uefa-champions-league
UEFA CHAMPIONS LEAGUE

ചാമ്പ്യൻസ് ലീഗിൽ യുവന്റസിനെ

കീഴടക്കി മാഞ്ചസ്റ്റർ യുണൈറ്റഡ്

ബയേൺ, മാഞ്ചസ്റ്റർ സിറ്റി

റയൽ മാഡ്രിഡ് വിജയിച്ചു

ടൂറിൻ : യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം പിടിക്കാൻ റയലിൽ നിന്ന് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റാഞ്ചിയ യുവന്റസിന് സീസണിലെ ആദ്യ തോൽവി ക്രിസ്റ്റ്യാനോയുടെ മുൻ ക്ളബായ മാഞ്ചസ്റ്റർ യുണൈറ്റഡിൽനിന്ന്. കഴിഞ്ഞ രാത്രി യുവന്റസിന്റെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് ഹൊസെ മൗറീന്യോ പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയം കണ്ടത്.

ഗോൾ രഹിതമായ ആദ്യപകുതിക്ക് ശേഷം ക്രിസ്റ്റ്യാനോറൊണാൾഡോയിലൂടെ സ്കോറിംഗ് തുടങ്ങിയ യുവന്റസിനെ 86-ാം മിനിട്ടിൽ മാട്ടയുടെ ഗോളിലൂടെ മാഞ്ചസ്റ്റർ സമനിലയിൽ തളച്ചു. 89-ാം മിനിട്ടിൽ യുവന്റസ് താരം അലക്സ് സാൻഡ്രോയുടെ സെൽഫ് ഗോൾ മൗറീന്യോയുടെ കുട്ടികൾക്ക് വിജയവും നൽകി.

ഇൗ വിജയത്തോടെ ഗ്രൂപ്പ് എച്ചിൽ നാല് കളികളിൽ നിന്ന് ഏഴ് പോയിന്റായ മാഞ്ചസ്റ്റർ യുണൈറ്റഡ് നോക്കൗട്ട് സാദ്ധ്യതകൾ ചടുലമാക്കി. ഒൻപത് പോയിന്റുമായി യുവന്റസാണ് ഒന്നാംസ്ഥാനത്ത്. മാഞ്ചസ്റ്ററിനെതിരെ നടന്നുകഴിഞ്ഞ മത്സരത്തിൽ യുവന്റസ് 1-0ത്തിന് ജയിച്ചിരുന്നു.

കഴിഞ്ഞ രാത്രി യംഗ് ബോയ്സിനെ 3-1ന് കീഴടക്കിയ സ്പാനിഷ് ക്ളബ് വലൻസിയയാണ് പോയിന്റ് നിലയിൽ മൂന്നാംസ്ഥാനത്ത്. അഞ്ച് പോയിന്റാണ് വലൻസിയയ്ക്ക് ഉള്ളത്.

വരുന്ന ഞായറാഴ്ച നഗര വൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പ്രിമിയർ ലീഗിലെ മാഞ്ചസ്റ്റർ ഡർബിക്കിറങ്ങുന്ന യുണൈറ്റഡിന് ഇൗ വിജയം വലിയ ആശ്വാസമായിട്ടുണ്ട്. അതേസമയം ഉക്രേനിയൻ ക്ളബ് ഷാക്‌തർ ഡോണെസ്കിനെ എതിരില്ലാത്ത അരഡസൻ ഗോളുകൾക്ക് അട്ടിമറിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ഡർബിക്ക് തയ്യാറെടുത്തിരിക്കുന്നത്. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗബ്രിയേൽ ജീസസിന്റെ ഹാട്രിക്കും ഡേവിഡ് സിൽവ, റഹിം സ്റ്റെർലിംഗ്, മെഹ്‌റേസ് എന്നിവരുടെ ഒാരോ ഗോളുമാണ് സിറ്റിക്ക് തകർപ്പൻ വിജയം നൽകിയത്. 24-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെയാണ് ഗബ്രിയേൽ ആദ്യഗോൾ സ്കോർ ചെയ്തത്. 72-ാം മിനിട്ടിലും പെനാൽറ്റി ഗോളാക്കിയ ബ്രസീലിയൻ താരം ഇൻജുറി ടൈമിലാണ് ഹാട്രിക് പൂർത്തിയാക്കിയത്. 13-ാം മിനിട്ടിൽ സിൽവയാണ് സിറ്റിയുടെ ആദ്യഗോൾ നേടിയത്. 48-ാം മിനിട്ടിൽ സ്റ്റെർലിംഗും 84-ാം മിനിട്ടിൽ മഹ്‌റേസും സ്കോർ ചെയ്തു. നാലുകളികളിൽ നിന്ന് ഒൻപത് പോയിന്റായ സിറ്റി നോക്കൗട്ട് ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നലെ ഹോഫൻ ഹേമുമായി 2-2ന് സമനിലയിൽ പിരിഞ്ഞ ഒളിമ്പിക് ലിയോണാണ് ആറ് പോയിന്റുമായി എഫ് ഗ്രൂപ്പിൽ രണ്ടാംസ്ഥാനത്ത്.

ഗ്രൂപ്പ് ജിയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽമാഡ്രിഡ് എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് വിക്ടോറിയ പ്ളസനെ കീഴടക്കി നോക്കൗട്ട് ഉറപ്പിച്ചു. റയലിന് വേണ്ടി കരിം ബെൻസേമ ഇരട്ട ഗോളടിച്ചപ്പോൾ കാസിമെറോ ഗാരേത്ത് ബെയ്ൽ, ടോണി ക്രൂസ് എന്നിവർ ഒാരോ ഗോൾ നേടി.

