പൂർണമായും നിർമ്മാർജ്ജനം ചെയ്തുവെന്നു കരുതപ്പെട്ടിരുന്ന കുഷ്ഠരോഗം ചെറിയ തോതിലാണെങ്കിലും ഇന്നും സംസ്ഥാനത്ത് കാണപ്പെടുന്നു എന്നത് അങ്ങേയറ്റം ഉത്കണ്ഠാജനകമാണ്. പുതുതായി ആർക്കും രോഗബാധയില്ലെന്ന സ്ഥിരീകരണത്തിന്റെ അടിസ്ഥാനത്തിലാണ് 2005 ൽ കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്യപ്പെട്ടുകഴിഞ്ഞു എന്ന പ്രഖ്യാപനമുണ്ടായത് . എന്നാൽ തുരത്തിയെന്ന് കരുതപ്പെടുന്ന പല മഹാരോഗങ്ങളെയും പോലെ അഭിശപ്തമായ കുഷ്ഠരോഗവും അങ്ങിങ്ങ് തലപൊക്കാൻ തുടങ്ങിയെന്ന കണ്ടെത്തൽ അതീവ ഗൗരവത്തോടെ വേണം കാണാൻ. സംസ്ഥാനത്ത് ആരോഗ്യ വകുപ്പിന്റെ കീഴിൽ ഇക്കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്തംബർ വരെ നടന്ന സർവേയിൽ 273 പുതിയ കേസുകൾ കണ്ടെത്തിയിരുന്നു . രോഗബാധിതരിൽ 21 പേർ കുട്ടികളാണെന്നതാണ് ഏറെ ഉത്കണ്ഠയ്ക്ക് കാരണമാകുന്നത്. മൂന്നുവർഷത്തിനിടെ കുട്ടികളിലെ രോഗവർദ്ധന 6.9 ശതമാനത്തിൽ നിന്ന് 9.42 ശതമാനമായിട്ടാണ് ഉയർന്നത്. വായുവിലൂടെ പകരുന്ന രോഗമായതിനാൽ പുതുതായി രോഗബാധ കണ്ടെത്തിയ സ്ഥലങ്ങളിൽ വിപുലമായ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട് . ജനങ്ങളുടെ പരിപൂർണമായ സഹകരണം ഇതിന് ആവശ്യമാണ്. ആരോഗ്യവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് ലെപ്രസി വിംഗിന്റെ നേതൃത്വത്തിൽ ഡിസംബർ അഞ്ച് മുതൽ 18 വരെ എട്ട് ജില്ലകളിൽ ഗൃഹസർവേ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഒരു ആശാ വർക്കറും പരിശീലനം ലഭിച്ചിട്ടുള്ള പുരുഷ വോളന്റി യറും ചേർന്ന് ഒാരോ വീടും കയറിയിറങ്ങി വിവരം ശേഖരിക്കും.സംശയമുള്ളവരെ ഇവർ പരിശോധിച്ച് രോഗസ്ഥിരീകരണം ഉറപ്പാക്കും. രോഗം പ്രാരംഭഘട്ടത്തിൽ കണ്ടെത്തിയാൽ മറ്റു ഏതൊരു രോഗത്തെയും പോലെ കുഷ്ഠവും പൂർണമായി ഭേദമാക്കാൻ കഴിയുമെന്നാണ് ആരോഗ്യ വിദഗ്ദ്ധർ നൽകുന്ന ഉറപ്പ്. അതുകൊണ്ട് രോഗബാധിതരെന്നു സംശയിക്കുന്നവർ മറച്ചുവയ്ക്കാതെ ചികിത്സ തേടാൻ മുന്നോട്ടു വരേണ്ടതുണ്ട് . പകരുന്നതും പകരാത്തതുമായ രണ്ടിനം കുഷ്ഠരോഗമാണുള്ളത് . രണ്ടും പൂർണമായി ചികിത്സിച്ച് ഭേദമാക്കാനും കഴിയും. അത്യാധുനിക ചികിത്സാമുറകളും ഒൗഷധങ്ങളും ഇന്ന് കൈപ്പിടിയിൽത്തന്നെ ഉണ്ട്. കുഷ്ഠരോഗത്തോട് പണ്ട് കാലത്ത് സമൂഹം പുലർത്തിയിരുന്ന സമീപനത്തിലും ഇപ്പോൾ ഏറെ മാറ്റംവന്നിട്ടുണ്ട് കുഷ്ഠരോഗം സൃഷ്ടിക്കുന്ന വൈകല്യമാണ് ജനങ്ങളെ ഏറെ ഭീതിപ്പെടുത്തിയിരുന്നത് . യഥാസമയം ചികിത്സ എടുത്താൽ വൈകല്യം ഒഴിവാക്കാമെന്ന് മാത്രമല്ല കുറഞ്ഞകാലംകൊണ്ട് തന്നെ രോഗം പൂർണമായും ഭേദമാക്കാനും സാധിക്കും.
