യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ
അട്ടിമറിച്ച് റെഡ് സ്റ്റാർ ബെൽഗ്രേഡ്
ബാഴ്സലോണയും ഇന്റർമിലാനും സമനിലയിൽ പിരിഞ്ഞു,
അത്‌ലറ്റിക്കോയ്ക്ക് വിജയം
ബെൽഗ്രേഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇംഗ്ളീഷ് പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂളിന്റെ മുന്നോട്ടുള്ള യാത്രയ്ക്ക് കനത്ത ആഘാതം സൃഷ്ടിച്ച് രണ്ടാംതോൽവി.
കഴിഞ്ഞ രാത്രി സെർബിയൻ ക്ളബ് റെഡ് സ്റ്റാർ ബെൽഗ്രേഡാണ് ലിവർപൂളിനെ നക്ഷത്രമെണ്ണിച്ചത്. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ലിവർപൂളിന്റെ തോൽവി. 26 വർഷത്തിനുശേഷം ആദ്യമായാണ് റെഡ് സ്റ്റാർ ഒരു യൂറോപ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗ് മത്സരം ജയിക്കുന്നത്. 1991 ൽ യൂറോപ്യൻ കപ്പ് ചാമ്പ്യൻമാരായിരുന്ന റെഡ് സ്റ്റാർ 1992 ന് ശേഷം യൂറോപ്യൻ ഫസ്റ്റ് ഡിവിഷന്റെ യോഗ്യതാ റൗണ്ട് കടക്കുന്നത് ഇത്തവണയാണ്.
സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽത്തന്നെ രണ്ട് ഗോളുകളും വഴങ്ങിയ ലിവർപൂൾ തങ്ങൾക്ക് കിട്ടിയ അവസരങ്ങളും നശിപ്പിച്ച് തോൽവി ചോദിച്ചുവാങ്ങുകയായിരുന്നു. റെഡ്സ്റ്റാറിന്റെ രണ്ട് ഗോളുകളും നേടി സൂപ്പർ സ്റ്റാറായി മാറിയത് സ്ട്രൈക്കർ മിലാൻ പാവ്ക്കോവായിരുന്നു 22, 29 മിനിട്ടുകളിലായിരുന്നു പാവ്കോവിന്റെ ഗോളുകൾ. റോബർട്ടോ ഫിർമിനോയ്ക്ക് വിശ്രമം നൽകി പകരമിറക്കിയ ഡാനിയേൽ സ്റ്റുറിഡ്ജ് 18-ാം മിനിട്ടിൽ കിട്ടിയ സുവർണാവസരം പാഴാക്കിയതോടെയാണ് ഇംഗ്ളീഷ് ക്ളബിന്റെ കഷ്ടകാലം തുടങ്ങിയത്. തുടർന്ന് രണ്ടുഗോളുകൾ സ്വന്തം വലയിൽ വീണ് സെറ്റ് പീസുകളിലൂടെയാണ് റെഡ് സ്റ്റാർ ഗോളുകൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ ഫിർമിനോയെ ഇറക്കിയെങ്കിലും ഫലമുണ്ടായില്ല. മുഹമ്മദ് സലായും സാഡിയോ മാനേയും അവസരങ്ങൾ നഷ്ടമാക്കിയതും ലിവർപൂളിന് തിരിച്ചടിയായി
ഇൗ തോൽവിയോടെ ലിവർപൂളിന് അവശേഷിക്കുന്ന രണ്ട് മത്സരങ്ങളും നിർണായകമായി. നേരത്തെ നാപ്പോളിയോടും തോറ്റിരുന്ന ലിവർപൂൾ സി ഗ്രൂപ്പിൽ നാലുകളികളിൽ നിന്ന് ആറുപോയിന്റുമായി രണ്ടാമതാണ്. കഴിഞ്ഞരാത്രി പാരീസ് എസ്ജിയുമായി 1-1ന് സമനിലയിൽ പിരിഞ്ഞ നാപ്പോളിയാണ് ആറുപോയിന്റുമായി ഒന്നാമത് പി.എസ്.ജി അഞ്ചുപോയിന്റുമായി മൂന്നാമതാണ്. 45-ാം മിനിട്ടിൽ യുവാൻ ബെർനാറ്റിലൂടെ മുന്നിലെത്തിയിരുന്ന പി.എസ്ജിയെ 62-ാം മിനിട്ടിലെ ഇൻസൈനിന്റെ പെനാൽറ്റിയിലൂടെയാണ് നാപ്പോളി സമനിലയിൽ പിടിച്ചത്.
