കോട്ടയം: സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ എ.ടി.എം കവർച്ചയും കവർച്ചാ ശ്രമവും നടത്തിയ സംഘം കൊടും ക്രിമിനലുകൾ. ദക്ഷിണേന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ എ.ടി.എം തകർത്ത് മോഷണം നടത്തിയ സംഭവങ്ങളിൽ ഇവർക്ക് ബന്ധമുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. തമിഴ്നാട്, ആന്ധ്രാ പ്രദേശ്, കർണ്ണാടക എന്നിവിടങ്ങളിലെ ഹൈവേയിലുള്ള എ.ടി.എമ്മുകൾ നാഷണൽ പെർമിറ്റ് ലോറിയിൽ കൊളുത്തി വലിച്ച് തകർത്ത് കവർച്ച നടത്തിയ മുപ്പതോളം സംഭവങ്ങൾക്ക് പിന്നിലും ഇതേ സംഘം തന്നെയാണെന്നും പൊലീസിനു സൂചന ലഭിച്ചു.
കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സംഘത്തലവൻ ഹനീഫ്, നിരവധി കേസുകളിൽ പ്രതിയായ പപ്പിസിംഗ്, നസീംഖാൻ എന്നിവരെ നാളെ പൊലീസ് സംഘം കോട്ടയത്ത് എത്തിക്കും. കഴിഞ്ഞ മാസം പന്ത്രണ്ടിനാണ് ഈ സംഘം കൊച്ചി ഇരുമ്പനത്തും, തൃശൂർ കൊരട്ടിയിലും എ.ടി.എം തകർത്ത് മോഷണം നടത്തിയത്. കോട്ടയം ജില്ലയിലെ മോനിപ്പള്ളിയിലെയും, വെമ്പള്ളിയിലെയും എ.ടി.എമ്മുകളിൽ മോഷണ ശ്രമവും നടത്തിയിരുന്നു.
കേസിൽ ആറു പ്രതികളാണ് ഉള്ളത്. എ.ടി.എം തകർക്കാൻ പരിശീലനം ലഭിച്ച മൂന്നു പേരെയാണ് ഇപ്പോൾ പൊലീസ് പിടികൂടിയിരിക്കുന്നത്. ഇനി പിടിയിലാകാനുള്ള മൂന്നു പ്രതികൾ മോഷണം നടത്തേണ്ട എ.ടി.എമ്മുകൾ കണ്ടെത്തുന്നവരാണ്. നാഷണൽ പെർമിറ്റ് ലോറിയിൽ സാധനങ്ങളുമായി എത്തുന്ന ഈ സംഘമാണ് ഒറ്റപ്പെട്ട പ്രദേശങ്ങളിലെ എ.ടി.എമ്മുകൾ കണ്ടെത്തി, മോഷണ സംഘത്തിനു വിവരം നൽകുന്നത്. തുടർന്ന് മോഷ്ടിച്ച വാഹനങ്ങളിൽ തന്നെ ഇവർ എത്തി കവർച്ച നടത്തി മടങ്ങും.
രണ്ടു വർഷം മുൻപ് തമിഴ്നാട്ടിലെയും, ആന്ധ്രയിലെയും, കർണ്ണാടകയിലെയും ഹൈവേയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിലെ എ.ടി.എമ്മുകൾ നാഷണൽ പെർമിറ്റ് ലോറിയിൽ കൊളുത്തി വലിച്ച് തകർത്ത് മോഷണം നടത്തിയിരുന്നു. എ.ടി.എം യന്ത്രം തകർന്ന് റോഡിൽ വീഴുമ്പോൾ, പണം സൂക്ഷിച്ചിരിക്കുന്ന ബോക്സുമായി കടക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. ഈ ബോക്സ് കുത്തിപ്പൊളിച്ച് പിന്നീട് പണം കവരുകയാണ് ഇവർ ചെയ്തിരുന്നതെന്നും സൂചന ലഭിച്ചിട്ടുണ്ട്.
കേരളത്തിൽ കവർച്ച നടത്തുന്നതിന് വിമാനമാർഗമാണ് മൂന്നു പ്രതികളും എത്തിയത്. കൊച്ചിയിൽ വന്നിറങ്ങിയ ശേഷം റോഡ് മാർഗം മണിപ്പുഴയിൽ എത്തി. തുടർന്ന് മണിപ്പുഴയിലെ കടയിൽ നിന്ന് പിക്കപ്പ് വാൻ മോഷ്ടിച്ചു. തുടർന്നാണ് വിവിധ സ്ഥലങ്ങളിൽ സംഘം മോഷണം നടത്തിയത്.സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ പൊലീസ് സംഘം ആദ്യം എത്തിക്കുക ചങ്ങനാശേരിയിലാവും. തുടർന്ന് പ്രാഥമിക അന്വേഷണം നടത്തി ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം, മറ്റു കേസുകളുടെ അന്വേഷണത്തിനായി വിവിധ സ്റ്റേഷനുകളിലേയ്ക്ക് കൈമാറും.