aneesh

തിരുവനന്തപുരം: ഡിവൈ.എസ്.പി ഹരികുമാറിന്റെ ചവിട്ടേറ്റ് കാറിനടിയിൽ വീണ സനൽകുമാറിനെ പൊലീസ് നിർദ്ദേശിച്ചപ്പോഴാണ് നെയ്യാറ്റിൻകര സ്റ്റേഷനിലെത്തിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ അനീഷിന്റെ വെളിപ്പെടുത്തൽ. ഓലത്താന്നിയിൽ സ്വകാര്യ ആംബുലൻസ് ഡ്രൈവറായ അനീഷ് രാത്രി പത്തേകാലിനാണ് സുഹൃത്തിൽ നിന്ന് സംഭവമറിഞ്ഞത്. മൂന്നര കിലോമീ​റ്റർ സഞ്ചരിച്ച് അപകടം നടന്ന സ്ഥലത്തെത്തി. നാട്ടുകാർ കൂടിയിട്ടുണ്ടായിരുന്നു. തുടർന്ന് സനലിനെ നാട്ടുകാർ ആംബുലൻസിൽ കയ​റ്റി. ഒരു നാട്ടുകാരൻ പിന്നിൽ കയറി. മുൻ സീ​റ്റിൽ നെയ്യാ​റ്റിൻകര സ്റ്റേഷനിലെ പൊലീസുകാരൻ കയറി.

മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാനാണ് നാട്ടുകാർ ആവശ്യപ്പെട്ടത്. എന്നാൽ പൊലീസുകാരൻ നെയ്യാ​റ്റിൻകര ആശുപത്രിയിലേക്ക് കൊണ്ടുപോകാനും ആംബുലൻസ് പതുക്കെ വിടാനും ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോൾ നടപടികൾ വേഗത്തിലായിരുന്നു. എത്രയും പെട്ടെന്നു മെഡിക്കൽ കോളേജിലെത്തിക്കാൻ ഡോക്ടർമാർ ആവശ്യപ്പെട്ടു.

എന്നാൽ സ്റ്റേഷനിലേക്ക് പോകാനാണ് പൊലീസുകാരൻ നിർദ്ദേശിച്ചത്. ഇതിനിടെ കൂടെവന്ന നാട്ടുകാരനെ കാണാതായി. വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരൻ സ്റ്റേഷന് മുന്നിൽ ഇറങ്ങി. പകരം കയറിയ പൊലീസുകാരനൊപ്പമാണ് മെഡിക്കൽ കോളേജിലെത്തിയത്. പിന്നീട് ആംബുലൻസ് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലേക്ക് മാ​റ്റി. പുലർച്ചെ മൂന്നരയ്‌ക്ക് പൊലീസുകാരനെ നെയ്യാ​റ്റിൻകര സ്റ്റേഷനിലെത്തിച്ചശേഷം വീട്ടിലേക്ക് മടങ്ങി- ഇതാണ് അനീഷിന്റെ മൊഴി.