
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായി തൊഴിൽവകുപ്പ് ആവിഷ്‌കരിച്ച ആവാസ് ഇൻഷ്വറൻസ് പദ്ധതിയെ 'അഷ്വറൻസ്" ആക്കാൻ സർക്കാർ തീരുമാനിച്ചു. ചിയാക്കിന്റെ 'ചിസ് പ്ളസ്" പദ്ധതിയുമായി ബന്ധിപ്പിച്ചാണ് ചികിത്സാ സഹായം നൽകുക.
തൊഴിലാളികൾ ചേരാൻ താത്പര്യം കാണിക്കാത്തതാണ് പദ്ധതി പാളാൻ കാരണം. ഒക്ടോബർ 31 വരെ മൂന്ന് ലക്ഷം പേരാണ് ചേർന്നത്. അഞ്ചുലക്ഷം പേരെങ്കിലും ചേർന്നാലേ ഇൻഷ്വറൻസ് കമ്പനികൾ സ്‌കീമുമായി സഹകരിക്കൂ. അംഗങ്ങൾ കുറഞ്ഞാൽ പ്രീമിയം തുക വർദ്ധിക്കും. ഇത് സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയാകും. പ്രളയസമയത്ത് നല്ലൊരു ശതമാനം ഇതരസംസ്ഥാന തൊഴിലാളികളും തിരിച്ചു പോയിരുന്നു.
അംഗത്വം അഞ്ച് ലക്ഷമെത്തിയാൽ ഇൻഷ്വറൻസ് പരിഗണിക്കും. പദ്ധതിയിൽ അംഗങ്ങളെ ചേർക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയിട്ടുണ്ട്.
അപകടമുണ്ടായാൽ 15,000 രൂപയുടെ ചികിത്സാസഹായവും, മരിച്ചാൽ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും കിട്ടും. ഇപ്പോൾ സർക്കാരാണ് ഇത് നൽകുന്നത്. ചികിത്സയുടെ ബില്ലുകൾ ഹാജരാക്കുന്ന മുറയ്‌ക്ക് സാമ്പത്തിക സഹായം നൽകും. മരിക്കുന്നവരുടെ ആശ്രിതർക്കുള്ള സഹായം ജില്ലാ ലേബർ ഓഫീസർമാർക്ക് നേരിട്ട് നൽകാം.
# ഇൻഷ്വറൻസും അഷ്വറൻസും
ആവാസ് പദ്ധതിയിലെ അംഗങ്ങൾക്ക് കാർഡുപയോഗിച്ച് വർഷത്തിൽ 15,000 രൂപയുടെ വരെ ചികിത്സാസഹായം ലഭ്യമാക്കുകയായിരുന്നു ഇൻഷ്വറൻസിന്റെ ലക്ഷ്യം. ഇത് നടപ്പാകാത്തതിനാൽ ഇപ്പോൾചികിത്സാ ബില്ല് ജില്ലാ ലേബർ ഓഫീസിൽ നൽകി പണം കൈപ്പറ്റുകയാണ്. എന്നാൽ അഷ്വറൻസ് സ്‌കീമിലേക്ക് മാറിയതോടെ ചികിത്സയുടെ പണം ചിയാക്ക് നൽകും. തൊഴിൽ വകുപ്പ് ഈ പണം പിന്നീട് ചിയാക്കിന് കൈമാറും.