കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽപ്പെട്ട തട്ടാംകുന്നിലെ ശ്‌മശാനഭൂമി സംരക്ഷിക്കണമെന്നാവശ്യം ശക്തം. നാവായിക്കുളം വില്ലേജിൽ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിന് കിഴക്കുഭാഗത്ത് നാവായിക്കുളം - തുമ്പോട് റോഡിൽ 60 സെന്റിലാണ് ശ്‌മശാനം. ശ്മശാന ഭൂമിയിലെ കൈയേറ്റത്തെക്കുറിച്ച് നാട്ടുകാർ അധികൃതരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. നൂറ്റാണ്ടിലധികം പഴക്കമുള്ള ശ്‌മശാനം ബ്രാഹ്മണ സമൂഹം പണ്ട് സംസ്കാരത്തിനുപയോഗിച്ചിരുന്നു. എന്നാൽ നാവായിക്കുളത്തെ ബ്രാഹ്മണസമൂഹം പലയിടങ്ങളിലായി ചേക്കേറിയതോടെ ശ്‌മശാനഭൂമി അന്യാധീനമായി. 35 വർഷമായി ഇവിടെ ശവസംസ്‌കാരം നടത്തിയിട്ട്.
ഉടമസ്ഥരില്ലാതെ കൈയേറ്റ ഭീഷണിയിലുള്ള ഈ സ്ഥലം പാരമ്പര്യ സ്മാരകമായി സംരക്ഷിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് 2009 -ൽ നാവായിക്കുളം പഞ്ചായത്ത് ഭരണസമിതി കളക്ടർ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകി. പ്രശ്നം പരിഹരിക്കാൻ വന്ന അന്നത്തെ തഹസിൽദാർ സംരക്ഷണം ഉറപ്പുനൽകിയതുമാണ്. അഞ്ചു വർഷത്തിനു മുമ്പ് ശ്‌മശാനം കൈയേറുന്നതായുള്ള പരാതി ലഭിച്ചതിനെ തുടർന്ന് ബ്രാഹ്മണ സമൂഹത്തിന്റെ സംരക്ഷണച്ചുമതല വഹിക്കുന്ന മുഞ്ചിറ മഠത്തിലെ സ്വാമിയാർ ശങ്കരാനന്ദ ബ്രഹ്മാനന്ദഭൂതിയുടെ ആഹ്വാനപ്രകാരം അഖില കേരള വൈദിക സുരക്ഷാസമിതി സംസ്ഥാന പൊതുകാര്യദർശിയും മുഞ്ചിറമഠം മാനേജരുമായ കന്യാകുളങ്ങര ആർ. സുബ്രഹ്മണ്യൻപോറ്റി, നാരായണൻപോറ്റി, ഓമനക്കുട്ടൻ, നന്ദനാർ പണ്ടാരത്തിൽ തുടങ്ങിയവർ സ്ഥലം സന്ദർശിക്കുകയും ഭൂമി സംരക്ഷിച്ച് ബ്രാഹ്മണ സമുദായങ്ങളുടെയും മറ്റ് ഇതര സമുദായങ്ങളുടെയും ശവസംസ്കാരങ്ങൾക്ക് ഭാവിയിലുപയോഗിക്കുന്ന തരത്തിൽ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പുനൽകിയിരുന്നു. ഇതും പാലിക്കപ്പെട്ടിട്ടില്ല. പൊതു ശ്മശാനം ഇല്ലാത്ത നാവായിക്കുളം പഞ്ചായത്തിന് അന്യാധീനപ്പെട്ടുപോകുന്ന പ്രസ്തുത വസ്തു ലഭിച്ചാല്‍ പൊതു വൈദ്യുത ശ്മശാനത്തിന് ഉപയോഗപ്പെടുത്താമെന്നാണ് നാട്ടുകാരുടെ വിലയിരുത്തല്‍. അതിനാല്‍ ശ്മശാനം സംരക്ഷിക്കപ്പെടനമെന്നാവശ്യം ശക്തമാണ്.