hs

പാങ്ങോട്: ഭരതന്നൂർ ഹൈസ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് പ്രവർത്തിക്കാതായിട്ടും ശരിയാക്കാൻ നടപടിയില്ല. അഞ്ച് മാസം മുമ്പാണ് സാമൂഹ്യവിരുദ്ധ ശല്യം എറെയുള്ള ഭരതന്നൂർ ഹൈസ്കൂൾ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്.അന്നു മുതൽ ഇന്നുവരെ ഹൈമാസ്റ്റ് കൊണ്ട് നാട്ടുകാർക്ക് പ്രയോജനങ്ങളൊന്നും ഉണ്ടായിട്ടില്ലത്രേ. തുടക്കത്തിൽ തല തിരിഞ്ഞ രീതിയിലായിരുന്നു ഹൈമാസ്റ്റിന്റെ പ്രവർത്തനം.വൈകുന്നേരം ആറ് മുതൽ അടുത്ത ദിവസം രാവിലെ ആറ് വരെ പ്രകാശിക്കേണ്ട ഹൈമാസ്റ്റ് ലൈറ്റ് പുലർച്ചെ ആറ് മുതൽ വൈകുന്നേരം ആറ് വരയാണ് പ്രവർത്തിച്ചിരുന്നത്. ഒരു മാസത്തോളം പട്ടാപ്പകൽ ഹൈമാസ്റ്റ് പ്രകാശം ചൊരിഞ്ഞ് നിന്നു.ഹൈമാസ്റ്റിന്റെ പ്രവർത്തന സമയം ക്രമീകരിച്ചതിൽ വന്ന പിഴവാണ് ഇങ്ങനെ വരാൻ കാരണം. രാത്രിയിൽ കത്താതിരിക്കുന്നതും പകൽ തെളിയുന്നതുമായ ഹൈമാസ്റ്റ് ലൈറ്റിനെക്കുറിച്ച് കേരള കൗമുദി വാർത്ത നൽകി. തുടർന്ന് അധികൃതർ തകരാർ പരിഹരിച്ചു. എന്നാൽ പ്രവർത്തനം തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്ന ഹൈമാസ്റ്റ് വീണ്ടും തകരാറിലാവുകയായിരുന്നു.ഹൈമാസ്റ്റ് ലൈറ്റുകളുടെ ഗ്യാരന്റി പീരിയഡ് അവസാനിച്ചിട്ടില്ല. അങ്ങനെയെങ്കിൽ കരാറുകാറെ അറിയിച്ചാൽ അറ്റകുറ്റപണികൾ നടത്തും . പഞ്ചായത്തിന് സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടാകുകയുമില്ല. എന്നിട്ടും പഞ്ചായത്ത് അനങ്ങുന്നില്ല എന്നാണ് നാട്ടുകാരുടെ ആരോപണം.