dysp-harikumar

തിരുവനന്തപുരം: റോഡിലെ വാക്കു തർക്കത്തിനിടെ യുവാവിനെ കാറിന് മുന്നിലേക്ക് തള്ളിവീഴ്ത്തി കൊലപ്പെടുത്തിയെന്ന കേസിൽ നെയ്യാറ്റിൻകര ഡിവൈ.എസ്.പി ബി. ഹരികുമാറിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. തിരുവനന്തപുരം റൂറൽ എസ്.പി പി. അശോക്‌കുമാറിന്റെ ശുപാർശപ്രകാരം ഡി.ജി.പി ലോക്‌നാഥ് ബെഹ്റയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പൊലീസ് ഒത്തുകളിക്കുന്നെന്ന് സനലിന്റെ ഭാര്യ വിജിയും അമ്മ രമണിയും ആരോപിച്ചതിനു പിന്നാലെയാണ് കേസ് ക്രൈംബ്രാഞ്ചിന് വിട്ടത്.

ഗുരുതരമായ ഇത്തരം കേസുകൾ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് 2010ൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ടെന്നും പൊലീസുദ്യോഗസ്ഥൻ പ്രതിസ്ഥാനത്തായതിനാൽ ക്രൈംബ്രാഞ്ചാവും ഉചിതമെന്നും റൂറൽ എസ്.പി റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണ സംഘത്തെ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദർവേഷ് സാഹിബ് തീരുമാനിക്കും.

ചൊവ്വാഴ്ച രാത്രി 11ന് റോഡരികിലെ കാർ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കാറിനടിയിൽപ്പെട്ട് നെയ്യാറ്റിൻകര കൊടങ്ങാവിള കാവുവിള വീട്ടിൽ സനൽകുമാർ (32) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിരുന്നു

അതേസമയം, ഒളിവിൽ പോയ ഡിവൈ.എസ്.പിയെ അറസ്റ്റ് ചെയ്യാനായിട്ടില്ല. തമിഴ്നാട്ടിലെ മധുരയിൽ ഒളിവിലാണെന്ന് പൊലീസിന് വിവരം കിട്ടിയിരുന്നു. രണ്ട് മൊബൈൽ ഫോണുകളും സ്വിച്ച് ഓഫാണ്. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിൽ ഏഴ് സംഘങ്ങൾ മധുരയിലടക്കം അന്വേഷിച്ചെങ്കിലും ഡിവൈ.എസ്.പിയെ കണ്ടെത്താനായില്ല. ഹരികുമാറിന്റെ പാസ്പോർട്ട് കണ്ടുകെട്ടാനും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഡി.ജി.പി അനുമതി നൽകി. രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലടക്കം ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

മുഖ്യമന്ത്റി പിണറായി വിജയന്റെ നിർദ്ദേശത്തെ തുടർന്ന് ഹരികുമാറിനെ സസ്‌പെൻഡ് ചെയ്തിരുന്നു. വകുപ്പുതല അന്വേഷണത്തിനും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എൻ.ആർ.ഐ സെൽ എസ്.പി കെ.എസ്. വിമലാണ് അന്വേഷണം നടത്തുക. ഭരണകക്ഷിയിലെ ജില്ലയിലെ ഒരു പ്രമുഖ നേതാവിന്റെ സംരക്ഷണയിലാണ് ഹരികുമാറിന് ഒളിവിൽ പോകാൻ അവസരം ഒരുക്കിയതെന്ന ആരോപണം ഉയർന്നിട്ടുണ്ട്.