തിരുവനന്തപുരം: കൊലക്കേസ് പ്രതിയായ ഡിവൈ.എസ്.പി ഹരികുമാർ ഒളിവിൽ പോയത് സർവീസ് റിവോൾവറുമായാണെന്നും ഇത് അപകടകരമായ സാഹചര്യമാണെന്നും ഇന്റലിജൻസ് വിഭാഗം ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി. എത്രയും വേഗം റിവോൾവർ കണ്ടെടുക്കണം. അധികാര പരിധി വിട്ടാൽ റിവോൾവർ ഉന്നത ഉദ്യോഗസ്ഥനെ ഏല്പിക്കണമെന്നാണ് ചട്ടം. അന്വേഷിച്ചെത്തുന്ന പൊലീസ് സംഘത്തിനു നേരെ വെടിയുതിർക്കാനോ സ്വയം വെടിവയ്ക്കാനോ സാദ്ധ്യതയുണ്ടെന്നും അതീവശ്രദ്ധ പുലർത്തണമെന്നും ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി. ഒരിക്കലും സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ലാത്ത ഔദ്യോഗിക ഫോൺ ഓഫാക്കി ഡിവൈ.എസ്.പി കൈയിൽ സൂക്ഷിച്ചിരിക്കുകയാണ്. അബദ്ധം പറ്റിയെന്ന് പൊലീസ് ഉന്നതരെ വിളിച്ചറിയിച്ച ശേഷമാണ് ഡിവൈ.എസ്.പി ഒളിവിൽ പോയതെന്നാണ് സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട്. ആറ് സിം കാർഡുകൾ ഉപയോഗിക്കാവുന്ന മൂന്ന് മൊബൈൽ ഫോണുകൾ ഡിവൈ.എസ്.പിക്കുണ്ട്. ഇതിൽ ഔദ്യോഗിക സിം കാർഡുള്ള ഫോൺ ഓഫാക്കി മറ്റുള്ളവയിൽ നിന്നാണ് ഉന്നതരെ വിളിച്ചത്. സനലിനെ കാറിടിച്ചയുടൻ ഔദ്യോഗിക ഫോണിൽ നിന്ന് എസ്.ഐയെ വിളിച്ച് വിവരമറിയിച്ചു. പിന്നീട് നെയ്യാറ്റിൻകരയിലെ വാടകവീട്ടിലെത്തി ജില്ലാ പൊലീസിലെ ഉന്നതനെ വിവരം ധരിപ്പിച്ചു. പൊലീസ് സംഘടനാ ഭാരവാഹിയെയും രണ്ട് രാഷ്ട്രീയ നേതാക്കളെയും വിളിച്ചു. ഇതിനെല്ലാം പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസിനെയും ഡിവൈ.എസ്.പി വിളിച്ചിരുന്നു. സ്റ്റേഷൻ ചുമതലയുള്ള സി.ഐ അന്ന് അവധിയിലായിരുന്നു.
ഡ്യൂട്ടിയിലെ രണ്ട് എസ്.ഐമാരോട്, നെയ്യാറ്റിൻകരയിൽ അപകടം നടന്നയാളെയും കൊണ്ട് പൊലീസ് അങ്ങോട്ട് വരുന്നുണ്ടെന്നും ഇക്കാര്യം മാദ്ധ്യമങ്ങളോട് മറച്ചുവയ്ക്കാനും നിർദ്ദേശിച്ചു. വാഹനാപകടത്തിൽ പരിക്കേറ്റയാൾ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റും മുൻപുതന്നെ മരിച്ചെന്നും താൻ സ്റ്റേഷനിലേക്ക് മടങ്ങിയെന്നുമാണ് മെഡിക്കൽകോളേജ് എസ്.ഐ മാദ്ധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മൃതദേഹം മോർച്ചറിയിൽ കയറ്റുംവരെ ഈ എസ്.ഐ ആശുപത്രിയിലുണ്ടായിരുന്നു. ഇതിനിടെ പൊലീസ് സംഘടനാ നേതാവ് പലവട്ടം ഈ എസ്.ഐയുടെ ഫോണിൽ വിളിച്ചതായും സ്പെഷ്യൽബ്രാഞ്ച് കണ്ടെത്തി. ഒരു പൊലീസ് സംഘടനയുടെ ഭാരവാഹികൾക്കൊപ്പം ഡിവൈ.എസ്.പി പതിവായി നന്ദാവനം എ.ആർ ക്യാമ്പിലെത്തി സൽക്കാരം നടത്താറുണ്ടെന്നും പൊലീസുകാർക്ക് പണം നൽകാറുണ്ടെന്നും സ്പെഷ്യൽ ബ്രാഞ്ച് ആഴ്ചകൾക്ക് മുൻപ് ഡി.ജി.പിയെ അറിയിച്ചിരുന്നു. അസോസിയേഷൻ ഭാരവാഹികൾക്ക് മുന്തിയ ഹോട്ടലുകളിലും പൂവാറിലെ റിസോർട്ടിലും പാർട്ടി നൽകാറുണ്ടെന്നും നടപടി വേണമെന്നുമുള്ള റിപ്പോർട്ടുകൾ ഉന്നത സ്വാധീനത്താൽ അട്ടിമറിക്കപ്പെടുകയായിരുന്നു.