കിളിമാനൂർ: തട്ടത്തുമല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന തലത്തിൽ തന്നെ മാതൃകയാവുകയാണ്. പ്രീ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള എല്ലാ ക്ലാസ് റൂമുകളും സമ്പൂർണമായി ഡിജിറ്റലൈസ് ചെയ്യപ്പെട്ടതിന് പിന്നാലെ എല്ലാ കുട്ടികളുടെയും അക്കാഡമികവും സർഗാത്മകവുമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് പ്രതിഭാ ഗ്രാമം എന്ന പദ്ധതി തട്ടത്തുമല സ്കൂളിൽ നടപ്പാക്കുന്നു.
ഇതിനായി അമേരിക്കയിലെ കാലിഫോർണിയയിലെ ഗുരുകുലം എന്ന സ്ഥാപനവുമായി തട്ടത്തുമല സ്കൂൾ ചേർന്ന് പ്രവർത്തിക്കും. ഗുരുകുലത്തിലെ കുട്ടികൾക്ക് മലയാളം പഠിപ്പിക്കാനും തിരിച്ച് ഇങ്ങോട്ട് ഇംഗ്ലീഷ്, ഗണിതം എന്നിവ ഓൺ ലൈൻ ആയി പഠിക്കാനും ഈ പദ്ധതി വഴിയൊരുക്കും. സംസ്ഥാന തലത്തിൽ ആദ്യമായി നടപ്പിലാക്കുന്ന പ്രതിഭാഗ്രാമം പദ്ധതിയുടെയും, മാസ്റ്റർ പ്ലാനിന്റെ ഭാഗമായി നിർമ്മിക്കുന്ന മൂന്നുനില കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന് വൈകിട്ട് 4ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ചടങ്ങിനോടനുണ്ഡിച്ച് കിളിമാനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. രഞ്ജിത്ത്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.പി. മുരളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ ഷൈജു ദേവ്, പഴയകുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു, വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഡി. സ്മിത, ബ്ലോക്ക് മെമ്പർ ബാബു കുട്ടൻ, വാർഡ് അംഗം ജി.എൽ. അജീഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സുദർശനൻ, ബി.ജെ.പി മണ്ഡലം സെക്രട്ടറി ബിനു, ആർ.വാസുദേവൻ പിള്ള, വല്ലൂർ രാജീവ്, കെ.ജി. ബിജു, ഇ.എ. സജിം., ഗംഗാതര തിലകൻ, പി. റോയി, പി.ടി.എ പ്രസിഡന്റ് എസ്. യഹിയ, പ്രിൻസിപ്പൽ എസ്. ബാബു, ഹെഡ്മിസ്ട്രസ് എൻ.എസ്. ലക്കി എന്നിവർ പങ്കെടുക്കും.