റയലിന് ഒൻപത് പോയിന്റാണുള്ളത്. റഷ്യൻ ക്ളബ് സി.എസ്.കെ.എ മോസ്കോവയെ 2-1ന് തോൽപ്പിച്ച ഇറ്റാലിയൻ ക്ളബ് എ.എസ് റോമ ഒൻപത് പോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്.

ഗ്രൂപ്പ് ഇയിൽ എ.ഇ.കെ ഏതൻസിനെ 2-0 ത്തിന് കീഴടക്കി. 10 പോയിന്റുമായി ബയേൺ മ്യൂണിക്ക് ഒന്നാംസ്ഥാനത്ത് തുടരുകയാണ്. റോബർട്ടോ ലെവാൻ ഡോവ്സ്കിയാണ് ബയേണിന്റെ രണ്ട് ഗോളുകളും നേടിയത്. ബെൻഫിക്കയുമായി 1-1ന് സമനിലയിൽ പിരിഞ്ഞ ഡച്ച് ക്ളബ് അയാക്സ് എട്ടുപോയിന്റുമായി രണ്ടാംസ്ഥാനത്തുണ്ട്.

മൗറീഞ്ഞോയുടെ മുദ്ര വിവാദത്തിൽ

. യുവന്റസിനെതിരായ മത്സരത്തിന് ശേഷം ഹോംഗ്രൗണ്ടിലെ കാണികളുടെ നേർക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഹൊസെ മൗറീന്യോ മോശം ആംഗ്യം കാട്ടിയത് വിവാദമായി.

. മത്സരത്തിന്റെ തുടക്കം മുതൽ യുവന്റസ് ആരാധകർ മൗറീന്യോയെ കളിയാക്കിയിരുന്നു.

ഇതിന് മറുപടിയെന്നോണമാണ് വിജയിച്ച ശേഷം യുവന്റസ് ആരാധകർക്ക് നേരെ ചെവിയിൽ കൈവച്ച് മൗറീന്യോ പരിഹാസമുദ്ര കാട്ടിയത്.

. തന്റെ കുടുംബത്തെ വരെ ആക്ഷേപിച്ചത് കൊണ്ടാണ് മറുപടി നൽകിയതെന്ന് പിന്നീട് മൗറീന്യോ പറഞ്ഞു.

ക്രിസ്റ്റ്യാനോയുടെ ആദ്യ ഗോൾ

ഇൗ സീസൺ ചാമ്പ്യൻസ് ലീഗിൽ യുവന്റസിന് വേണ്ടിയുള്ള ആദ്യഗോളാണ് ക്രിസ്റ്റ്യാനോ ഇന്നലെ നേടിയത്. യുവന്റസിന് വേണ്ടി മൂന്നാമത്തെ ചാമ്പ്യൻസ് ലീഗ് മത്സരമായിരുന്നു ഇത്. ആദ്യ മത്സരത്തിൽ ചുവപ്പുകാർഡ് കണ്ടതിനെത്തുടർന്ന് ഒരു മത്സരം നഷ്ടമായിരുന്നു.

മത്സരഫലങ്ങൾ

മാൻ. യുണൈറ്റഡ് 2-യുവന്റസ് 1

ബയേൺ 2- ഏതൻസ് 0

ബെൻഫിക്ക 1 - അയാക്സ് 1

മാൻ. സിറ്റി 6- ഷാക്‌തർ 0‌

ഒളിമ്പിക് ലിയോൺ 2- ഹോഫൻ ഹേം 2

റയൽ മാഡ്രിഡ് 5- വിക്ടോറിയ പ്ളസൻ 0

റോമ 2- മോസ്കാവ 1

വലൻസിയ 3- യംഗ്ബോയ്സ് 1

പോയിന്റ് നില

(ടീം, കളി, ജയം, സമനില, തോൽവി, പോയിന്റ് ക്രമത്തിൽ)

ഗ്രൂപ്പ് ഇ

ബയേൺ 4-3-1-0-10

അയാക്സ് 4-2-2-0-8

ബെൻഫിക്ക 4-1-1-2-4

ഏതൻസ് 4-0-0-4-0

ഗ്രൂപ്പ് എഫ്

മാൻ. സിറ്റി 4-3-0-1-9

ലിയോൺ 4-1-3-0-6

ഹോഫൻഹേം 4-0-3-0-3

ഷാക്‌തർ 4-0-2-2-2

ഗ്രൂപ്പ് ജി

റയൽ മാഡ്രിഡ് 4-3-0-1-9

റോമ 4-3-0-1-9

മോസ്കോവ 4-1-1-2-4

വിക്ടോറിയ 4-0-1-3-1

ഗ്രൂപ്പ് എച്ച്

യുവന്റസ് 4-3-0-1-9

മാൻ. യുണൈറ്റഡ് 4-2-1-1-7

വലൻസിയ 4-1-2-1-5

യംഗ് ബോയ്സ് 4-0-1-3-1

9

ഹോംഗ്രൗണ്ടായ അലിയൻസിൽ കളിച്ച 191 മത്സരങ്ങളിൽ യുവന്റസ് തോൽക്കുന്നത് ഇത് ഒൻപതാം തവണ മാത്രം. ചാമ്പ്യൻസ് ലീഗിൽ യുവയുടെ മൂന്നാമത്തെ മാത്രം ഹോം തോൽവി.