തിരുവനന്തപുരം: മന്ത്രി കെ.ടി.ജലീലിനെതിരെ ബന്ധുനിയമന വിവാദമുണ്ടായ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ വികസന കോർപറേഷൻ ജനറൽ മാനേജർ സ്ഥാനത്തേക്ക് നടന്ന അഭിമുഖത്തിൽ തനിക്ക‌് യോഗ്യതയുണ്ടായിട്ടും നിയമനം നൽകിയില്ലെന്ന തരത്തിലുള്ള വാർത്തകൾ തെറ്റാണെന്ന‌് ഇന്റർവ്യുവിൽ പങ്കെടുത്ത പി.മോഹനൻ അവകാശപ്പെട്ടു. എസ‌്.ബി.ഐയിൽ റീജ്യണൽ മാനേജരായ അപേക്ഷകനെ അവഗണിച്ച‌് മന്ത്രി കെ.ടി. ജലീൽ തന്റെ ബന്ധുവിന‌് ജോലി നൽകിയെന്ന് ചില മാദ്ധ്യമങ്ങൽ വന്ന വാർത്ത അടിസ്ഥാന രഹിതമെന്നാണ് മലപ്പുറം ആദവനാട് പൊറ്റമ്മൽ ഹൗസിൽ മോഹനന്റെ അവകാശവാദം.
ജനറൽ മാനേജർ തസ‌്തികയുടെ പരസ്യം കണ്ട‌് താനും അപേക്ഷിച്ചിരുന്നു. ഇന്റർവ്യൂവിലും പങ്കെടുത്തു. താൻ എസ‌്.ബി.ഐ റീജ്യനൽ മാനേജരല്ല. എസ‌്.ബി.ഐയുടെ ഇൻഷുറൻസ‌് വിഭാഗമായ എസ‌്.ബി.ഐ ലൈഫിൽ ബിസിനസ‌് ഡവലപ‌്മെന്റ‌് എക‌്സിക്യുട്ടീവായാണ‌് ജോലി ചെയ‌്തത‌്. കഴിഞ്ഞ ജൂണിൽ എസ‌്.ബി.ഐയിൽ നിന്ന‌് രാജിവയ‌്ക്കുകയും ചെയ‌്തു. സെപ‌്തംബറിലാണ‌് ഇന്റർവ്യു നടന്നത‌്. ഇന്റർവ്യൂവിൽ പങ്കെടുക്കുമ്പോൾ ജോലിയില്ലാതിരുന്നതുകൊണ്ടുതന്നെ ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ തനിക്ക‌് നിയമനം നൽകാനാവില്ല. അതുകൊണ്ട‌് സർക്കാർ തന്നെ ഒഴിവാക്കാൻ ഏതെങ്കിലും തരത്തിൽ അനധികൃതമായി ഇടപ്പെട്ടതായി കരുതുന്നില്ലെന്നും മോഹനൻ മാദ്ധ്യമങ്ങളോട‌് പറഞ്ഞു. വിവാദത്തിൽ തന്റെ പേര‌് വലിച്ചിഴക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു
എസ‌്.ബി.ഐയിൽ ദീർഘകാലം പ്രവൃത്തി പരിചയമുള്ള മോഹനനെ ഒഴിവാക്കിയാണ‌് മന്ത്രി ജലീലിന്റെ ബന്ധുവിനെ നിയമിച്ചതെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് ആരോപിച്ചിരുന്നു.