img234

കുന്നത്തുകാൽ: ഒരു കാലത്ത് ഗ്രാമവാസികൾക്കും അവരുടെ വളർത്തുമൃഗങ്ങൾക്കും ഒരുപോലെ ജലം പകർന്നിരുന്ന കുളങ്ങൾ ഇപ്പോൾ നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. അടുത്തിടെ ജലവകുപ്പ് നടത്തിയ പറനങ്ങളിൽ ഏതാണ്ട് എൺപതിലേറെ കുളങ്ങളാണ് വിസ്മൃതിയിലാണ്ടത്. ഒരു കുളം നശിക്കുംമ്പോൾ സമൂപത്തെ കിണറുകളും ജല ശ്രോതസുകളും വരൾച്ചയിലേക്ക് വീഴും. ഒപ്പം പ്രദേശമാകെ കുടിവെള്ള ക്ഷാമത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും. ഉദിയൻകുളങ്ങരയിലെ ഉദയൻകുളവും ഇത്തരത്തിൽ നാശത്തിലേക്ക് നീങ്ങുകയാണ്. ചെങ്കൽ പഞ്ചായത്തിലെ ഹെക്ടർ കണക്കിന് കൃഷിയിടങ്ങളിലേക്ക് ജലം നൽകിയിരുന്ന ഉദിയൻകുളം ഇന്ന് അധികൃതരുടെ അനാസ്ഥ മൂലം ചെളിയും കാടും പായലും മൂലം നശിച്ചു തുടങ്ങിയിരിക്കുകയാണ്. കുളം നിറയെ പായൽ മൂടിയിരിക്കുകയാണ്. കുളത്തിന്റെ ജല നിരപ്പ് താഴ്ന്നതോടെ സമീപത്തെ കുളങ്ങളിലും കിണറുകളിലും ജലം വറ്റിത്തുടങ്ങി. കടുത്ത വേനലിൽ പോലും വറ്റാത്ത നീരുറവ ഉണ്ടായിരുന്നഉദയൻകുളത്തിലെ ജലം വറ്റിയതോടെ സമീപത്തെ ഉറവകളുടെ നീരോട്ടവും നിലച്ചു. മുൻകാലങ്ങളിൽ വേനൽകാലമായാൽ ദുരെസ്ഥലങ്ങളിൽ നിന്നുവരെ ആളുകൾ ജലത്തിനായി ഇവിടെയെത്തുമെന്നാണ് പഴമക്കാർ പറയുന്നത്.

നവീകരണം വാഗ്ദാനമായി മാറി

ചെങ്കൽ ഗ്രാമ പഞ്ചായത്തിലെ വാർഷിക ബഡ്ജറ്റിൽ ഈ കുളം നവീകരിക്കുന്നതിന് ഇതേ വരെ തുക ഉൾക്കൊള്ളിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കടവുകളിൽ വരെ പായൽമൂടി കിടക്കുകയാണ്. രാത്രി കാലങ്ങളിൽ കുളക്കടവുകളിൽ മദ്യപാനികളുടെ ശല്യവുമേറെയായാണ്. കുളക്കടവുകളിലിരുന്ന് മദ്യപിച്ച ശേഷം മദ്യക്കുപ്പികൾ കുളത്തിലേക്കു വലിച്ചെറിയുന്നതും പതിവായി. തെരുവ് വിളക്കുകൾ ഇല്ലാത്തത്തിനാൽ ദുരെ പ്രദേശത്തു നിന്നും വാഹനങ്ങളിൽ എത്തി കുളത്തിൽ മാലിന്യങ്ങൾ കൊണ്ടിടുന്നുണ്ട്. പായലും പടർപ്പും കയറി വൃത്തിഹീനമായ നിലയിൽ ആയത്തിനാൽ സമീപവാസികളുടെ വീടുകളിലെയ്ക്ക് ഇഴജന്തുക്കൾ ചെന്നു കയറുന്നതായും പരാതിയുണ്ട്.

അടിയന്തരമായി കുളക്കടവുകൾ പുനർനിർമ്മിച്ച് കുളത്തിൽ അടിഞ്ഞുകൂടിയ പായലും ചെളിയും മാറ്റി കുളത്തെ സംരക്ഷിക്കണമെന്ന് പ്രദേശത്തെ റഡിഡൻസ് അസോസിയേഷൻ ഭരവാഹികളും നാട്ടുകാരും ആവശ്യപ്പെടുന്നു.