തിരുവനന്തപുരം:ശബരിമലയില മണ്ഡല മകരവിളക്ക് ഒരുക്കങ്ങളെക്കുറിച്ച് ചർച്ചചെയ്യാൻ ദേവസ്വം ബോർഡ് ഇന്ന് യോഗം ചേരും. എന്നാൽ വിവാദപരമായ മറ്റു വിഷയങ്ങൾ ഇന്ന് പരിഗണിക്കാനിടയില്ല.സ്ത്രീ പ്രവേശനപ്രശ്‌നത്തിൽ സുപ്രീംകോടതി 13 ന് റിട്ട് പരിഗണിക്കുമ്പോൾ സ്വീകരിക്കേണ്ട നിലപാടുകളിലും തീരുമാനമായില്ല. കോടതി ആവശ്യപ്പെട്ടാൽ മാത്രമേ ബോർഡിന് തങ്ങളുടെ നിലപാട് വ്യക്തമാക്കേണ്ടതുള്ളൂ. ഇതിന് സാവകാശവും കിട്ടും.നിയമവിദഗ്ദ്ധരുമായി എല്ലാ വശങ്ങളും ആലോചിച്ച് തീരുമാനിച്ചാൽ മതിയെന്നാണ് ബോർഡിന്റെ നിലപാട്.
ആചാരലംഘനമുണ്ടായാൽ ശ്രീകോവിൽ അടച്ചിടുമെന്ന തന്ത്രിയുടെ വിവാദ പരാമർശത്തിൽ ദേവസ്വംബോർഡ് വിശദീകരണം ചോദിച്ചിരുന്നു.ഇതിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇന്നലെ വൈകിട്ട് വരെ തന്ത്രി വിശദീകരണമൊന്നും നൽകിയിട്ടില്ല.ടെൻഡറുമായി ബന്ധപ്പെട്ട കാര്യങ്ങളാവും പ്രധാനമായി ഇന്ന് ചർച്ചചെയ്യുക. ടെൻഡറെടുത്ത ചിലർ ഒഴിവാക്കണമെന്ന ആവശ്യവുമായി സമീപിച്ചിട്ടുണ്ട്.ലേലത്തുക കുറച്ചുകിട്ടാനുള്ള തന്ത്രത്തിന്റെ ഭാഗമാണിതെന്നാണ് ബോർഡിന്റെ നിലപാട്.കടമുറികളിൽ നല്ലപങ്കും ലേലത്തിൽ പോയിട്ടില്ല. ലേലം കൊണ്ടവർ പണം അടച്ചിട്ടുമില്ല.പുഷ്പാഭിഷേകത്തിനുള്ള പൂക്കൾ എത്തിക്കാൻ 1.68 കോടിക്കാണ് കരാർ എടുത്തിട്ടുള്ളത്. എന്നാൽ ഇതേവരെ പണം അടച്ചിട്ടില്ല.കാണിക്കവരവിൽ കുറവ് വന്നതാണ് ബോർഡിനെ ആശങ്കയിലാക്കുന്ന പ്രധാന പ്രശ്നം.
ശബരിമലയിലെ ക്രമീകരണങ്ങളെക്കുറിച്ച് വിവിധ വകുപ്പുമേധാവികളുമായി ചീഫ് സെക്രട്ടറി ഇന്നലെ ചർച്ചനടത്തി.അവസാനവട്ട വിലയിരുത്തലിന് 13 ന് മുഖ്യമന്ത്രി ഹൈപവർ കമ്മിറ്റി വിളിച്ചിട്ടുണ്ട്.