ബാലരാമപുരം: പൊതുവിദ്യാലയങ്ങൾ ഹരിതസമൃദ്ധിയിലേക്ക് ഉയരുന്നതിന്റെ ഭാഗമായി പൂങ്കോട് എസ്.വി.എൽ.പി.എസ്സിലെ തരിശുഭൂമിയായി കിടന്ന സ്കൂൾ പരിസരം അദ്ധ്യാപകരും വിദ്യാർത്ഥികളും കൃഷിയോഗ്യമാക്കി. വിഷരഹിത പച്ചക്കറികൾ വിളയിച്ച് സമൂഹത്തിന് മാതൃകയാവാനാണ് സ്കൂൾ അധികൃതർ ലക്ഷ്യമിടുന്നത്. പള്ളിച്ചൽ കൃഷി ഓഫീസർ രമേശ് കുമാറിന്റെ നേതൃത്വത്തിൽ കുട്ടികളും രക്ഷിതാക്കളും ചേർന്ന് കോളി ഫ്ലവർ, കാബേജ്, ചീര, വെണ്ട, വഴുതന, മുളക്, പയർ എന്നിവ നട്ടു. ജൈ വവളപ്രയോഗവും പരിചരണവുമെല്ലാം കുട്ടികളുടെ നേത്യത്വത്തിലാണ് നടക്കുന്നത്. ഐ.ബി.സതീഷ് എം.എൽ.യുടെ ഹരിത വിദ്യാലയം പദ്ധതിയുടെ ഭാഗമായും സ്കൂളിൽ കൃഷിയിറക്കുന്നുണ്ട്. കാർഷിക വളർച്ചാ ഡയറക്ടറിയും കുട്ടികൾ തന്നെയാണ് തയാറാക്കുന്നത്. വൃത്തി, വെള്ളം, വിളവ് എന്നീ ലക്ഷ്യത്തോടെയാണ് സ്കൂളിൽ കൃഷിത്തോട്ടമൊരുക്കിയിരിക്കുന്നത്. വിത്ത് നടീലിന്റെ ഉദ്ഘാടനം പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് മല്ലികാവിജയൻ നിർവഹിച്ചു. വാർഡ് മെമ്പർ അംബികാദേവി, ഹരിത വിദ്യാലയം കോ-ഓർഡിനേറ്റർ സന്തോഷ്, ഹെഡ്മിസ്ട്രസ് കുമാരി ഷീല, പി.ടി.എ പ്രസിഡന്റ് എസ്.സുമി, എസ്.എം.സി ചെയർപേഴ്സൺ നിഷ, അദ്ധ്യാപകരായ മിനിമോൾ, എൽ. സുമ, എസ്.ബി. ഷൈല എന്നിവർ സംബന്ധിച്ചു.