കഴിഞ്ഞ രാത്രി ഗ്രൂപ്പ് ബിയിൽ നടന്ന മത്സരത്തിൽ ഇന്റർമിലാനോട് 1-1ന് സമനിലയിൽ പിരിഞ്ഞ ബാഴ്സലോണ നാലുകളികളിൽനിന്ന് 10 പോയിന്റുമായി നോക്കൗട്ട് ഉറപ്പിച്ചിട്ടുണ്ട്. ഇന്ററി തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതി ഗോൾരഹിതമായിരുന്നു. 83-ാം മിനിട്ടിൽ മാൽക്കമിലൂടെ ബാഴ്സലോണ സ്കോർ ചെയ്തു. 87-ാം മിനിട്ടിൽ നായകൻ മൗറോ ജക്കാർഡിയാണ് ബാഴ്സയ്ക്ക് സമനില നേടിക്കൊടുത്തത്. നാലുകളികളിൽനിന്ന് ഏഴ് പോയിന്റുമായി ഇന്റർ രണ്ടാം സ്ഥാനത്തുണ്ട്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ടോട്ടൻ ഹാം 2-1ന് പി.എസ്.വി.ഐത്തോവനെ കീഴടക്കി. ഹാരി കേനാണ് ടോട്ടൻ ഹാമിന്റെ രണ്ട് ഗോളുകളും നേടിയത്.
ഗ്രൂപ്പ് എയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോറ്റെങ്കിലും ബൊറൂഷ്യ ഡോർട്ട് മുണ്ട് ഒന്നാംസ്ഥാനത്ത് തുടരുകയാണ്. 33-ാം മിനിട്ടിൽ അന്റോണിയോ ഗ്രീസ്‌മാനുമാണ് അത്‌ലറ്റിക്കോയുടെ ഗോളുകൾ നേടിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ക്ളബ് ബ്രൂഗെ 4-0 ത്തിന് തിയറി ഹെൻറി പരിശീലിപ്പിക്കുന്ന എ.എസ്. മൊണാക്കോയെ കീഴടക്കി
ഗ്രൂപ്പ് ഡിയിൽ ലോക്കോ മോട്ടീവ് മോസ്കോവയെ 4-1ന് കീഴടക്കിയ എഫ്.സി പോർട്ടോ ഒന്നാംസ്ഥാനത്തെത്തി നോക്കൗട്ട് ഉറപ്പാക്കി ഗലറ്റസറിയെ 2-0 ത്തിന് കീഴടക്കി രണ്ടാമതുള്ള ഷാൽക്കെയും നോക്കൗട്ട് സാദ്ധ്യത വർദ്ധിച്ചിട്ടുണ്ട്.
മത്സരഫലങ്ങൾ
റെഡ് സ്റ്റാർ 2-ലിവർപൂൾ 0
മൊണാക്കോ 0 - ക്ളബ് ബ്രുഗെ 4
അത്‌ലറ്റിക്കോ 2- ബൊറൂഷ്യ ഡോർട്ട് മുണ്ട് 0
ബാഴ്സലോണ 1-ഇന്റർമിലാൻ 1
നാപോളി 1-പി.എസ്.ജി 1
പോർട്ടോ 4-ലോക്കോ മോട്ടീവ് 1
ഷാൽക്കെ 2-ഗലറ്റസറി 0
ടോട്ടൻഹാം 2-പി.എസ്.വി 1
പോയിന്റ് നില
(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)
ഗ്രൂപ്പ് എ
ബൊറൂഷ്യ 4-3-0-1-9
അത്‌ലറ്റിക്കോ 4-3-0-1-9
ക്ളബ് ബ്രുഗെ 4-1-1-2-4
മൊണാക്കോ 4-0-1-3-1
ഗ്രൂപ്പ് ബി
ബാഴ്സലോണ 4-3-1-0-10
ഇന്റർമിലാൻ 4-2-1-1-7
ടോട്ടൻഹാം 4-1-1-2-4
പി.എസ്.വി 4-0-1-3-1
ഗ്രൂപ്പ് സി
നാപ്പോളി 4-1-3-0-6
ലിവർപൂൾ 4-2-0-2-6
പി.എസ്.ജി 4-1-2-1-5
റെഡ് സ്റ്റാർ 4-1-1-2-4
ഗ്രൂപ്പ് ഡി
പോർട്ടോ 4-3-1-0-10
ഷാൽക്കെ 4-2-2-0-8
ഗലറ്റസറി 4-1-1-2-4
ലോക്കോമോട്ടീവ് 4-0-0-4-0