തിരുവനന്തപുരം:യുവതീപ്രവേശന വിവാദത്തിനിടെ മണ്ഡലകാലത്തിന് എട്ട് നാൾ മാത്രം ശേഷിക്കെ കോൺഗ്രസിന്റെ മേഖലാ ജാഥകളും എൻ.ഡി.എയുടെ രഥയാത്രയും ഇന്ന് തുടങ്ങും. ഇവ ഫലത്തിൽ കോൺഗ്രസും ബി.ജെ.പിയും ശബരിമലയെ ചൊല്ലി നടത്തുന്ന ബലപരീക്ഷണമാണ്.
കോൺഗ്രസിന്റെ കാൽനട ജാഥകൾ 15നും ബി.ജെ.പിയുടെ രഥയാത്ര 13നും സമാപിക്കും. വിശ്വാസം സംരക്ഷിക്കുക, വർഗ്ഗീയതയെ തുരത്തുക എന്നാണ് കോൺഗ്രസിന്റെ മുദ്രാവാക്യം. തിരുവനന്തപുരം, ആലപ്പുഴ, തൊടുപുഴ, കാസർകോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാരംഭിക്കുന്ന ജാഥകൾ 15ന് പത്തനംതിട്ടയിൽ സംഗമിച്ച് പ്രകടനത്തോടെയും മഹാസമ്മേളനത്തോടെയും സമാപിക്കും.
ഇന്ന് കാസർകോട്ട് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ നയിക്കുന്ന വാഹനജാഥ എം.എം. ഹസൻ ഉദ്ഘാടനം ചെയ്യും.
മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.പി.സി.സി പ്രസിഡന്റ്:
'ശബരിമലപ്രശ്നത്തിൽ സംഘപരിവാറും സി.പി.എമ്മും വിശ്വാസികളെ വഞ്ചിക്കുകയും ആചാരാനുഷ്‌ഠാനങ്ങൾക്ക് കടകവിരുദ്ധമായി പ്രവർത്തിക്കുകയുമാണ്. ആർ.എസ്.എസ് നേതാവും ദേവസ്വംബോർഡംഗവും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറി. സി.പി.എമ്മും ഹിന്ദുത്വശക്തികളും ശബരിമലപ്രശ്നത്തെ രാഷ്ട്രീയവത്കരിച്ചത് ജാഥകളിലൂടെ തുറന്നുകാട്ടും.'
എൻ.ഡി.എയുടെ രഥയാത്ര:
ഇന്ന് രാവിലെ 10ന് മധൂർ ഗണപതിക്ഷേത്ര മുറ്റത്ത് ബി.ജെ.പി കർണാടക സംസ്ഥാന അദ്ധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്ര13ന് വൈകിട്ട് 4ന് പത്തനംതിട്ടയിൽ മഹാസമ്മേളനത്തോടെ സമാപിക്കും. ദേശീയനേതാക്കൾ പങ്കെടുക്കും.
എ.എൻ. രാധാകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന ജനറൽസെക്രട്ടറി:
' ശബരിമലയിൽ ഭക്തർക്ക് നേരേ ഇടതുസർക്കാർ കടുത്ത മനുഷ്യാവകാശലംഘനങ്ങൾ നടത്തി. ആയിരക്കണക്കിന് പൊലീസുകാരെ നിയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 14 ജില്ലകളിലും പാർട്ടി പൊതുയോഗങ്ങളിൽ വായ്‌ത്താരി നടത്തുകയാണ് മുഖ്യമന്ത്രി.'