കണ്ണൂർ: സമൂഹത്തെയും രക്ഷിതാക്കളെയും ഭീതിയിലാഴ്ത്തിയ കൗമാരക്കാർക്കിടയിലെ മരണ ഗ്രൂപ്പുകളുടെ പ്രവർത്തനത്തെ കുറിച്ച് ഡി.ജി.പിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള സൈബർ വിംഗ് അന്വേഷിക്കുന്നു. വയനാട് ജില്ലയിലെ സുഹൃത്തുക്കളായ കൗമാരക്കാർ ദുരൂഹ സാഹചര്യത്തിൽ ആത്മഹത്യ ചെയ്തതാണ് നവമാധ്യമങ്ങളിൽ ഇത്തരമൊരു ഗ്രൂപ്പിനെ കുറിച്ച് സംശയങ്ങൾക്കിടയാക്കിയത്.
ഗ്രൂപ്പുകളുടെ പ്രവർത്തനം കേരളം മുഴുവനുമുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് പൊലീസ് അന്വേഷണം മുഴുവൻ ജില്ലകളിലേക്കും വ്യാപിപ്പിച്ചിരിക്കയാണ്. അതിനിടെ വിദ്യാർത്ഥികളുടെ മരണവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ ഉസ്താദ് എന്ന് വിളിക്കുന്ന ആളെ കൽപ്പറ്റ ഡിവൈ.എസ്.പി പ്രിൻസ് അബ്രഹാം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് തയ്യാറായിട്ടില്ല. ഇയാളിൽനിന്ന് മരിച്ച ഒരു വിദ്യാർത്ഥിയുടെ സുഹൃത്ത് ആറ് ലക്ഷം രൂപ വാങ്ങിയിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തതെന്നറിയുന്നു. മരണ ഗ്രൂപ്പിന്റെ അഡ്മിൻ കാസർകോട് സ്വദേശിയാണെന്ന വിവരത്തെ തുടർന്ന് കാസർകോട് സൈബർസെല്ലും അന്വേഷണം നടത്തുന്നുണ്ട്. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഡി.ജി.പിയുടെ നിയന്ത്രണത്തിലുള്ള സെൽ സംഭവം അന്വേഷിക്കുന്നത്.
ഇതിന് പുറമെ കണ്ണൂർ റേഞ്ച് ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തിനും രൂപം നല്കിയിട്ടുണ്ട്. കുടുംബത്തിലും സമൂഹത്തിലും മാന്യമായി ജീവിക്കുകയും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും താത്പര്യം കാട്ടുകയും ചെയ്യുന്ന വിദ്യാർത്ഥികളാണ് ഗ്രൂപ്പിൽ കുടുങ്ങുന്നത്. ഭീകരത ജനിപ്പിക്കുന്ന സംഗീതങ്ങൾ അമിതമായി കേൾക്കാൻ ഇഷ്ടപ്പെടുകയും ആത്മഹത്യകളെ കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കുകയും മറ്റും ഇത്തരക്കാരുടെ വിനോദമായിരിക്കുമെന്നാണ് മനഃശാസ്ത്ര വിദഗ്ധർ പറയുന്നത്.
ആത്മഹത്യ ചെയ്ത പ്ളസ് വൺ വിദ്യാർത്ഥി ഉപയോഗിച്ച മൊബൈൽ ഫോൺ പരിശോധിക്കാനുള്ള ശ്രമം ഇതേവരെ വിജയിച്ചിട്ടില്ല. കണ്ണൂർ ഫോറൻസിക് ലാബിൽ ഫോണുകൾ പരിശോധിക്കാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. അതിനിടെ മരണഗ്രൂപ്പ് എന്നത് കേവലം ഊഹാപോഹം മാത്രമാണെന്നും, മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പലതും അവാസ്തവമാണെന്നുമാണ് സൈബർസെൽ ഹെഡ്ക്വാർട്ടേഴ്സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. എന്നാലും സമൂഹത്തിന്റെ ആശങ്ക അകറ്റാൻ അന്വേഷണം തുടരുമെന്നും, വസ്തുത പുറത്തുകൊണ്ടുവരുമെന്നും സൈബർസെൽ കേന്ദ്രങ്ങൾ പറഞ്ഞു.