രന്ഥശാലയ്ക്ക് 5,000 രൂപയും പ്രശസ്തിപത്രവും ജില്ലയിലെ മികച്ച ഗ്രന്ഥശാലയ്ക്ക് 15,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. അപേക്ഷാ ഫോറങ്ങൾക്കും വിശദവിവരങ്ങൾക്കും ജില്ലാ ലൈബ്രറി കൗൺസിലുകളുമായി ബന്ധപ്പെടണം. അപേക്ഷകൾ നവംബർ 30നകം സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ ലഭിക്കണം.


സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ സമ്പർക്ക ക്ലാസ്
കേരള നിയമസഭയുടെ പാർലമെന്ററി പഠന പരിശീലന കേന്ദ്രം നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയറിന്റെ സമ്പർക്ക ക്ലാസുകൾ 10, 11 തിയതികളിൽ തിരുവനന്തപുരം നിയമസഭാ സമുച്ചയത്തിലെ ബാങ്ക്വറ്റ് ഹാളിലും 17, 18 തിയതികളിൽ കോഴിക്കോട് നടക്കാവ് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ നടക്കും. സർട്ടിഫിക്കറ്റ് കോഴ്‌സിന്റെ അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസിന്റെ ആദ്യ ഗഡു എന്നിവ അടച്ചവർക്ക് പങ്കെടുക്കാം. പഠിതാക്കൾക്ക് സൗകര്യപ്രദമായ കേന്ദ്രം തിരഞ്ഞെടുക്കാം. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും ഒരു പകർപ്പും പരിശോധനയ്ക്കായി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾ www.niyamasabha.org യിൽ ലഭിക്കും.


ലൈബ്രറി ഇന്റേൺസിനെ തിരഞ്ഞെടുക്കും
കേരളത്തിലെ സർക്കാർ കോളേജിലെ ലൈബ്രറിയുടെ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി വഴുതക്കാട് സർക്കാർ വനിതാ കോളേജിൽ രണ്ട് ലൈബ്രറി ഇന്റേൺസിനെ ബി.എൽ.ഐ.എസ് ബിരുദധാരികളായ ഉദ്യോഗാർത്ഥികളിൽ നിന്നും 12,000 രൂപ പ്രതിമാസ ശമ്പള നിരക്കിൽ താത്ക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം നാളെ (നവംബർ ഒമ്പത്) രാവിലെ 10ന് പ്രിൻസിപ്പലിന്റെ ചേംബറിൽ നടത്തും. ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, തിരിച്ചറിയൽ കാർഡ്, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.


മലയിൻകീഴ് എം.എം.എസ് ഗവ. ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ ലൈബ്രേറിയൻ ഇന്റേൺസിന്റെ ഇന്റർവ്യൂ 12ന് രാവിലെ 10ന് കോളേജ് ഓഫീസിൽ നടത്തും.

നെടുമങ്ങാട് സർക്കാർ കോളേജ് ലൈബ്രറിയിൽ രണ്ട് ഇന്റേൺസിന്റെ അഭിമുഖം 12ന് രാവിലെ 10.30ന് കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ നടക്കും.


യൂണിവേഴ്‌സിറ്റി കോളേജിന് നാക് 'എ' ഗ്രേഡ്
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിനു വീണ്ടും നാക് അംഗീകാരം. നേരത്തെ എൻ.ഐ.ആർ.എഫ് കോളേജിന് അഖിലേന്ത്യാതലത്തിൽ പതിനെട്ടാം റാങ്ക് നൽകിയിരുന്നു. ഇതോടെ നാക് 'എ' ഗ്രേഡും ആദ്യ ഇരുപതിനുള്ളിൽ റാങ്കുമുള്ള കേരളത്തിലെ ഏക കലാലയമായി യൂണിവേഴ്‌സിറ്റി കോളേജ് മാറി. നവംബർ രണ്ടിനു പ്രസിദ്ധീകരിച്ച മുപ്പത്തിയെട്ടു കോളേജുകളുടെ പട്ടികയിൽ രണ്ടു കോളേജുകൾക്ക് മാത്രമാണ് 'എ' ഗ്രേഡ് ലഭിച്ചത്.