 ശ്രീചിത്രാ എൻജിനിയറിംഗ് കോളേജുമായുള്ള തർക്കത്തിൽ വിജയം കെ.എസ്.ആർ.ടി.സിക്ക്

തിരുവനന്തപുരം: പാപ്പനംകോട് സെൻട്രൽ വർക്‌സ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ ഭൂമിയുടെ അവകാശം സംബന്ധിച്ച് ശ്രീചിത്രാ എൻജിനിയറിംഗ് കോളേജ് അധികൃതരും കെ.എസ്.ആർ.ടി.സിയും തമ്മിലുള്ള തർക്കത്തിൽ വിജയം കെ.എസ്.ആർ.ടി.സിക്ക്. കോളേജിന് ഭൂമി വിട്ടുനൽകേണ്ടതില്ലെന്ന് ഇന്നലെ മന്ത്രി എ.കെ. ശശീന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഒത്തുതീർപ്പ് ചർച്ചയിൽ തീരുമാനമായി. നിലവിലുള്ള അഞ്ചേക്കറിൽ കോളേജ് പ്രവർത്തിക്കും. കോളേജിന് ആൾ ഇന്ത്യാ കൗൺസിൽ ഫോർ ടെക്‌നിക്കൽ എഡ്യൂക്കേഷന്റ (എ.ഐ.സി.ടി.ഇ) അംഗീകാരവും നഷ്ടമാകില്ലെന്ന കാര്യവും ഉറപ്പിച്ചു. എ.ഐ.സി.ടി.ഇ റീജിയണൽ ഡയറക്ടറുടെ സാനിദ്ധ്യത്തിലായിരുന്നു ചർച്ച. നിലവിലുള്ള അഞ്ചേക്കർ ഭൂമിയിൽ കോളേജിന് അംഗീകാരം നിലനിറുത്താൻ കഴിയും. പുതിയ മാനദണ്ഡപ്രകാരം മൂന്നേക്കറിൽ കോളേജ് ആരംഭിക്കാൻ കഴിയും. അതിൽ കൂടുതൽ സ്ഥലം കോളേജിന് ഇപ്പോഴുണ്ട്. എന്നാൽ അംഗീകാരം പുതുക്കുന്നതിനുവേണ്ടി എ.ഐ.സി.ടി.ഇക്ക് സമർപ്പിച്ച അപേക്ഷയിൽ 12.5 ഏക്കർ ഭൂമിയുണ്ടെന്നാണ് കോളേജ് അധികൃതർ കാണിച്ചിട്ടുള്ളത്. ജനുവരിയിലാണ് എ.ഐ.സി.ടി.ഇ അധികൃതർ പരിശോധനയ്ക്ക് എത്തുക. ഇതിൽ കെ.എസ്.ആർ.ടി.സി എതിർക്കില്ല. 1998ലെ കരാർ പ്രകാരം 12.5 ഏക്കർ ഭൂമി കോളേജിന് കൈമാറാൻ കെ.എസ്.ആർ.ടി.സി കരാറിൽ ഏർപ്പെട്ടിരുന്നു. എന്നാൽ കരാർ നടപ്പായില്ലെന്നും അഞ്ചേക്കർ മാത്രമാണ്‌ കോളേജിന് വിട്ടുനൽകിയിട്ടുള്ളതെന്നും എ.ഐ.സി.ടി.ഇ അധികൃതരെ കെ.എസ്.ആർ.ടി.സി അറിയിക്കും. ഇത് അംഗീകരിക്കാമെന്ന് എ.ഐ.സി.ടി.ഇ റീജിയണൽ ഡയറക്ടർ ഉറപ്പ് നൽകി. കെ.എസ്.ആർ.ടി.സിയും കോളേജ് അധികൃതരും തമ്മിൽ ഏറെക്കാലമായി നിലനിന്ന തർക്കത്തിനാണ് ഇതോടെ പരിഹാരമായത്. കരാർ പ്രകാരം ഏഴര ഏക്കർ ഭൂമി കൂടി ഉടൻ കൈമാറണമെന്നാവശ്യപ്പെട്ട്‌ കോളേജ് അധികൃതർ രംഗത്തെത്തിയതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. ഇത് വിദ്യാർത്ഥികൾ ഏറ്റെടുത്തതോടെ പ്രശ്‌നം സംഘർഷത്തിലെത്തി. അതിർത്തി തിരിച്ചിട്ടുള്ള ഇരുമ്പ് ഷീറ്റ് പാകിയവേലി വിദ്യാർത്ഥികൾ തകർത്തു. അത് പുനഃസ്ഥാപിക്കാൻ ശ്രമിച്ച കെ.എസ്.ആർ.ടി.സി ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ ഒരാഴ്ചമുമ്പ് ഏറ്റുമുട്ടുകയും ചെയ്‌തിരുന്നു. ഇലക്ട്രിക് ബസുകൾ ചാർജ്ജിംഗ് സൗകര്യം, ഡ്രൈവർ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഒരുക്കേണ്ടതിനാൽ സ്ഥലം വിട്ടുനൽകാനാകില്ലെന്നാണ് കെ.എസ്.ആർ.ടി.സിയുടെ നിലപാട്. ഇതേ തുടർന്നാണ് തർക്കം പരിഹരിക്കാൻ മന്ത്രി എ.കെ. ശശീന്ദ്രൻ യോഗം വിളിച്ചത്. ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ, കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ ജെ. തച്ചങ്കരി, കോളേജ് പ്രിൻസിപ്പൽ ഡോ. പ്രഭാകരൻനായർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.