പാലോട് : വാഴക്കൃഷി വ്യാപകമായ ആലംപാറ ഏലായിൽ പാകമായ കുലകൾ മോഷണം പോവുന്നത് പതിവായതോടെ കർഷകർ കടക്കെണിയിലായി.രണ്ടാഴ്ചക്കിടെ നൂറോളം വാഴക്കുലകളാണ് മോഷണം പോയത്. കർഷകരായ രാജ്‌മോഹൻ,ചന്ദ്രൻ ആനക്കുഴി,മുത്തുകാവ് അരുൺ എന്നിവരുടെ തോട്ടത്തിലാണ് ഇന്നലെ മോഷണം നടന്നത്.മികച്ച കർഷക പുരസ്കാരം ലഭിച്ച ചന്ദ്രന്റെ തോട്ടത്തിൽ നിന്ന് പത്ത് കപ്പക്കുലയും രാജ്മോഹന്റെ അഞ്ച് ഏത്തക്കുലയും അരുണിന്റെ രണ്ടു പടറ്റിക്കുലകളുമാണ് മോഷ്ടിച്ചത്.

ആലംപാറ ശ്രീനാരായണ സ്വയം സഹായസംഘം ഉൾപ്പടെ നിരവധി സംഘടനകളും കർഷകരും പാട്ടത്തിന് സ്ഥലമെടുത്ത് ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കടം വാങ്ങിയും വായ്പയെടുത്തുമാണ് വാഴക്കൃഷി നടത്തിയത്.ഇങ്ങനെ തുടർച്ചയായി മോഷണം നടക്കുന്നതിനാൽ വാഴക്കൃഷി നഷ്ടമാണെന്നാണ് കർഷകർ പറയുന്നത്.

നന്ദിയോട് കൃഷി ഓഫീസർ തോട്ടം സന്ദർശിച്ച് നഷ്ടം വിലയിരുത്തിയിട്ടുണ്ട്.പാലോട് പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം കാര്യക്ഷമമല്ലെന്ന് കർഷകർ പറയുന്നു.ആലംപാറ ക്ഷേത്ര കാണിക്കവഞ്ചിയോട് ചേർന്ന് സി.സി.ടി.വി സ്ഥാപിച്ചിട്ടുണ്ട്. കാമറ പരിശോധിച്ചാൽ മോഷണത്തിന് തുമ്പുണ്ടാക്കാൻ സാധിക്കുമെന്ന് കർഷകർ പറയുന്നു.മോഷ്ടാക്കളെ പിടികൂടി കർഷകർക്ക് സംരക്ഷണം നൽകണമെന്ന് ശ്രീനാരായണ സ്വയംസഹായ സംഘം ഭാരവാഹികൾ ആവശ്യപ്പെട്ടു.