കുഷ്ഠരോഗം നിർമ്മാർജ്ജനം ചെയ്തതായുള്ള 2005 ലെ പ്രഖ്യാപനത്തിനുശേഷം ഇൗ രംഗത്ത് വേണ്ടത്ര ശ്രദ്ധ പുലർത്താതെ പോയതാണ് രോഗവ്യാപനത്തിന് വഴിയൊരുക്കിയതെന്ന് വിമർശനമുയർന്നിട്ടുണ്ട്. രോഗവർദ്ധന സംബന്ധിച്ച സ്ഥിതിവിവരങ്ങൾ അത് ശരിവയ്ക്കുന്നു. ആരോഗ്യവകുപ്പിനൊപ്പം ജനങ്ങളും ജാഗ്രതക്കുറവ് കാണിക്കുമ്പോഴാണ് മഹാമാരികൾ പലതും വർദ്ധിച്ച ഭീഷണിയായി മനുഷ്യരെ ഭയപ്പെടുത്താറുള്ളത്. തുടച്ചുമാറ്റിയെന്ന് അവകാശപ്പെട്ടിരുന്ന പല രോഗങ്ങളും വീണ്ടും തലപൊക്കിയതായി ഇടയ്ക്കിടെ വാർത്തകൾ വരുന്നുണ്ട്. വസൂരി, പോളിയോ എന്നിവ ഉദാഹരണം. രാജ്യത്തെ പോളിയോ മുക്തമാക്കുന്നതിന് ദേശീയതലത്തിൽ എത്രയോ വലിയ യത്നമാണ് ഇപ്പോഴും നടന്നുകൊണ്ടിരിക്കുന്നത്. ശിശുക്കൾക്ക് ഏറെ ഭീഷണിയായ ഡിഫ്തീരിയ, വില്ലൻചുമ, പോളിയോ എന്നീ മാരക രോഗങ്ങൾക്കെതിരെ രാജ്യത്ത് ഒരേസമയം പ്രതിരോധ വാക്സിൻ നൽകാറുണ്ട്. ഇതിനെതിരെ പോലും വിമർശനങ്ങളും ആക്ഷേപങ്ങളും കുപ്രചാരണവും ഉണ്ടാകാറുണ്ട്. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായിനടത്തുന്ന പല രോഗ പ്രതിരോധയജ്ഞങ്ങൾക്കെതിരെയും സംഘടിതമായ നീക്കങ്ങളുണ്ടാകാറുണ്ട്. തെറ്റായ ധാരണകളും അന്ധവിശ്വാസവും മറ്റുമാണ് ഇത്തരം പ്രതിലോമ ചിന്തകളിലേക്ക് അവരെ നയിക്കുന്നത്. സ്കൂൾ തലത്തിൽ നടത്താറുള്ള ആരോഗ്യ സർവേകളാണ് പലപ്പോഴും ഏറെ പ്രയോജനം ചെയ്യാറുള്ളത്.
കുഷ്ഠരോഗവ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതുതന്നെ സ്കൂളുകൾ കേന്ദ്രീകരിച്ചു നടന്ന പരിശോധനകളിലാണ്. രോഗം കണ്ടെത്തിക്കഴിഞ്ഞാൽ ഏറ്റവും നല്ല ചികിത്സാവിധികൾ ഇന്ന് ലഭ്യമാണ് . രോഗം പടരാതിരിക്കാനുള്ള മുൻകരുതലും യഥാസമയം എടുക്കാനാവും. തിരുവനന്തപുരം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ എട്ട് ജില്ലകളിലാണ് ഡിസംബർ അഞ്ച് മുതൽ ആരോഗ്യപ്രവർത്തകർ ഗൃഹസന്ദർശനം നടത്തി കുഷ്ഠരോഗ സർവേ നടത്തുന്നത്. രോഗമില്ലെന്ന് ഉറപ്പാക്കുന്നതിനൊപ്പം രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താനും സർവേ ഉപകരിക്കും. ജനങ്ങളുടെ സർവാത്മനായുള്ള സഹകരണം കൊണ്ടേ ഇൗ മഹത്തായ ദൗത്യം വിജയിപ്പിക്കാനാവൂ . വീട്ടിലെത്തുന്ന ആരോഗ്യപ്രവർത്തകരെ പടിവാതിലിൽ വച്ചുതന്നെ പറഞ്ഞുവിടാതെ ദൗത്യനിർവഹണത്തിന് അവരോട് പൂർണമായും സഹകരിക്കാൻ ഏവരും മുന്നോട്ടുവരണം.