ആറ്റിങ്ങൽ: ആറ്റിങ്ങലിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ പൂവമ്പാറ മുതൽ മൂന്നുമുക്കു വരെയുള്ള ദേശീയപാത നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിന് പാതയോരത്തെ പുറമ്പോക്ക് ഭൂമിയേറ്റെടുക്കൽ ആരംഭിച്ചു. പുറമ്പോക്കും സർക്കാർ വകഭൂമിയും ഏറ്റെടുത്താണ് പദ്ധതിയുടെ ആദ്യഘട്ടത്തിന് ഇന്നലെ തുടക്കമിട്ടത്. ജെ.സി.ബി ഉപയോഗിച്ച് മിനി സിവിൽസ്റ്റേഷന്റെ മതിൽ പൊളിച്ചുകൊണ്ട് നടപടികൾ ആരംഭിച്ചു. കച്ചേരിനടയിൽ പൊലീസ് സ്‌റ്റേഷനിലേക്കുള്ള റോഡ് തുടങ്ങുന്നിടത്തുനിന്ന് നാലുമുക്കിലേക്കുള്ള ഭാഗമാണ് ഇന്നലെ പൊളിച്ചത്. പുറമ്പോക്ക് കൈയേറ്റം പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് നോട്ടീസ് നൽകിയിരുന്നു. സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട് ബുധനാഴ്ച വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ഹിയറിംഗ് നടന്നിരുന്നു. റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കടകൾ പൊളിച്ചുമാറ്റാൻ സമയം വേണമെന്നും ഒഴിപ്പിക്കുന്നവരെ പുനരധിവസിപ്പിക്കാൻ സൗകര്യം ഒരുക്കിയ ശേഷം പദ്ധതി നടപ്പാക്കണമെന്നുമാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും ആവശ്യപ്പെട്ടത്. എന്നാൽ നടപടിക്രമങ്ങൾ നിയമപ്രകാരം നടന്നെന്നും നോട്ടീസിൽ സമയം അനുവദിച്ചെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ വാദം. ഇതേ തുടർന്ന് ചർച്ച വാക്കേറ്റത്തിലാണ് അവസാനിച്ചത്. ഇന്നലെ രാവിലെ പുറമ്പോക്കിലെ കടകൾ പൊളിക്കാൻ നഗരസഭയും റവന്യൂ അധികൃതരും സജ്ജീകരണങ്ങളോടെ എത്തിയപ്പോഴും വ്യാപാരി സംഘടനാ നേതാക്കൾ തടസവുമായെത്തി. തുടർന്ന് ഇവർ എം.എൽ.എയെ സമീപിച്ച് പുനരധിവാസം ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്ന് എം.എൽ.എ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. കടകൾ പൊളിച്ചുനീക്കുന്നതിന് 4.8 ലക്ഷത്തിനും മതിലുകൾ പുനർ നിർമ്മിക്കുന്നതിന് 46 ലക്ഷത്തിനുമാണ് കരാർ നൽകിയത്. റവന്യൂ അധികൃതരും ദേശീയപാതാവിഭാഗം ഉദ്യോഗസ്ഥരും നടപടികൾക്ക് നേതൃത്വം നൽകി. കടകൾ പൊളിച്ചുമാറ്റുന്നത് കാണാൻ നിരവധിപേരാണ് കച്ചേരി ജംഗ്ഷനിൽ എത്തിയത്.