തിരുവനന്തപുരം: സഹകരണ മേഖലയെ ഇല്ലാതാക്കി കേരള ബാങ്ക് തുടങ്ങാനുള്ള നീക്കം അനുവദിക്കില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ലോകത്തെ വലിയ പ്രതിമയുണ്ടാക്കാനും ബുള്ളറ്റ് ട്രെയിൻ ഉണ്ടാക്കാനും പാഞ്ഞുനടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരവാദിത്വമില്ലായ്മയുടെ പ്രതിരൂപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സഹകരണ മേഖലയെ തകർക്കാനുള്ള കേന്ദ്ര, സംസ്ഥാന നീക്കങ്ങൾ ചെറുക്കുന്നതിന്റെയും നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷികം കരിദിനമായി ആചരിക്കുന്നതിന്റെയും ഭാഗമായി സഹകരണ ജനാധിപത്യവേദി നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുല്ലപ്പള്ളി.
നോട്ട് നിരോധനം സഹകരണ മേഖലയെ തകർത്തെങ്കിൽ അതേ പാതയിൽ കേരള ബാങ്ക് ഉണ്ടാക്കി സംസ്ഥാനത്തെ സഹകരണ മേഖലയെ ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നത്.
കരകുളം കൃഷ്ണപിള്ള അദ്ധ്യക്ഷനായിരുന്നു. കെ. മുരളീധരൻ, വി.എസ്. ശിവകുമാർ, കെ.പി.എ. മജീദ്, സി.പി. ജോൺ, നെയ്യാറ്റിൻകര സനൽ, ടി. ശരത്ചന്ദ്രപ്രസാദ്, ശൂരനാട് രാജശേഖരൻ, മണക്കാട് സുരേഷ്, അഗസ്റ്റി കോഴിമല, ജോസഫ് മാത്യു, എം.പി. സാജു, മുഹമ്മദ് അലി തുടങ്ങിയവർ പ്രസംഗിച്ചു.