തിരുവനന്തപുരം : കൊടങ്ങാവിളയിൽ സനലിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസിലെ പ്രതി ഡിവൈ.എസ്.പി ഹരികുമാർ നെടുമങ്ങാട് പനയമുട്ടത്തെത്തിയിരുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തി. പനയമുട്ടം തേക്കുംമൂടിന് സമീപത്ത് ഡിവൈ.എസ്.പിക്ക് മൂന്ന് ബന്ധുവീടുകളുണ്ട്. പൊലീസിൽ നിന്ന് വിരമിച്ച ഒരു ഉറ്റബന്ധുവിന്റെ കാറിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ ഷർട്ടും മുണ്ടും ധരിച്ച് ഡിവൈ.എസ്.പി സഞ്ചരിച്ചതായി ദൃക്‌സാക്ഷികൾ വിവരം നൽകിയെങ്കിലും പൊലീസ് ഒതുക്കി. അതേദിവസം നെടുമങ്ങാട്ടെ കല്യാണമണ്ഡപത്തിലെ വിവാഹത്തിൽ പങ്കെടുത്ത ഈ ബന്ധു, പത്തു തവണയെങ്കിലും നെടുമങ്ങാട് സ്റ്റേഷനിലെത്തി സംഭവത്തിന്റെ വിവരങ്ങൾ തിരക്കിയിരുന്നു.
ഡിവൈ.എസ്.പി എത്തിയതിന് പിന്നാലെ കറുത്ത ആഡംബര കാറിൽ ഒരു സംഘം പനയമുട്ടം താന്നിമൂട് വനത്തിലെത്തിയെന്നും കണ്ടെത്തി. വലിയ താന്നിമൂടിന് സമീപത്തിറങ്ങിയ ഇവർ വനത്തോട് ചേർന്ന ആഡംബരവീട്ടിൽ കയറിപ്പോയി. വനംവകുപ്പിന്റെ അക്കേഷ്യ വനമാണ് അവിടെയുള്ളത്. വനത്തിൽ താമസിക്കാനും സൗകര്യമുണ്ട്. ഡിവൈ.എസ്.പിയുടെ ബന്ധു ഇവിടെ വനംവകുപ്പ് ഉദ്യോഗസ്ഥനാണ്.
മൂന്ന് ബന്ധുക്കൾ പൊലീസിലുമുണ്ട്. ഇതിൽ ഒരാൾ എസ്.ഐയും രണ്ടുപേർ സീനിയർ സിവിൽ പൊലീസ് ഓഫീസർമാരുമാണ്. രണ്ട് ഉറ്റബന്ധുക്കൾ പൊലീസിൽ നിന്ന് വിരമിച്ചവരാണ്. ഇവിടെ നിന്ന് പേരയം, പാലോട്, കുളത്തൂപ്പുഴ വഴി തെങ്കാശിയിലേക്കും അവിടെ നിന്ന് മധുരയിലേക്കും കടന്നിട്ടുണ്ടാവാമെന്നാണ് പൊലീസ് പറയുന്നത്. പത്രങ്ങളിൽ ഫോട്ടോ കണ്ടപ്പോഴാണ് വനമേഖലയിലെത്തിയത് ഡിവൈ.എസ്.പിയാണെന്ന് കൂടുതൽ പേർ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചത്.