ഒരു നൂറ്റാണ്ടു മുൻപ് വരെയും കേരളത്തിൽ അടിമ വ്യാപാരം നിലനിന്നിരുന്നു. മനുഷ്യരെ നാൽക്കാലികളെപ്പോലെ ചന്തയിൽ ക്രയവിക്രയം ചെയ്തിരുന്നു. തുച്ഛമായ പണമോ നെല്ലോ മാത്രമാണ് വില. ഉഴവുകാളകളെപ്പോലെ പണിയെടുപ്പിക്കാം. അടിമത്തത്തിനെതിരെ വിശ്വമന:സാക്ഷി ഉണർന്ന കാലത്താണ് 1855-ൽ തിരുവിതാംകൂറിൽ അടിമ സമ്പ്രദായം അവസാനിപ്പിച്ചത്. 165000 അടിമകൾ അന്നുണ്ടായിരുന്നതായി ഔദ്യോഗിക രേഖകളിൽ പറയുന്നു.
ജാതീയമായ ഉച്ചനീചത്വങ്ങളാണ് അയിത്തം എന്ന ദുരാചാരം സൃഷ്ടിച്ചത്. ചാതുർവർണ്യ വ്യവസ്ഥയുടെ ഭാഗമായ ജാതിസമ്പ്രദായമാണ് കേരളത്തിലും, അയിത്തം തുടങ്ങിയ ദുരാചാരങ്ങൾ വളർത്തിയത്. പുലപ്പേടിയും മണ്ണാപ്പേടിയും സ്ത്രീവിരുദ്ധമായ അനാചാരങ്ങളായിരുന്നു. 1696-ൽ ഉമയമ്മറാണിയുടെ കാലത്താണ് ഈ അനാചാരം അവസാനിപ്പിച്ചത്.
പത്തൊമ്പതാം നൂറ്റാണ്ടിൽ കീഴ്ജാതിക്കാരായ സ്ത്രീകൾക്ക് മാറുമറയ്ക്കാനോ ആഭരണങ്ങൾ അണിയാനോ അവകാശമില്ലായിരുന്നു. ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട ചാന്നാർ സ്ത്രീകൾ ഉയർന്ന ജാതിക്കാരെപ്പോലെ മേൽമുണ്ട് ധരിക്കാൻ തുടങ്ങി. ക്രമേണ ഹിന്ദുക്കളായ ചാന്നാർ സ്ത്രീകളും മേൽമുണ്ട് ധരിക്കാൻ തുടങ്ങിയപ്പോൾ സവർണർ കലഹം കൂട്ടി. പലയിടത്തും ലഹളകൾ രൂപംകൊണ്ടു.
ചാന്നാർ സ്ത്രീകളുടെ പ്രക്ഷോഭണത്തെ സർക്കാരും പൊലീസും അടിച്ചമർത്താൻ ശ്രമിച്ചു. ബ്രിട്ടീഷ് ഭരണകൂടം ചാന്നാർ സ്ത്രീകളുടെ വേഷസ്വാതന്ത്ര്യ വാദത്തെ അനുകൂലിച്ചു. മദ്രാസ് ഗവർണറായിരുന്ന ഹാരിസ് പ്രഭുവിന്റെ നിർദ്ദേശപ്രകാരം 1859-ൽ തിരുവിതാംകൂർ സർക്കാർ വിളംബരം പുറപ്പെടുവിച്ചു. അവർണർക്ക് ക്ഷേത്രങ്ങളിൽ ആരാധനാസ്വാതന്ത്ര്യം നിഷേധിച്ചിരുന്നത് അയിത്തത്തിന്റെ പ്രാകൃത രൂപമായിരുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ബ്രാഹ്മണ പൗരോഹിത്യത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ശ്രീനാരായണ ഗുരു അരുവിപ്പുറത്ത് ശിവലിംഗ പ്രതിഷ്ഠ നടത്തിയത്. ഇതിനെ ചോദ്യം ചെയ്തവരെ താൻ ഈഴവ ശിവനെയാണ് പ്രതിഷ്ഠിച്ചതെന്ന ലളിതമായ മറുപടി കൊണ്ട് ഗുരു നിശ്ശബ്ദനാക്കി. പ്രതിഷ്ഠാകർമ്മം ഉൾപ്പെടെ ആഢ്യബ്രാഹ്മണർക്ക് അവകാശപ്പെട്ട എല്ലാ അവകാശങ്ങളും പിന്നാക്ക സമുദായക്കാർക്ക് ഗുരു നേടിക്കൊടുത്തു.
