തിരുവനന്തപുരം: ഡിവൈ.എസ്.പി ബി. ഹരികുമാറുമായുണ്ടായ സംഘർഷത്തിനിടെ കാറിനടിയിൽപ്പെട്ട സനൽകുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ പൊലീസിന് ഗുരുതര വീഴ്‌ചയുണ്ടായെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. വിവരമറിഞ്ഞെത്തിയിട്ടും അരമണിക്കൂറിലേറെ കഴിഞ്ഞാണ് സനലിനെ ആംബുലൻസിലേക്ക് മാറ്റിയത്. അതീവ ഗുരുതരാവസ്ഥയിൽ രക്തം വാർന്നു കിടന്ന സനലിനെ മെഡിക്കൽ കോളേജിലെത്തിക്കാതെ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിലാണ് കൊണ്ടുപോയത്. പൊലീസിന് ഗുരുതര വീഴ്‌ചയുണ്ടായെന്നും കടുത്ത നടപടിയുണ്ടാകുമെന്നും റേഞ്ച് ഐ.ജി മനോജ് എബ്രഹാം പറഞ്ഞു.

കടുത്ത ആന്തരിക രക്തസ്രാവമുണ്ടെന്ന് ഡോക്‌ടർ അറിയിച്ചതിനെത്തുടർന്ന് ആംബുലൻസ് മെഡിക്കൽ കോളേജിലേക്ക് തിരിച്ചുവിട്ടു. ഇതിനിടെ ആംബുലൻസിലുണ്ടായിരുന്ന പൊലീസുകാരന്റെ ഡ്യൂട്ടിസമയം അവസാനിച്ചു. ഇയാളെ ആശുപത്രിയുടെ വശത്തുകൂടിയുള്ള വഴിയിലൂടെ അയയ്‌ക്കുന്നതിന് പകരം സനലുമായി ഒന്നര കിലോമീറ്ററിലേറെ കറങ്ങി നെയ്യാറ്റിൻകര സ്റ്റേഷനിലെത്തി. താലൂക്ക് ആശുപത്രിയുടെ മതിലിന് പിന്നിലാണ് സ്റ്റേഷൻ. മറ്റൊരു കോൺസ്റ്റബിൾ കയറാൻ പത്തു മിനിട്ടോളം ആംബുലൻസ് സ്റ്റേഷനു മുന്നിൽ കാത്തുകിടന്നു. തുടർന്നാണ് മെഡിക്കൽ കോളേജിലേക്ക് പോയത്.

സനൽ കാറിടിച്ചു വീണ സ്ഥലത്തിന് ഒന്നരകിലോമീറ്റർ അടുത്ത് മികച്ച സൗകര്യങ്ങളുള്ള സ്വകാര്യ ആശുപത്രിയുണ്ട്. കൊടങ്ങാനൂരിൽ നിന്ന് ഒരുകിലോമീറ്റർ സഞ്ചരിച്ചാൽ തിരുവനന്തപുരത്തേക്കുള്ള ദേശീയപാതയിലുമെത്താം. ഇതിനുപകരം അഞ്ചു കിലോമീറ്ററാണ് സനലുമായി പൊലീസ് ചുറ്റിയത്.

മദ്യപിച്ച് ബഹളമുണ്ടാക്കിയ ആളെ താൻ പിടികൂടിയെന്നും ഉടൻ കൊടങ്ങാനൂർ ജംഗ്ഷനിലെത്തണമെന്നുമാണ് ഡിവൈ.എസ്.പി നെയ്യാറ്റിൻകര എസ്.ഐയോട് ഫോണിൽ ആവശ്യപ്പെട്ടത്. പാറാവുകാരനെയും കൂട്ടി എസ്.ഐ ഉടൻ സ്ഥലത്തെത്തി. ഇതിനിടെ നാട്ടുകാർ ഓടിച്ച ഡിവൈ.എസ്.പി സ്വകാര്യ കാറിൽ രക്ഷപ്പെട്ടു. സ്ഥലത്തെത്തിയപ്പോഴാണ് എസ്.ഐ സംഭവത്തിന്റെ ഗൗരവം മനസിലാക്കിയത്. പൊലീസെത്തുന്നതിനും ആംബുലൻസ് എത്തിക്കുന്നതിനുമായി ഇരുപത് മിനിട്ടോളമെടുത്തു. ആംബുലൻസിൽ കയറ്റുമ്പോൾ നാട്ടുകാരെടുത്ത വീഡിയോയിൽ സനലിന്റെ കൈ ഒടിഞ്ഞുതൂങ്ങിയത് കാണാം. മെഡിക്കൽ കോളേജിലേക്ക് പോകണമെന്ന് നാട്ടുകാർ പറയുന്നതും വ്യക്തം. ടി.ബി ജംഗ്ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേക്ക് പോകുന്നതിന് പകരമാണ് താലൂക്ക് ആശുപത്രിയിലേക്ക് പോയത്.

സ്റ്റേഷനിലേക്ക് കൊണ്ടുപോയില്ലെന്ന് എസ്.ഐ കള്ളം പറഞ്ഞെങ്കിലും ആലുംമൂട് ജംഗ്ഷനിലെ നിരീക്ഷണ കാമറയിൽ ഗേൾസ് സ്കൂളിനു മുന്നിലൂടെ സ്റ്റേഷനിലേക്കുള്ള വഴിയിലേക്ക് ആംബുലൻസ് കയറുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി.

ആ ഭീകരരാത്രി ഇങ്ങനെ

തിങ്കളാഴ്ച രാത്രി 9.45 - ഡിവൈ.എസ്.പിയുമായുള്ള സംഘർഷത്തിനൊടുവിൽ സനൽകുമാറിനെ കാറിടിച്ച് വീഴ്‌ത്തുന്നു

രാത്രി 10.12- ഡിവൈ.എസ്.പി വിവരമറിയിച്ചതനുസരിച്ച് നെയ്യാറ്റിൻകര എസ്.ഐ കൊടങ്ങാവിളയിൽ എത്തുന്നു

രാത്രി 10.23- രക്തം വാർന്ന് അവശനിലയിലായ സനൽകുമാറിനെ നെയ്യാറ്റിൻകര താലൂക്കാശുപത്രിലേക്ക് മാറ്റുന്നു

രാത്രി 10.29 - ആന്തരിക രക്തസ്രാവം കൂടുതലാണെന്ന് ഡോക്ടർ അറിയിച്ചതിനെത്തുടർന്ന് ആംബുലൻസ് തിരിച്ചിറക്കി

രാത്രി 10.39 - നെയ്യാറ്രിൻകര സ്റ്റേഷൻ വളപ്പിൽ കാത്തുകിടന്ന ശേഷം ആംബുലൻസ് മെഡിക്കൽ കോളേജാശുപത്രിയിലേക്ക്

രാത്രി 11.05 - സനൽകുമാറുമായി ആംബുലൻസ് ദേശീയപാതയിലൂടെ മെഡിക്കൽകോളേജ് ആശുപത്രിയിലെത്തി