neyyattinkara-death-dysp

തിരുവനന്തപുരം : യുവാവിനെ കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയായ ഡിവൈ.എസ്.പി ബി.ഹരികുമാറിനെ മൂന്നുദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല. തമിഴ്നാട്ടിൽ ഒളിവിലാണെന്ന് പൊലീസ് ആവർത്തിക്കുന്നതിനിടെ, ഹരികുമാറിനായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. ഡിവൈ.എസ്.പിക്കു ജാമ്യം അനുവദിക്കരുതെന്നാവശ്യപ്പെട്ടു ക്രൈംബ്രാഞ്ച് കോടതിയിൽ അപേക്ഷ നൽകും.

കൊലക്കേസ് അന്വേഷണത്തിനായി തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്‌.പി കെ.എം. ആന്റണിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു. ഒളിവിൽ പോയ ഹരികുമാറിനെ കണ്ടെത്തുന്നതാണ് ആദ്യ ദൗത്യം. അന്വേഷണ സംഘം രൂപീകരിച്ച് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബ് ഉത്തരവിറക്കി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സുഗതൻ, സി.ഐ എ.എ. ജയമോഹൻ, നാലു എസ്‌.ഐമാർ, എ.എസ്.ഐമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാർ എന്നിവരടങ്ങിയ അന്വേഷണ സംഘം ഹരികുമാറിനായി തമിഴ്‌നാട്ടിലടക്കം അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പൊലീസ് ആസ്ഥാനത്തെ എ.ഐ.ജിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും തുടങ്ങിയിട്ടുണ്ട്.