വിതുര: കാട് വിട്ട് നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ വെല്ലുവിളിയാകുന്നത് ഗ്രാമപ്രദേശത്തെ ജനങ്ങളുടെ സ്വത്തിനും ജീവനുമാണ്. നാട്ടിലെ കൃഷിയിടങ്ങളിൽ താണ്ഡവമാടുന്ന കാട്ടുപന്നികൾ കാരണം കൃഷികളെല്ലാം നശിക്കുകയാണ്. പാട്ടത്തിനെടുത്ത ഭൂമിയിൽ പലിശപ്പണത്തിലാണ് പലരും കൃഷിയിറക്കുന്നത്. വിള ലഭിക്കുമെന്ന പ്രതിക്ഷയിൽ. എന്നാൽ വാഴ, മരച്ചീനി, മറ്റ് പച്ചറി കൃഷികളെല്ലാം കാട്ടുപന്നികൾ പിഴുതെറിയുകയാണ്. ബാങ്കിൽ നിന്നും വായ്പയെടുത്തും പലിശക്കെടുത്തും കൃഷിനടത്തിയവർ കടക്കെണിയിലാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുള്ളതായി നാട്ടുകാർ പറയുന്നു. വനമേഖലയോട് ചേർന്നുള്ള നാഗര, ഭദ്രംവച്ചപാറ മേഖലകളിൽ സന്ധ്യമയങ്ങിയാൽ പന്നികളുടെ വിളയാട്ടമാണ്. ആദിവാസി മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. ആദിവാസി മേഖലക്ക് പുറമേ നാട്ടിൻ പുറങ്ങളിലും പന്നി ശല്യം മൂലം കൃഷി അന്യമായിരിക്കുകയാണെന്ന് കർഷകർ പറയുന്നു. നാഗര ഭദ്രംവച്ചപാറ, ചേന്നൻപാറ, പേരയത്തുപാറ, ചാരുപാറ, കല്ലാർ പ്രദേശങ്ങളിൽ തെരുവ്നായകളുടെ എണ്ണവും ക്രമാതീതമായി ഉയരുകയാണ്. മാലിന്യം തിന്നുവാൻ എത്തുന്ന നായകൾ ഇവിടെ തമ്പടിച്ച് വീടുകളിൽ അതിക്രമിച്ചുകയറി കോഴികളെ കൊന്നാടുക്കുന്നതായും നാട്ടുകാർ പരാതിപ്പെടുന്നു.

 ആക്രമണം തുടർക്കഥ
നാഗര-കാലങ്കാവ് റൂട്ടിൽകൂടി രാത്രി ബൈക്കുകളിൽ സഞ്ചരിക്കുവാൻ കഴിയാത്ത അവസ്ഥയിലാണ്. പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പോയ ആറ് പേരേ പന്നികൾ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. പന്നിയുടെ ആക്രമണത്തിൽ രണ്ട് വീട്ടമ്മമാർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് നട്ടെല്ല് തകർന്ന യുവാവ് ഇപ്പോഴും ചികിത്സയിലാണ്.
കാരണം മാലിന്യം
നാഗര മേഖലയിൽ മാലിന്യനിക്ഷേപം രൂക്ഷമാണ്. പൗൾട്രിഫാമുകളിൽ നിന്നുള്ള ഇറച്ചി വേസ്റ്റ് ചാക്കിലും പ്ലാസ്റ്റിക് കിറ്റുകളിലും നിറച്ച് ഇൗ മേഖലയിൽ കൊണ്ടിടുക പതിവാണ്. മാലിന്യം തിന്നുവാൻ പന്നികൾ കൂട്ടമായെത്തുക പതിവാണ്. വിതുര ചാരുപാറ പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപത്തും ചേന്നൻപാറ വളവിലും നിക്ഷേപിക്കുന്ന മാലിന്യം തിന്നുവാൻ കാട്ടുപന്നികൾ എത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ പത്ര വിതരണത്തിന് എത്തിയ ഏജന്റിനെ ചാരുപാറ വച്ച് പന്നി ആക്രമിക്കുവാൻ ശ്രമിച്ച സംഭവവും ഉണ്ടായി.

പന്നിശല്യം ഇവിടെ

ചാരുപാറ, മൂന്നാംനമ്പർ, പേരയം, മരുതാമല, ജഴ്സിഫാം, അടിപറമ്പ്, മണിതൂക്കി, ചാത്തൻകോട്, ചെമ്മാംകാല, കല്ലാർ, ആനപ്പാറ, പേപ്പാറ, പട്ടൻകുളിച്ചപാറ, കളീക്കൽ, പൊന്നാംചുണ്ട്, നരിക്കല്ല്, തലത്തൂതക്കാവ്, പുളിച്ചാമല, പരപ്പാറ, മേമല, പൊൻപാറ, വിനോബാനികേതൻ, ചെരുപ്പാണി