തിരുവനന്തപുരം: ഇനി കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർ കേഡറിൽ മാത്രം റിക്രൂട്ട്‌മെന്റ് നടത്തിയാൽ മതിയെന്ന് ശുപാർശ. പ്ലസ്ടു യോഗ്യതയുള്ള എല്ലാ ഡ്രൈവർമാർക്കും കണ്ടക്ടർ ലൈസൻസ് നൽകണമെന്നും ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മന്ത്രി എ.കെ.ശശീന്ദ്രന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.
ഓർഡിനറി സർവീസുകളിൽ രാവിലെ ആറ് മുതൽ ഉച്ചക്ക് രണ്ട് വരെയും ഉച്ചക്ക് രണ്ട് മുതൽ രാത്രി പത്ത് വരെയും ഡ്യൂട്ടി നൽകും വിധം ഷെഡ്യൂളുകൾ ക്രമീകരിക്കാമെന്നാണ് മറ്റൊരു നിർദേശം. എന്നാൽ രാത്രി പത്തിന് അവസാനിക്കുന്ന ഷെഡ്യൂളുകളിൽ യാത്രക്കാരുടെ ആവശ്യവും പ്രാദേശിക സവിശേഷതകളും പരിഗണിച്ച് ആവശ്യമായ മാറ്റം വരുത്താം. നിലവിൽ രാവിലെ ആറിന് ആരംഭിക്കുകയും ഉച്ചക്ക് ഒന്നിന് നിർത്തിയിടുകയും തുടർന്ന് മൂന്നിന് പുനരാരംഭിക്കുകയും ചെയ്യുന്ന രീതിയിലാണ് സർവീസ് ക്രമീകരണം. ജീവനക്കാരെ ഇത് ഏറെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് യൂണിയനുകളുടെ പരാതി.
ഇന്നലെ മന്ത്രി വിളിച്ചുചേർത്ത ട്രേഡ് യൂണിയൻ പ്രതിനിധികളുടെ ചർച്ചയിൽ ഇതടക്കം ശുപാശകളടങ്ങുന്ന ട്രാൻസ്‌പോർട്ട് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചു. പുതിയ ഡ്യൂട്ടി നിർദേശത്തോട് പൊതുവിൽ അനുകൂല സമീപനമാണ് യൂണിയനുകൾക്കുള്ളത്. പത്ത് മണിക്കൂറിലധികം സമയമെടുക്കുന്ന റൂട്ടുകളുടെ ചെയിൻ സർവീസുകളിലും ഇന്റർ സിറ്റി സർവീസുകളിലും ഇടയ്ക്ക് ജീവനക്കാർ മാറുന്നതിന് പകരം എട്ടു മണിക്കൂർ ജോലിക്ക് ശേഷം മതിയായ വിശ്രമം ഉറപ്പുവരുത്തി സെക്കന്റ് ഡ്യൂട്ടി അനുവദിക്കാവുന്നതാണെന്നാണ് മറ്റൊരു ശുപാർശ. ഇത്തരം ഷെഡ്യൂളുകളിൽ ആകെ സ്റ്റിയറിംഗ് സമയം 14 മണിക്കൂറായി നിശ്ചയിക്കണം. ഡ്യൂട്ടി മാറൽ, വാഹന സുരക്ഷാ പരിശോധന എന്നിവ ബസ് സ്റ്റോപ്പുകളിലും ചെയ്യാവുന്ന രീതിയിൽ ക്രമീകരണമേർപ്പടുത്തണമെന്നതാണ് മറ്റൊരു ശുപാർശ. ഡ്യൂട്ടിക്ക് ശേഷം ടിക്കറ്റ് മെഷീനുകളുടെ ഏറ്റെടുക്കലിനും തിരികെ ഏൽപ്പിക്കുന്നതിന് 15 മിനിട്ട് വീതം സമയം ക്രമീകരിക്കാം. രണ്ട് രാത്രി ഷിഫ്ടുകൾക്ക് ഒരു ഡ്യൂട്ടി ഓഫ് നൽകാവുന്നതാണെന്ന നിർദേശവും ഉണ്ട്.
13ന് മന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേർന്ന് റിപ്പോർട്ടിലെ ശുപാർശയിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ഡി.എ അടക്കമുള്ള ആനുകൂല്യങ്ങളുടെ പ്രഖ്യാപനവും അന്നുണ്ടായേക്കും.