well

കിളിമാനൂർ: അപകടങ്ങൾ നടന്നാലേ അധികൃതർ ഉണരൂ .. ഒരു അപകടത്തിന് കാത്തിരിക്കുന്ന പോലെയാണ് കാരേറ്റ് ആയുർവേദ ആശുപത്രിക്ക് സമീപം അപകടകരമായി നില കൊള്ളുന്ന കുളത്തിനോട് അധികൃതരുടെ സമീപം. പുളിമാത്ത് പഞ്ചായത്തിൽ സംസ്ഥാന പാതയിൽ നിന്ന് നൂറു മീറ്റർ മാറി, കാരേറ്റ് - നഗരൂർ റോഡിന് സമീപമായി നില കൊള്ളുന്ന കുളമാണ് നാട്ടുകാർക്കും യാത്രക്കാർക്കും ഭീഷണിയായി തീർന്നിരിക്കുന്നത്.

കാരേറ്റ് - നഗരൂർ റോഡിൽ നിന്ന് ആയൂർ വേദ ആശുപത്രിയിലേക്കും, ദേവസ്വം ബോർഡ് ഹൈസ്കൂളിലേക്കും പോകുന്ന പാതയിൽ നില കൊള്ളുന്ന ഈ കുളത്തിന് ചുറ്റുമായി സംരക്ഷണ ഭിത്തിയോ, വേലിയോ ഇല്ലാത്തതിനാൽ എപ്പോൾ വേണമെങ്കിലും ഒരു അപകടം സംഭവിക്കാവുന്ന അവസ്ഥയാണ്. പഞ്ചായത്തിന്റെ 8 സെന്റിൽ സ്ഥിതി ചെയ്യുന്ന കുളം ജല സമൃദ്ധമാണ്. കഴിഞ്ഞ കൊടും വേനലിൽ പോലും വറ്റാതിരുന്ന കുളം ഇപ്പോൾ കാടും, പായലും നിറഞ്ഞ് നിറയെ മദ്യകുപ്പികളുമായി നില കൊള്ളുകയാണ്. കുളത്തിന് സമീപം കാടുകയറിയതോടെ കാൽനടക്കാർ കൂടുതൽ അപകടത്തിൽ ആയിരിക്കുകയാണ്. വീതി കുറവായ റോഡിൽ വലിയ വാഹനങ്ങൾ എത്തിയാൽ കാൽനടയാത്രക്കാർ കുളത്തിൽ വീണിരിക്കും.

നിലവിൽ സാമൂഹ്യ വിരുദ്ധർ മാലിന്യങ്ങൾ നിക്ഷേപിച്ചും, മദ്യ കുപ്പികൾ വലിച്ചെറിഞ്ഞും ഉപയോഗശൂന്യമാക്കിയിരിക്കുന്ന കുളം ശുദ്ധീകരിച്ച് ചുറ്റു വേലി സ്ഥാപിച്ചാൽ വരാനിരിക്കുന്ന വലിയൊര് അപകടത്തെ ഇല്ലാതാക്കാനും, നിരവധി പ്രദേശങ്ങൾക്ക് കുടിവെള്ളം എത്തിക്കാനും കഴിയുമെന്നാണ് നാട്ടുകാർ പറയുന്നു.