padmapriya
padmapriya

തിരുവനന്തപുരം: മുടവൻമുകളിൽ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി സ്കൂൾ അദ്ധ്യാപിക മരിച്ചു. ഒപ്പം സഞ്ചരിച്ചിരുന്ന മകൾക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി 7.30 നാണ് അപകടം. പൂജപ്പുര തൃക്കണ്ണാപുരം ടാഗോർ റോഡിൽ പുണർതം വീട്ടിൽ സജുവിന്റെ ഭാര്യ പത്മപ്രിയയാണ് (39) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൾ ഗാഥ (14) കരമന പി.ആർ.എസ് ആശുപത്രിയിൽ ചികിത്സയിലാണ്. മങ്കാട്ടുകടവ് വിശ്വപ്രകാശം സ്കൂൾ അദ്ധ്യാപികയായ പത്മപ്രിയ സ്കൂളിൽ നിന്ന് വന്നശേഷം ബന്ധുവീട്ടിലായിരുന്ന മകളെ കൂട്ടിക്കൊണ്ട് വരുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കരമന പി.ആ‌ർ.എസ് ആശുപത്രിയിലെത്തിച്ചെങ്കിലും പത്മപ്രിയ ഇന്നലെ പുല‌ർച്ചെ ഒരുമണിയോടെ മരിച്ചു. കാറോടിച്ചിരുന്ന തിരുമല മുടവൻമുകൾ നല്ലത്ത് റോഷ്നി ഭവനിൽ വിനോദ് തമ്പി (40) മദ്യ ലഹരിയിലായിരുന്നെന്നും മദ്യപിച്ച് വാഹനം ഒാടിച്ചതിനും മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൂജപ്പുര പൊലീസ് പറഞ്ഞു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ ജീവനക്കാരനാണ് മുൻ സൈനികനായ ഭർത്താവ് സജു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു.