തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഡ്രൈവർ കം കണ്ടക്ടർ കേഡറിൽ മാത്രം റിക്രൂട്ട്‌മെന്റ് നടത്തിയാൽ മതിയെന്ന് ശുപാർശ. പ്ലസ്ടു യോഗ്യതയുള്ള എല്ലാ ഡ്രൈവർമാർക്കും കണ്ടക്ടർ ലൈസൻസ് നൽകണമെന്നും ഗതാഗതവകുപ്പ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ മന്ത്രി എ.കെ. ശശീന്ദ്രന് നൽകിയ റിപ്പോർട്ടിൽ പറയുന്നു.

ഓർഡിനറി സർവീസുകളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2വരെയും ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയും ഡ്യൂട്ടി നൽകും വിധം ഷെഡ്യൂളുകൾ ക്രമീകരിക്കാമെന്നാണ് മറ്റൊരു നിർദ്ദേശം. എന്നാൽ രാത്രി 10ന് അവസാനിക്കുന്ന ഷെഡ്യൂളുകളിൽ ആവശ്യമായ മാറ്റം വരുത്താം. ഇന്നലെ മന്ത്രി വിളിച്ചുചേർത്ത ട്രേഡ് യൂണിയൻ പ്രതിനിധികളുടെ യോഗത്തിൽ ഇതടക്കം ശുപാർശകളടങ്ങുന്ന ട്രാൻസ്‌പോർട്ട് സെക്രട്ടറിയുടെ റിപ്പോർട്ട് പരിഗണിച്ചു. പുതിയ ഡ്യൂട്ടി നിർദ്ദേശത്തോട് പൊതുവിൽ അനുകൂല സമീപനമാണ് യൂണിയനുകൾക്കുള്ളത്. പത്ത് മണിക്കൂറിലധികം സമയമെടുക്കുന്ന റൂട്ടുകളുടെ ചെയിൻ സർവീസുകളിലും ഇന്റർ സിറ്റി സർവീസുകളിലും ഇടയ്ക്ക് ജീവനക്കാർ മാറുന്നതിന് പകരം എട്ടു മണിക്കൂർ ജോലിക്ക് ശേഷം മതിയായ വിശ്രമം ഉറപ്പുവരുത്തി സെക്കൻഡ് ഡ്യൂട്ടി അനുവദിക്കാവുന്നതാണെന്നാണ് മറ്റൊരു ശുപാർശ. രണ്ട് രാത്രി ഷിഫ്ടുകൾക്ക് ഒരു ഡ്യൂട്ടി ഓഫ് നൽകാവുന്നതാണെന്ന നിർദ്ദേശവും ഉണ്ട്. 13ന് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ വീണ്ടും യോഗം ചേർന്ന് റിപ്പോർട്ടിലെ ശുപാർശയിൽ അന്തിമ തീരുമാനം കൈക്കൊള്ളും. ഡി.എ അടക്കമുള്ള ആനുകൂല്യങ്ങളുടെ പ്രഖ്യാപനവും അന്ന് ഉണ്ടായേക്കും.