ഈ സാമൂഹ്യവിപ്ളവത്തിന് ശേഷവും കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളിൽ അവർണർക്ക് പ്രവേശനമുണ്ടായിരുന്നില്ല. ക്ഷേത്രങ്ങൾ എന്ന ദൈവസന്നിധിയിൽ എത്തിയാൽ മാത്രമേ മോക്ഷമുണ്ടാകൂവെന്ന് വിശ്വസിച്ചിരുന്നവർക്ക് ക്ഷേത്രപ്രവേശനം ജീവൽപ്രധാനമായ ആവശ്യമായിരുന്നു. ക്ഷേത്രങ്ങൾക്ക് സമീപമുള്ള റോഡുകളിൽ പോലും അയിത്ത ജാതിക്കാർക്ക് പ്രവേശിക്കാനാവാത്ത ദുരവസ്ഥ. ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായിരുന്ന വൈക്കം സത്യാഗ്രഹവും ഗുരുവായൂർ സത്യാഗ്രഹവും സൃഷ്ടിച്ച സാമൂഹ്യ മുന്നേറ്റമാണ് 1936-ലെ ക്ഷേത്രപ്രവേശന വിളംബരത്തിന് വഴിയൊരുക്കിയത്.
അയിത്ത ജാതിക്കാർക്ക് വഴിനടക്കാനുള്ള സഞ്ചാരസ്വാതന്ത്ര്യത്തിനു വേണ്ടിയാണ് അയ്യങ്കാളി പൊരുതിയത്. ഭരണവർഗവുമായി ഏറ്റുമുട്ടി വിജയം വരിച്ച അയ്യങ്കാളി, സ്വസമുദായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയാണ് യത്നിച്ചത്. അധഃസ്ഥിത വിഭാഗത്തിൽ നിന്നും ബിരുദധാരികളെയും ഉദ്യോഗസ്ഥരെയും സൃഷ്ടിക്കാനുള്ള ക്രാന്ത്രദർശിത്വമാണ് അയ്യങ്കാളി പ്രകടിപ്പിച്ചത്. വിദ്യാഭ്യാസത്തിലൂടെയുള്ള സാമൂഹ്യ ഉദ്ധാരണം എന്ന അയ്യൻകാളിയുടെ ലക്ഷ്യത്തിന് ശ്രീനാരായണ ഗുരുവിന്റെ പിന്തുണ ലഭിച്ചു. വിദ്യകൊണ്ട് കേരളീയർ പ്രബുദ്ധരായി.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ വിദ്യാഭ്യാസം നേടിയ കേരളീയ യുവത്വം തങ്ങളുടെ സമുദായത്തിലെ അനാചാരങ്ങൾക്കെതിരെ ശബ്ദമുയർത്തി. മതപരമായ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി രൂപപ്പെട്ട വിവാഹരീതികളും സ്ത്രീ - പുരുഷ ബന്ധവും അപരിഷ്കൃതമായിരുന്നു. സ്വത്തവകാശ കാര്യത്തിലെ അസമത്വങ്ങളും വിവേചനങ്ങളും ഉൽപ്പതിഷ്ണുക്കളായ യുവാക്കളെ രോഷാകുലരാക്കി. എല്ലാ സമുദായങ്ങളിലും സാമൂഹ്യ പരിഷ്കരണത്തിന്റെ കാഹളം മുഴങ്ങി.
