കോട്ടയം: യന്ത്രവാൾകൊണ്ട് പിതാവിനെയും മകനെയും ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. ഇടയിരിക്കപ്പുഴ കാരമല കൊല്ലംപറമ്പിൽ കെ.ജെ.അജിമോനെയാണ് (24) ചങ്ങനാശേരിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കങ്ങഴ കൈപ്പയിൽവീട്ടിൽ സലീം (59), മകൻ സബിൻ (27) എന്നിവരെ തടി മുറിക്കുന്ന യന്ത്രവാൾ കൊണ്ട് അജിമോൻ വെട്ടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സലീമിന്റെ തോളിനും കൈത്തണ്ടയ്ക്കും ഗുരുതരമായി പരിക്കേറ്റു.

സബിന്റെ വലതുകൈയുടെ തള്ളവിരൽ മുറിഞ്ഞുതൂങ്ങി. അജിന്റെ ഒപ്പമുണ്ടായിരുന്ന അമൽ സാബുവിനെ (22) പൊലീസ് നേരത്തേ പിടികൂടിയിരുന്നു. സബിനോടുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിന് പ്രേരിപ്പിച്ചതെന്ന് അജിമോൻ പൊലീസിനോടു പറഞ്ഞു. പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്. ചങ്ങനാശേരി ഡിവൈ.എസ്.പി എസ്.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ സ്‌പെഷൽ സ്‌ക്വാഡും കറുകച്ചാൽ എസ്‌ഐ എം.കെ.ഷെമീറും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.