politics

നെടുമങ്ങാട് : നഗരഹൃദയത്തിന്റെ കുളിർവാഹിനികളായ കുറക്കോടു തോടിനും കാക്കത്തോടിനും സെപ്ടിക് ടാങ്ക് മാലിന്യത്തിൽ ''മുങ്ങി മരിക്കാൻ'' യോഗം ! അപ്പാർട്ടുമെന്റ് സമുച്ചയങ്ങളിലെയും വീടുകളിലെയും സെപ്ടിക് ടാങ്കു മാലിന്യം പൈപ്പ് സ്ഥാപിച്ച് തോട്ടിലൊഴുക്കുന്നത് പതിവു കാഴ്ചയാവുകയാണ്.നൂറുകണക്കിന് പൈപ്പുകളാണ് ഇത്തരത്തിൽ നീരൊഴുക്കിന് മീതെ തലനീട്ടി നിൽക്കുന്നത്.തീരപ്രദേശത്തെ കിണറുകളും കുളങ്ങളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലായി.ഈ തോട്ടിലെ വെള്ളം ഒഴുകിയെത്തുന്ന കിള്ളിയാറിൽ കുളിക്കുന്നവർക്ക് ത്വക് രോഗങ്ങൾ പടർന്നു പിടിക്കുന്നതായും പരാതിയുണ്ട്.വളർത്തു മൃഗങ്ങളെ കുളിപ്പിക്കുന്നതിനും തുണി അലക്കിനും തോടുകളിലെ വെള്ളം ഉപയോഗിക്കുന്നവരും പകർച്ചവ്യാധി ഭീതിയിലാണ്.തോടുകളിൽ സ്ഥാപിച്ചിട്ടുള്ള പൈപ്പുകൾ നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം കർശന നടപടി സ്വീകരിക്കുമെന്നും നഗരസഭ പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ആരും ചെവിക്കൊണ്ടില്ല. കിള്ളിയാർ മിഷന്റെ ഭാഗമായുള്ള പരിശോധനയിൽ കുറക്കോട് ഏലാ തോടും കാക്കത്തോടും നാശത്തിന്റെ വക്കിലാണെന്ന് കണ്ടെത്തിയിരുന്നു.ഈ തോടുകൾ ആശ്രയിച്ചുള്ള കൃഷിയും ജലസേചനവും നാമാവശേഷമായി.അഴുക്ക് നിറഞ്ഞ് ദുർഗന്ധം പരത്തി ഒഴുകുന്ന കൈത്തോടുകൾ കാഴ്ചക്കാരിൽ പ്രതിഷേധമുയർത്തും.എത്ര കൊടിയ വേനലിലും വറ്റാത്ത നീരുറവകളോടാണ് ഈ ക്രൂരത.നഗരത്തെ ജലസമൃദ്ധമാക്കിയിരുന്ന ഒരു ഡസനോളം കൈത്തോടുകളിൽ ഇനി അവശേഷിക്കുന്നവയാണ് കുറക്കോടും കാക്കത്തോടും മാത്രം.

മുതലക്കണ്ണീരൊഴുക്കി നഗരസഭ

ബോധവത്കരണ പ്രവർത്തനങ്ങൾക്കും മുന്നറിയിപ്പുകൾക്കും പുല്ലുവില കൽപ്പിച്ച് തുടരുന്ന മാലിന്യ നിക്ഷേപം തടയാൻ നഗരസഭ ഉണർന്നു പ്രവർത്തിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാതൃകാപരമായി നടപ്പാക്കിയ കിള്ളിയാർ മിഷന്റെ ഭാഗമായി തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സിറ്റി മിഷൻ സജീവമായി മുന്നേറുമ്പോഴാണ്‌ നദിയുടെ രണ്ടു പ്രധാന കൈവഴികളുടെ ദുര്യോഗം. ഇതുസംബന്ധിച്ച് ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും മുതലക്കണ്ണീര് ഒഴുക്കുന്നതല്ലാതെ നടപടികളിലേക്ക് കടക്കുന്നില്ലെന്ന പരാതിയുണ്ട്.

ബോധവത്കരണവും പാളി

ആരോഗ്യവകുപ്പ് ജീവനക്കാരുടെ നേതൃത്വത്തിൽ കൈത്തോടുകൾ സന്ദർശിച്ച് കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകിയിട്ട് ആറു മാസത്തിലേറെയായി.വ്യാപക മൈക്ക് പ്രചാരണവും ലഘുലേഖ വിതരണവും നടത്തി സ്ഥലവാസികളെ ബോധവത്കരിക്കാൻ ആവുന്നത്ര ശ്രമിച്ച് പരാജയപ്പെട്ട ഉദ്യോഗസ്ഥർ സിമന്റ് ഉപയോഗിച്ച് പൈപ്പുകൾ അടച്ചെങ്കിലും ഉദ്യോഗസ്ഥർ മടങ്ങിയതോടെ സിമന്റ് ഉറപ്പിച്ച ഭാഗം അറുത്തു മാറ്റി മാലിന്യമൊഴുക്ക് തുടരുകയാണ്.