തിരുവനന്തപുരം : യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ ഇന്നലെ ആരംഭിച്ച കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് അത്‌ലറ്റിക് മീറ്റിൽ ചെമ്പഴന്തി എസ്.എൻ. കോളേജിന്റെ മുന്നേറ്റം. ആദ്യദിനം മൂന്ന് സ്വർണവും ഒരു വെങ്കലവുമടക്കം 16 പോയിന്റുമായാണ് എസ്.എൻ. ചെമ്പഴന്തി മുന്നിൽ നിൽക്കുന്നത്. മൂന്ന് സ്വർണവുമായി 15 പോയിന്റ് നേടിയ തുമ്പ സെന്റ് സേവേഴ്സ് കോളേജ് രണ്ടാംസ്ഥാനത്തും ഒരു സ്വർണവും ഒരു വെള്ളിയും നേടി എട്ടു പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് കോളേജ് മൂന്നാമതുമുണ്ട്.
ഇന്നലെ പുരുഷൻമാരുടെ 1500 മീറ്ററിൽ തുമ്പ സെന്റ് സേവേഴ്സ് കോളേജിലെ അഭിനന്ദ് സുന്ദരേശൻ മീറ്റ് റെക്കാഡ് കുറിച്ചു. മൂന്ന് മിനിട്ട് 53.55 ഡെക്കൻഡിൽ ഒാടിയെത്തിയാണ് അഭിനന്ദ് റെക്കാഡ് കുറിച്ചത്.
വനിതകളുടെ 1500 മീറ്ററിൽ അഞ്ചൽ സെന്റ് ജോൺസിലെ ബി ആതിര സ്വർണവും അനഘ സന്തോഷ് വെള്ളിയും നേടി. മാർ ഇവാനിയോസിലെ സാന്ദ്ര എസ്. നായർക്കാണ് വെള്ളി.
വനിതകളുടെ ലോംഗ് ജമ്പിൽ ചെമ്പഴന്തി എസ്.എന്നിലെ ആൽഫി ലൂക്കോസ് 5.46 മീറ്റർ ചാടി സ്വർണം നേടി. എം.ജി. കോളേജിലെ എം.എസ്. വൈഷ്ണവിക്ക് വെള്ളിയും പുനലൂർ എസ്.എന്നിലെ അജ്മിക്ക് വെങ്കലവും ലഭിച്ചു. വനിതാ ഷോട്ട്പുട്ടിൽ തുമ്പ സെന്റ് സേവേഴ്സിലെ രാധിക ബിജുവിനാണ് സ്വർണം. കൊല്ലം എസ്.എൻ. വനിതയിലെ അന്ന റോബിൻ വെള്ളിയും കാര്യവട്ടം എൽ.എൻ.സി.പിയിലെ കെ. രേഷ്മ വെങ്കലവും നേടി. വനിതാ ജാവലിൻ ത്രോയിൽ എൽ.എൻ.സി.പി ഇയിലെ അഞ്ജുനാഥിന് സ്വർണം ലഭിച്ചു. ചേർത്തല സെന്റ് മൈക്കിൾസിലെ വന്ദന കൈമൾ വെള്ളിയും ചെങ്ങന്നൂർ ക്രിസ്റ്റ്യൻ കോളേജിലെ ആതിര വെങ്കലവും നേടി.
പുരുഷൻമാരുടെ ലോംഗ് ജമ്പിൽ എസ്.എൻ. ചെമ്പഴന്തിയിലെ നിർമ്മൽ സാബു 7.38 മീറ്റർ ചാടി ഒന്നാമതെത്തി. സാമുവൽ സനിൽ കുമാർ (യൂണി. കോളേജ്), മുഹമ്മദ് റിസ്‌വാൻ (സെന്റ് മൈക്കിൾസ്) എന്നിവർ രണ്ടുംമൂന്നും സ്ഥാനങ്ങളിലെത്തി.
പുരുഷൻമാരുടെ ഷോട്ട് പുട്ടിൽ ജോജി എൽദോസാണ് എസ്.എൻ ചെമ്പഴന്തിയുടെ മൂന്നാംസ്വർണത്തിനുടമ. ജാവലിൻത്രോയിൽ തുമ്പ സെന്റ് സേവേഴ്സിലെ കൃഷ്ണദേവൻ സ്വർണം നേടി.