ന്യൂഡൽഹി : ഇൗമാസം 28ന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ഹോക്കി ലോകകപ്പിനുള്ള 18 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. പരിചയ സമ്പന്നരായ രൂപീന്ദർ സിംഗ് പാലിനെയും എസ്.വി. സുനിലിനെയും ഒഴിവാക്കിയാണ് ഇന്നലെ ഹോക്കി ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്
മൻപ്രീത് സിംഗ് നയിക്കുന്ന ടീമിൽ കഴിഞ്ഞമാസം മസ്കറ്റിൽ നടന്ന ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ കളിച്ച പ്രധാന താരങ്ങളെയൊക്കെ നിലനിറുത്തിയിട്ടുണ്ട്. പരിക്ക് മൂലമാണ് എസ്.വി. സുനിലിനെ ഒഴിവാക്കിയത്. കഴിഞ്ഞ മാസം ദേശീയ ക്യാമ്പിൽവച്ച് സുനിലിന് കാൽമുട്ടിന് പരിക്കേറ്റതിനാൽ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും കളിക്കാൻ കഴിഞ്ഞിരുന്നില്ല ഫോം നഷ്ടമായത് മൂലം രവീന്ദർസിംഗ് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലും കളിച്ചിരുന്നില്ല.
മലയാളിയായ പിആർ. ഗ്രീജേഷാണ് ടീമിന്റെ ഒന്നാം നമ്പർ ഗോളി. യുവതാരം കൃഷ്ണൻ ബഹദൂർ പതക്കിനെയും ഗോളിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. പരിചയ സമ്പന്നനായ ബിരേന്ദർ ലെക്ര ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. മിഡ്ഫീൽഡർ ചിംഗ്ളെൻ സെനയാണ് ടീമിന്റെ വൈസ് ക്യാപ്ടൻ
ഇന്ത്യൻ ടീം
പി.ആർ. ശ്രീജേഷ്, കൃഷ്ണൻ ബഹദൂർ പഥക് (ഗോൾകീപ്പർമാർ), ഹർമൻപ്രീത് സിംഗ്, ബിരേന്ദ്ര ലക്ര, വരുൺകുമാർ, കോത്താജിത്ത് സിംഗ്, സുരേന്ദർ കുമാർ, അമിത് രോഹിദാസ് (ഡിഫൻർമാർ), മൻപ്രീത് സിംഗ്, ചിംഗ്‌ളൻ സനസിംഗ്, നിലകണ്ഠ ശർമ്മ, ഹാർദിക് സിംഗ്, സുമിത് (മിഡ്ഫീൽഡർമാർ) , ആകാഷ് ദീപ്‌സിംഗ്, മൻദീപ് സിംഗ്, ദിൽപ്രീത് സിംഗ്, ലളിത് കുമാർ ഉപാദ്ധ്യായ്, സിമ്രാൻജിത്ത് സിംഗ് (സ്ട്രൈക്കർമാർ).
. 34 പേരടങ്ങിയ പരിശീലന ക്യാമ്പിൽ നിന്നണ് 18 അംഗ ടീമിനെ തിരഞ്ഞെടുത്തത്.
മുൻ ക്യാപ്ടൻ സർദാർ സിംഗ് നേരത്തെ വിരമിച്ചതിനാൽ ഇൗ ലോക കപ്പിൽ അദ്ദേഹത്തിന്റെ സേവനവും ഉണ്ടാകില്ല
പൂൾ സി
ലോകകപ്പിൽ പൂൾ സിയിൽ ലോക മൂന്നാം റാങ്കുകാരായ ബെൽജിയം, കാനഡ, ദക്ഷിണാഫ്രിക്ക എന്നിവർക്കൊപ്പമാണ് ഇന്ത്യയും മത്സരിക്കുന്നത്.
ക്വാർട്ടർ ഫൈനലിലെത്താൻ പൂളിൽ ഇന്ത്യയ്ക്ക് ഒന്നാംസ്ഥാനം നേടിയേ മതിയാകൂ
ലോകകപ്പിന്റെ ആദ്യദിനം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം
പാവപ്പെട്ട പാകിസ്ഥാൻ വരുമോ?
കറാച്ചി : സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടംതിരിയുന്ന പാകിസ്ഥാൻ ഹോക്കി ടീം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് എത്തുന്ന കാര്യം സംശയത്തിൽ. കളിക്കാർക്ക് കരാർ അനുസരിച്ചുള്ള പ്രതിഫലം നൽകാനായി നക്ഷത്രമെണ്ണുകയാണ് പാക് ഹോക്കി ബോർഡ്. ലോകകപ്പിന്റെ തയ്യാറെടുപ്പിനായി പാക് ക്രിക്കറ്റ് ബോർഡിനോട് ഹോക്കി അധികൃതർ കടംചോദിച്ചെങ്കിലും കിട്ടിയിട്ടില്ല