തിരുവനന്തപുരം : എല്ലാവർക്കും പ്രിയങ്കരനായിരുന്ന സനലിന്റെ ജീവിതം ഒരു നിമിഷംകൊണ്ട് ഇല്ലാതായതിന്റെ ഞെട്ടലിൽ തരിച്ചുനിൽക്കുകയാണ് നെയ്യാറ്റിൻകരയിലെ കൊടങ്ങാവിള ഗ്രാമം. നാടിനെ പിടിച്ചുലച്ച ക്രൂരമായ സംഭവങ്ങളുണ്ടായത് അവണാകുഴിയിലേക്കുള്ള ചെറിയ റോഡിലാണ്. സുൽത്താന ഫാസ്റ്റ്‌ഫുഡ് എന്ന ഹോട്ടലിന്റെ മുന്നിലാണ് കാവുവിളയിലെ സനലിന്റെ ജീവനെടുത്ത സംഭവങ്ങളുണ്ടായത്. മൂന്നു ദിവസമായിട്ടും അനിഷ്ടസംഭവങ്ങൾക്ക് സാക്ഷിയായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ആ നിമിഷങ്ങൾ പ്രദേശവാസികൾ ഓർക്കുന്നതിങ്ങനെ - 'പതിവുപോലെ ഇലക്ട്രിക്കൽ ജോലി കഴിഞ്ഞ് മക്കൾക്കുള്ള ഭക്ഷണം വാങ്ങാൻ സുൽത്താനയിലെത്തിയതായിരുന്നു സനൽ. എതിർവശത്തുള്ള ജുവലറിയുടമ ബിനുവിന്റെ വീട്ടിനു മുന്നിൽ ഡിവൈ.എസ്.പി ബി. ഹരികുമാറിന്റെ സ്വകാര്യ വാഹനം നിറുത്തിയിട്ടിരുന്നു. ഇതിനു മുന്നിൽ സനൽ തന്റെ ആൾട്ടോ കാർ പാർക്ക് ചെയ്തു. തിങ്കളാഴ്ച രാത്രി 10ന് ബിനുവിന്റെ വീട്ടിൽ നിന്നിറങ്ങിയ ഡിവൈ.എസ്.പിക്ക് കാറെടുക്കാൻ കഴിഞ്ഞില്ല. കുപിതനായ ഡിവൈ.എസ്.പി സനലിന്റെ കാറിന്റെ ഡോറിൽ ആഞ്ഞുചവിട്ടി. ശബ്ദം കേട്ട് സനൽ ഹോട്ടലിൽ നിന്നിറങ്ങി വന്നു. കാറിലേക്ക് കയറാൻ തുടങ്ങുമ്പോൾ ഡിവൈ.എസ്.പി രണ്ട് തവണ സനലിന്റെ ചെകിട്ടത്തടിച്ചു. ഇതിനിടെ കാറെടുത്ത് മുന്നോട്ടിട്ട ശേഷം സനൽ തിരിച്ചെത്തി. 'നീ ഇതുവരെ പോയില്ലേടാ" എന്നു ചോദിച്ച് ഡിവൈ.എസ്.പി സനലിന്റെ കൈകൾ പിന്നിലേക്ക് പിടിച്ചു തിരിച്ചു. വേദനകൊണ്ട് പുളഞ്ഞ സനൽ ഇത് തടഞ്ഞപ്പോഴാണ് റോഡിൽ തള്ളിയിട്ടത്. ഇതിനിടെ അവണാകുഴി ഭാഗത്തു നിന്ന് പാഞ്ഞുവന്ന കാർ സനലിന്റെ ദേഹത്തുകൂടി കയറിയിറങ്ങി. തുടർന്ന് ഒരു കൂട്ടം ചെറുപ്പക്കാൻ ഡിവൈ.എസ്.പിയെ അരക്കിലോമീറ്ററോളം ഓടിച്ചു. ഇരുളിലേക്ക് ഓടിമറഞ്ഞ ഡിവൈ.എസ്.പിയെ ബിനു കാറുമായെത്തി രക്ഷിച്ചുകൊണ്ടുപോയി". രാത്രിയിലുള്ള വരവ് ചോദ്യം ചെയ്‌ത് ഡിവൈ.എസ്.പിയെ ആറുമാസം മുമ്പും നാട്ടുകാർ ഇവിടെ തടഞ്ഞിരുന്നു. മൂന്നാഴ്ചയോളം ഇവിടേക്ക് വരാതിരുന്ന ഡിവൈ.എസ്.പി പിന്നീട് പതിവ് തുടർന്നു. 10 വർഷം മുമ്പ് പാറശാല എസ്.ഐയായിരുന്നപ്പോൾ മുതൽ ഹരികുമാർ കൊടങ്ങാവിളയിലെ വീട്ടിലെത്താറുണ്ടായിരുന്നു. ദുരൂഹമായ വരവ് തുടർന്നാൽ തടഞ്ഞുവയ്‌ക്കുമെന്ന് രാഷ്ട്രീയനേതാക്കൾ അറിയിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു.