തിരുവനന്തപുരം: അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റ സീറ്റും കിട്ടിയില്ലെങ്കിലും ശബരിമല വിഷയത്തിൽ സി.പി.എം രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്തില്ലെന്നും കോടതിവിധി സർക്കാർ നടപ്പിലാക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ഡി.വൈ.എഫ്.ഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'നാം ഒന്നാണ്, കേരളം മതേതരമാണ്-ഓർമ്മപ്പെടുത്തൽ' എന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏറ്റവുമധികം വിശ്വാസികളുള്ളത് കമ്മ്യൂണിസ്റ്റ് പാർട്ടിയിലാണ്. ഇൻക്വിലാബ് സിന്ദാബാദ് എന്നു വിളിക്കുന്ന നാവുകൊണ്ടു തന്നെയാണ് അവർ സ്വാമി ശരണം വിളിക്കുന്നതും. അങ്ങനെയുള്ള പാർട്ടിയെയും സർക്കാരിനെയും ക്ഷേത്രവും വിശ്വാസവും തകർക്കുന്നവരാണെന്ന തരത്തിൽ ചിത്രീകരിക്കുന്നത് വിലപ്പോവില്ലെന്നും കോടിയേരി പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വി.വിനീത് അദ്ധ്യക്ഷനായിരുന്നു. എഴുത്തുകാരി എസ്.ശാരദക്കുട്ടി മുഖ്യാതിഥിയായി. സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, വി.ശിവൻകുട്ടി, എ.എ.റഹീം, പി.ബിജു, ബെൻ ഡാർവിൻ, ബി.ഷാജു, കവിത തുടങ്ങിയവർ സംസാരിച്ചു.