chennithala

തിരുവനന്തപുരം: യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ട് കൊന്ന കേസിൽ പ്രതിയായ മുൻ ഡിവൈ.എസ്.പി ഹരികുമാറിന്റെ അറസ്റ്റ് വൈകിപ്പിക്കാനും,​ കേസ് അട്ടിമറിക്കാനുമാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. പ്രതിയെക്കുറിച്ച് ധാരണയില്ലാതിരിക്കുകയും കേസ് തെളിയിക്കാനാവാതെ നീണ്ടു പോകുമ്പോഴുമാണ് അന്വേഷണം മറ്റ് ഏജൻസികൾക്ക് കൈമാറുന്നത്. ഇവിടെ പ്രതി ഡിവൈ.എസ്.പിയാണെന്നത് വ്യക്തമായിട്ടും അയാളെ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. പൊലീസുദ്യോഗസ്ഥൻ പ്രതിയായ കേസ് അട്ടിമറിക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ യുവാവിനെ നെയ്യാറ്റിൻകര ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളേജിൽ കൊണ്ടു പോകാതെ പൊലീസ് സ്റ്റേഷനിലെത്തിച്ചത് ഗുരുതര വീഴ്ചയാണ്. ഇതിനുത്തരവാദികളായ പൊലീസുകാർക്കെതിരെ കേസെടുക്കണം. പരിക്കേറ്റ് കിടന്ന യുവാവിന്റെ വായിൽ പൊലീസ് മദ്യമൊഴിച്ചെന്ന ബന്ധുക്കളുടെ ആരോപണം അതീവ ഗൗരവതരമാണ്. ഇതും അന്വേഷിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.