തിരുവനന്തപുരം:ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നം കൈകാര്യം ചെയ്യുമ്പോൾ കിട്ടുകയും നഷ്ടപ്പെടുകയും ചെയ്യുന്ന വോട്ടും സീറ്റുമൊന്നും പ്രശ്നമല്ലെന്നും കേരളത്തെ പുരോഗമന പാതയിൽ നിലനിറുത്തുകമാത്രമാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
യുവധാര യുവസാഹിത്യ പുരസ്ക്കാരദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്നലെ ചെയ്‌തോരബദ്ധം ഇന്ന് ആചാരവും നാളെ ശാസ്ത്രവുമാകാം. അത് അനുവദിക്കാതിരിക്കുകയാണ് ഭരണകൂടത്തിന്റെ ചുമതലയെന്നാണ് കുമാരനാശാൻ ദുരവസ്ഥയിൽ ഒാർമ്മപ്പെടുത്തുന്നത്. ശബരിമല വിഷയത്തിൽ സർക്കാർ നിലപാടെടുത്തത് കുമാരനാശാന്റെ ഇൗ ഒാർമ്മപ്പെടുത്തൽ സ്വീകരിച്ചാണ്. നമ്പൂതിരിയെ മനുഷ്യനാക്കണമെന്ന് ഇ.എം.എസ്. പറഞ്ഞത് ഒരു സമുദായത്തെ ഉദ്ദേശിച്ചല്ല. ജാതിയും ആചാരങ്ങളും മനുഷ്യനെ മനുഷ്യനായി കാണാനും ജീവിക്കാനും തടസമാകരുതെന്നാണ്. മനുഷ്യരെ ആര്യനെന്നും അനാര്യനെന്നും വേർതിരിച്ച് കാണാനാണ് ഹിറ്റ്ലർ ശ്രമിച്ചത്. അത് വിശ്വസിക്കുന്നവർ ഇന്ന് കേരളത്തെ വിശ്വാസി അവിശ്വാസി, ആചാരസംരക്ഷൻ ആചാരവിധ്വംസകർ, സവർണ്ണൻ അവർണ്ണൻ, പുരുഷൻ സ്ത്രീ എന്നെല്ലാം പല തട്ടുകളായി വേർതിരിവുണ്ടാക്കാൻ ശ്രമിക്കുന്നു. മനുഷ്യത്വത്തെ നിഷേധിക്കുന്ന ഏത് വിശ്വാസമാണെങ്കിലും ആചാരമാണെങ്കിലും അത് നീക്കുക തന്നെ വേണം. അതിന് മുതിരുമ്പോൾ തടയാൻ ആചാരങ്ങളെയും വിശ്വാസത്തെയും ഉപയോഗിക്കുകയാണ് ഒരുകൂട്ടർ ചെയ്യുന്നത്. ഇതിനെതിരെ ജനങ്ങളിൽ അവബോധമുണ്ടാക്കാൻ ഡി.വൈ.എഫ്.ഐ.പോലുള്ള യുവജനപ്രസ്ഥാനങ്ങൾക്കും എഴുത്തുകാർക്കും നിരവധി കാര്യങ്ങൾ ചെയ്യാനാകും. എം.ടി.മുതൽ എം. ലീലാവതി വരെയുള്ളവർക്ക് ഇക്കാര്യത്തിൽ ഉറച്ച നിലപാടെടുക്കാമെങ്കിൽ യുവ എഴുത്തുകാർക്ക് എന്തുകൊണ്ടായിക്കൂടാ. തൊഴിലെടുത്ത് ജീവിക്കുന്നതിനെ അധമമായി കണ്ട കാലമുണ്ടായിരുന്നു. അതിനെതിരെ എഴുത്തിലൂടെ സാമൂഹ്യ മാറ്റമുണ്ടാക്കിയതാണ് കുമാരനാശാൻ. കൊച്ചുസംസ്ഥാനമാണെങ്കിലും കേരളം പുരോഗമനചിന്തയിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായിരുന്നു. ആ കേരളത്തെ ഒരുനൂറ്റാണ്ട് പിന്നിലേക്ക് കൊണ്ടുപോകാനാണ് പലവേഷത്തിലും ഭാവത്തിലും ദുശ്ശാസനവേഷക്കാർ വരുന്നത്. അവരെ ചെറുക്കണം.
വി.ജെ.ടി.ഹാളിൽ നടന്ന ചടങ്ങിൽ എം.സ്വരാജ് എം. എൽ.എ അദ്ധ്യക്ഷത വഹിച്ചു. കാസർകോട്ടെ രഞ്ജു എം.വി.യുടെ റെഡ് പ്ളാനറ്റ് എന്ന കഥയ്ക്കും മലപ്പുറത്തെ നീതുസുബ്രഹ്മണ്യന്റെ അടുക്കളയിൽ കവിത വേകുമ്പോൾ എന്ന കവിതയ്ക്കും മുഖ്യമന്ത്രി യുവധാര പുരസ്ക്കാരങ്ങൾ സമ്മാനിച്ചു. നമ്പിനാരായണൻ മുഖ്യാതിഥിയായിരുന്നു. വി.കെ. ജോസഫ്, എ. എൻ. ഷംസീർ എം. എൽ.എ, ചിന്ത ജറോം, പി.ബിജു തുടങ്ങിയവർ പങ്കെടുത്തു. അരലക്ഷം രൂപയാണ് പുരസ്ക്കാരം. പുരസ്ക്കാരതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.
യുവധാര പബ്ളിക്കേഷന്റെ ആദ്യപുസ്തകങ്ങളായ ജി.പി.രാമചന്ദ്രന്റെ ലോകസിനിമാ ഡയറി,സാബു ജോസിന്റെ താരാഥപങ്ങൾക്കപ്പുറം, ശാസ്ത്രലോകത്തെ കുതിച്ചുചാട്ടങ്ങൾ എന്നിവ മുഖ്യമന്ത്രി പ്രകാശനം ചെയ്തു..