തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീലിനെ വെട്ടിലാക്കിയ ബന്ധുനിയമന വിവാദം സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചർച്ച ചെയ്യും. നിയമസഭാ സമ്മേളനം ചേരാനിരിക്കെ, പ്രതിപക്ഷം നിലപാട് കടുപ്പിക്കാനുള്ള സാദ്ധ്യത മുന്നിൽ കണ്ടുള്ള തടിയൂരൽ നടപടി സി.പി.എം സ്വീകരിച്ചേക്കാം. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ജനറൽമാനേജർ സ്ഥാനത്ത് നിന്ന് മന്ത്രിബന്ധുവായ കെ.ടി. അബീദിനെ സ്വയം രാജിവയ്പിക്കുകയോ നിയമനം റദ്ദാക്കുകയോ ചെയ്യാനാണ് സാദ്ധ്യത.
വിവാദം തലവേദന സൃഷ്ടിച്ചെങ്കിലും മന്ത്രി ജലീലിനെ തത്കാലം സി.പി.എം കൈവിട്ടേക്കില്ല. ആരോപണമുന്നയിക്കുന്നവർ കോടതിയെ സമീപിക്കുകയോ, കോടതിയിൽ നിന്ന് എന്തെങ്കിലും ദോഷകരമായ പരാമർശങ്ങളുണ്ടാവുകയോ ചെയ്താൽ മാത്രമേ അത്തരമൊരു തീരുമാനത്തിലേക്ക് സർക്കാരും സി.പി.എം നേതൃത്വവും നീങ്ങാനിടയുള്ളൂ. ആരോപണമുയർന്നപ്പോൾ മന്ത്രി നടത്തിയ വിശദീകരണവും മറ്റും പ്രശ്നം വഷളാക്കാൻ വഴിയൊരുക്കിയെന്ന അഭിപ്രായം സി.പി.എം നേതൃത്വത്തിൽ പലർക്കുമുണ്ട്. മന്ത്രിയുടെ നീക്കങ്ങളിൽ സംശയമുണർത്തുന്നതായി ഇതെന്ന വിലയിരുത്തലാണുള്ളത്. അതൊഴിവാക്കേണ്ടതായിരുന്നു. അതേസമയം, ഡെപ്യൂട്ടേഷൻ നിയമനം എന്ന പിടിവള്ളിയിൽ തൂങ്ങി കൈകഴുകാമെന്നും വിലയിരുത്തലുണ്ട്.
കഴിഞ്ഞ ദിവസം മന്ത്രി ജലീൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് തന്റെ വാദങ്ങൾ വിശദീകരിച്ചിരുന്നു. ഇന്നലെ എ.കെ.ജി സെന്ററിലെത്തി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോടും മന്ത്രി ജലീൽ കാര്യങ്ങൾ വിശദീകരിച്ചു.
ജലീലിനെതിരായ ആക്ഷേപങ്ങൾ പാർട്ടി പരിശോധിക്കുമെന്ന് ഇന്നലെ കോടിയേരി ബാലകൃഷ്ണൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. പരാതിയുള്ളവർ കോടതിയിൽ പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തന്നോട് മുഖ്യമന്ത്രിയോ കോടിയേരിയോ വിശദീകരണം തേടിയിട്ടില്ലെന്ന് മന്ത്രി ജലീലും പ്രതികരിച്ചു.