renaisense

കിളിമാനൂർ:ചാതുർവർണ്യമടക്കമുള്ള അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും നേരിട്ടാണ് ഇന്നത്തെ കേരളം രൂപപ്പെട്ടതെന്ന് മന്ത്രി എം.എം. മണി. സി.പി.എം അടയമൺ, പഴയകുന്നുമ്മേൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്ഷേത്രപ്രവേശന വിളംബരത്തിന്റെ എൺപത്തിരണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി രാജാരവിവർമ്മ ആർട്ട് ഗാലറിയിൽ നവോത്ഥാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഒരുകാലത്ത് സവർണാധിപത്യത്തിന്റെ കൂത്തരങ്ങായിരുന്ന ക്ഷേത്രങ്ങളിൽ ഈഴവരാദി പിന്നാക്കക്കാർക്ക് കയറാനായത് സാമൂഹിക പരിഷ്കർത്താക്കൾ നടത്തിയ പോരാട്ടങ്ങളുടെ ഫലമായിരുന്നു. ശ്രീനാരായണ ഗുരുദേവൻ നടത്തിയ അരുവിപ്പുറം പ്രതിഷ്ഠ സവർണാധിപത്യത്തിനെതിരായ പോരാട്ടങ്ങളിൽ ജ്വലിക്കുന്ന ഏടാണ്. എന്നാൽ ശബരിമലയിലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാരിനെ അസ്ഥിരപ്പെടുത്തി കേരളത്തെ വീണ്ടുമൊരു ഭ്രാന്താലയമാക്കാനാണ് സംഘപരിവാർ ശക്തികളും കോൺഗ്രസും ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എം പഴയകുന്നുമ്മേൽ ലോക്കൽ സെക്രട്ടറി ആർ.കെ. ബൈജു അദ്ധ്യക്ഷനായി. സി.പി.എം ജില്ലാകമ്മിറ്റി അംഗം മടവൂർ അനിൽ, ബി. സത്യൻ എം.എൽ.എ, ഏരിയാ സെക്രട്ടറി എസ്. ജയചന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എം. ഷാജഹാൻ, കെ. രാജേന്ദ്രൻ, ഇ. ഷാജഹാൻ, എം. മൈതീൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. സി.പി.എം അടയമൺ ലോക്കൽ സെക്രട്ടറി എസ്. സിബി സ്വാഗതവും പഴയകുന്നുമ്മേൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു നന്ദിയും പറഞ്ഞു.