മന്നത്തു പത്മനാഭന്റെ നേതൃത്വത്തിൽ രൂപമെടുത്ത നായർ സർവീസ് സൊസൈറ്റി മരുമക്കത്തായ കൂട്ടുകുടുംബ സമ്പ്രദായത്തിൽ നിന്നും സമുദായത്തെ മോചിപ്പിക്കാൻ ദൃഢവ്രതമെടുത്തു. താവഴികളും ഉപതാവഴികളുമായി ഭിന്നിച്ചു കിടക്കുന്ന തറവാടുകൾക്കു പകരം മക്കത്തായ ദായക്രമ പ്രകാരം ചെറിയ കുടുംബങ്ങളും ആളോഹരി വരുമാനവും ഉണ്ടായി. വ്യക്തികൾക്ക് സ്വത്തവകാശം ലഭിച്ചെങ്കിലും തറവാടുകൾ പലതായി വിഭജിക്കപ്പെട്ടു. തർക്കങ്ങൾ മൂലം കോടതികളിൽ വ്യവഹാരങ്ങൾ കുന്നുകൂടി.
സാമൂഹ്യ ജീവിതത്തിലും കുടുംബ വ്യവസ്ഥയിലും സ്ത്രീകളുടെ പ്രാമാണ്യം വർദ്ധിച്ചു. താലികെട്ടുകല്യാണം, തിരണ്ടുകുളി, പുളികുടി തുടങ്ങിയ അനാചാരങ്ങൾ അവസാനിപ്പിച്ചു. ചടങ്ങുകളിൽ പലവിധ മാറ്റങ്ങൾ വരുത്തി വിവാഹരീതി പരിഷ്കരിച്ചു. ശൈശവ വിവാഹം അവസാനിച്ചു. വിധവകൾക്ക് പുനർവിവാഹം സാദ്ധ്യമായി.
ലോക മഹായുദ്ധത്തിനുശേഷം ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടപ്പോൾ, റേഷൻ കടകൾക്കു മുമ്പിൽ എല്ലാ ജാതിക്കാരും ക്യൂനിന്നു. നിയമങ്ങളേക്കാൾ തീണ്ടലും തൊടീലും മറ്റ് അനാചാരങ്ങളും തകർത്തത് അരിയ്ക്കും ഗോതമ്പിനും വേണ്ടിയുള്ള ക്യൂവാണ്. വിശപ്പിനു മുമ്പിൽ എല്ലാ ജാതിക്കാരും തൊട്ടുരുമ്മി നിന്നു. വിശപ്പിന് ജാതിയും മതവുമില്ലല്ലോ.
കേരളത്തിൽ ഈ വർഷം പ്രളയമുണ്ടായപ്പോൾ രക്ഷാപ്രവർത്തനത്തിലും ദുരിതാശ്വാസ സഹായത്തിലും ജാതിയും മതവും മറന്ന് കേരളീയർ ഒരമ്മപെറ്റ മക്കളെപ്പോലെ ഒരുമിച്ചു. ദുരിതാശ്വാസ ക്യാമ്പുകളിൽ സമുദായ മൈത്രിയുടെയും മാനവികതയുടെയും ഉണർത്തുപാട്ടുകൾ മുഴങ്ങി. ആപത്തു വന്നാൽ ഉച്ചനീചത്വങ്ങളുടെ ഉടയാടകൾ മലയാളി വലിച്ചെറിയും.
മനുഷ്യൻ സൃഷ്ടിച്ച മതങ്ങൾ തന്നെയാണ് മനുഷ്യനെ വിഭജിച്ചത്. ജാത്യാചാരങ്ങൾ ലംഘിക്കുന്നത് പാപമാണെന്നാണ് ബ്രാഹ്മണനും ചണ്ഡാലനും ഒരുപോലെ വിശ്വസിച്ചത്. ഇന്നാകട്ടെ, ജാതിയുടെ അടിസ്ഥാനം സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങളാണ്. സാമൂഹ്യബന്ധങ്ങൾ ജാതിയുടെ സങ്കുചിത വലയത്തിനുള്ളിലാണ്. കുഴിച്ചു മൂടിയ പഴയ അനാചാരങ്ങൾ ഇപ്പോൾ ഉയരുന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭീകരമായ സ്ഥാപിത താത്പര്യങ്ങളാണ്.