കടയ്ക്കാവൂർ: ചരിത്രവും സംസ്കാരവും ഇടകലർന്ന് കിടക്കുന്ന തീരദേശത്തിന്റെ ചരിത്ര സ്മൃതികളെയും പ്രകൃതി മനോഹാരിതയെയും ഉൾപ്പെടുത്തി കായലോര ടൂറിസം സാദ്ധ്യമാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിനും അതിലുപരി സ്വപ്നങ്ങൾക്കും മീതെ അധികൃതരുടെ അവഗണന. തീരദേശവാസികളുടെ ജീവിത സ്വപ്നമാണ് ഇങ്ങനെ നീളുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് തീരദേശ ടൂറിസത്തിന് രൂപം നൽകിയതെങ്കിലും അവശ്യംവേണ്ട കാര്യങ്ങൾ നീക്കുന്നതിന് മുമ്പായി മന്ത്രിസഭയുടെ കാലാവധി തീർന്നു. മാറിവന്ന മന്ത്രിസഭയുടെ കാലത്ത് 2017 ൽ മന്ത്രി രാജുവിന്റെ നേതൃത്വത്തിൽ എം.എൽ.എമാരും സാമൂഹ്യ പ്രവർത്തകരും ഉൾപ്പെടുന്ന ഒരുസംഘം കായലോര ടൂറിസത്തിന്റെ വികസന സാദ്ധ്യതകളെക്കുറിച്ച് പഠിക്കാൻ പൊന്നും തുരുത്തിൽ എത്തിയിരുന്നു. ഇൗ മേഖലയുടെ കുറച്ചുഭാഗം കണ്ട ശേഷം ടൂറിസത്തിന് വളരെ വലിയ ഇടപെടലുകൾ നടത്താനാകുന്ന സ്ഥലമാണിതെന്ന് അഭിപ്രായപ്പെട്ട മന്ത്രി എത്രയുംവേഗം ഇത് പ്രാവർത്തികമാക്കുമെന്നും പറഞ്ഞു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും നടപടികൾ മാത്രം നീണ്ടുപോയി. ഇൗ പദ്ധതി അടിയന്തരമായി നടപ്പാക്കാൻ സർക്കാർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.