pensioners

തിരുവനന്തപുരം: പങ്കാളിത്തപെൻഷൻ പദ്ധതി പുനഃപരിശോധിക്കുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ പ്രത്യേക സമിതി രൂപീകരിച്ചു.റിട്ട. ജില്ലാ ജഡ്ജ് എസ്. സതീഷ് ചന്ദ്രബാബുവാണ് ചെയർമാൻ. മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യൻ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടർ പ്രൊഫ. ഡി. നാരായണ എന്നിവരാണ് അംഗങ്ങൾ.

സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഏർപ്പെടുത്തിയാൽ ജീവനക്കാർ ഒടുക്കിയ വിഹിതം തിരികെ ലഭ്യമാകുമോ, പദ്ധതിയിൽ ചേർന്ന് വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ സംബന്ധിച്ച കാര്യത്തിലെ നിയമവ്യവസ്ഥ, അടച്ച വിഹിതങ്ങളുടെ സ്ഥിതി, പങ്കാളിത്ത പെൻഷൻ നടപ്പിലാക്കിയ മറ്റു സംസ്ഥാനങ്ങളുടെ അനുഭവവും ഇപ്പോഴത്തെ സ്ഥിതിയും, പദ്ധതി ആകർഷകമാക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിക്കാം എന്നിവയാണ് സമിതി പഠിക്കുക. കൂടാതെ പദ്ധതി പുനഃപരിശോധിക്കുന്നതിലെ നിയമപരവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങൾ, എൻ.പി.എസ് ട്രസ്റ്റ്, എൻ.എസ്.ഡി.എൽ എന്നിവരുമായി ഏർപ്പെട്ട കരാറുകൾ സൃഷ്ടിക്കുന്ന ബാധ്യതകൾ, ഉത്തരവാദിത്തങ്ങൾ എന്നിവയും പരിശോധിക്കും.