മാവേലിക്കര: ചെട്ടികുളങ്ങരയിൽ സി.പി.എം. -ബി.ജെ.പി സമാധാന ചർച്ചയ്ക്ക് ശേഷം വീണ്ടും ആക്രമണം. ചെട്ടികുളങ്ങര പാഞ്ചയത്തംഗവും ബി.ജെ.പി കായംകുളം നിയോജക മണ്ഡലം ജനറൽ സെക്രട്ടറിയുമായ ഇരേഴ വടക്ക് ഉണ്ണിച്ചേത്ത് വീട്ടിൽ രാജേഷിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി 11.30 ഓടെ ആക്രമണം ഉണ്ടായത്. മുൻവശത്തെ രണ്ട് ജനൽ ചില്ലുകളും തകർന്നു. സമാധാന ചർച്ചയ്ക്ക് ശേഷം ഇതാദ്യമായാണ് ബി.ജെ.പി പ്രവർത്തകന്റെ വീടിനെ നേരെ ആക്രമണം ഉണ്ടാകുന്നത്. മാവേലിക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നേരത്തെ ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റിന്റെയും സി.പി.എം ലോക്കൽ കമ്മിറ്റി അംഗത്തിന്റെയും രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെയും വീടിന് നെരെ ആക്രമണം നടന്നിരുന്നു. മൂന്ന് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് മർദ്ദനവുമേറ്റിരുന്നു.
വിവിധ സംഭവങ്ങളിൽ ഒൻപതോളം ആർ.എസ്.എസ് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഘർഷം തുടരുന്നതിനിടെ കഴിഞ്ഞ ആഴ്ച ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ മാവേലിക്കര പൊലീസ് സ്റ്റേഷനിൽ വച്ച് ഇരുവിഭാഗം നേതാക്കളുമായി സമാധാന ചർച്ച നടത്തിയിരുന്നു. തുടർന്ന് ആക്രമണങ്ങൾ അവസാനിച്ചപ്പോഴാണ് ഇന്നലെ ബി.ജെ.പി നേതാവിന്റെ വീട് ആക്രമിക്കപ്പെട്ടത്.