തിരുവനന്തപുരം: തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും രാത്രി സുരക്ഷിതമായ അഭയം നൽകാൻ എന്റെ കൂടൊരുങ്ങി.
സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ തമ്പാനൂർ ബസ് ടെർമിനലിൽ എട്ടാം നിലയിലാണ് എന്റെ കൂടെന്ന രാത്രികാല ആഭയകേന്ദ്രം. ഉദ്ഘാടനം ഇന്നലെ മന്ത്രി കെ.കെ. ശൈലജ നിർവഹിച്ചു. പദ്ധതി ഒരുവർഷം മുൻപ് കോഴിക്കോടാണ് ആദ്യം തുടങ്ങിയത്. പദ്ധതി എല്ലാ പ്രധാന നഗരങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാ ഭരണകൂടം, പൊലീസ് വകുപ്പ്, വിവിധ സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോട് കൂടി ജില്ലാ സാമൂഹ്യനീതി ഓഫീസറുടെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഉദ്ഘാടനത്തിൽ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ബിജു പ്രഭാകർ, സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ജാഫർമാലിക് , സാമൂഹ്യ സുരക്ഷ മിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് അഷീൽ, സാമൂഹ്യ നീതി വകുപ്പ് അസി. ഡയറക്ടർ സുഭാഷ് കുമാർ, ജില്ലാ ഓഫീസർ സബീന ബീഗം എന്നിവർ പങ്കെടുത്തു.
എന്റെ കൂടിങ്ങനെ
നഗരത്തിൽ എത്തിച്ചേരുന്ന നിർദ്ധനരായ വനിതകൾക്കും കൂടെയുള്ള 12 വയസുവരെയുള്ള കുട്ടികൾക്കും വൈകിട്ട് 5 മുതൽ രാവിലെ 7 വരെ സുരക്ഷിതമായ വിശ്രമം തികച്ചും സൗജന്യം.
50 പേർക്ക് ഒരേസമയം താമസിക്കാം.
സമ്പൂർണമായും ശീതികരിച്ച മുറികൾ.
സൗജന്യ ഭക്ഷണവും ടി വിയും മുഴുവൻ സമയ സെക്യൂരിറ്റിയുമുണ്ട്.
അടുക്കളയും ശുചിമുറികളും ഉണ്ട്.
23 ലക്ഷം രൂപയാണ് എന്റെകൂടിനായി മാറ്റിവച്ചിരിക്കുന്നത്.
സുരക്ഷ, സൗജന്യ ഭക്ഷണം
രണ്ടു വാച്ച്മാൻമാർ, മാനേജർ, രണ്ടു മിസ്ട്രസ്‌മാർ, ഒരു സ്‌കാവഞ്ചർ എന്നിങ്ങനെ ആറുപേരാണ് മേൽനോട്ടവും സുരക്ഷയും ഉറപ്പു വരുത്തുന്നത്.സൗജന്യ ഭക്ഷണത്തിനായി ഇവിടെ നിന്ന് കൂപ്പൺ വാങ്ങി ടെർമിനലിലെ നിശ്ചിത ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാം.