neyyattinkara-death-dysp

തിരുവനന്തപുരം: റോഡിലെ വാക്കുതർക്കത്തിനിടെ ഡിവൈ.എസ്.പി ബി.ഹരികുമാർ റോഡിലേക്ക് ചവിട്ടിയിട്ടതിനെത്തുടർന്ന് കാർകയറി ഗുരുതരാവസ്ഥയിലായ കൊടങ്ങാവിള കാവുവിള വീട്ടിൽ സനൽകുമാറിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ രണ്ടു പൊലീസുകാരെ സസ്‌പെൻഡ് ചെയ്തു. നെയ്യാ​റ്റിൻകര പോലീസ് സ്​റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ സജീഷ്ചന്ദ്രൻ, ഷിബു എന്നിവരെയാണു തിരുവനന്തപുരം റൂറൽ എസ്. പി സസ്‌പെൻഡ് ചെയ്തത്. സംഭവം കൈകാര്യം ചെയ്യുന്നതിൽ നെയ്യാ​റ്റിൻകര എസ്‌.ഐ സന്തോഷ് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽബ്രാഞ്ച് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

മരണത്തോട് മല്ലടിക്കുന്ന സനൽകുമാറുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകുന്നതിന് പകരം നെയ്യാ​റ്റിൻകര താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് പൊലീസ് സ്​റ്റേഷനിലേക്കുമായാണ് പോയത്. സ്​റ്റേഷനിലേക്കു കൊണ്ടുപോകുന്നതിന് ഒത്താശ ചെയ്തതിൽ നെയ്യാ​റ്റിൻകര എസ്‌.ഐയ്ക്കും പങ്കുണ്ടെന്നാണു റിപ്പോർട്ട്.

കൊടങ്ങാവിളയിൽ നിന്ന് നെയ്യാ​റ്റിൻകരയിലുള്ള ലൈഫ് കെയർ എന്ന ആംബുലൻസിലാണ് സനൽകുമാറിനെ സി.പി.ഒയായ ഷിബുവും സ്ഥലവാസിയായ രണ്ടുപേരും ചേർന്ന് നെയ്യാ​റ്റിൻകര ആശുപത്രിയിലെത്തിച്ചത്. നെയ്യാ​റ്റിൻകര ആശുപത്രിയിൽ എത്തിച്ച സനൽകുമാറിനെ ഉടൻ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകാൻ അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ ആംബുലൻസ് ഡ്രൈവറോട് സി.പി.ഒയായ ഷിബു പൊലീസ് സ്​റ്റേഷനിലേക്ക് പോകാൻ നിർദേശിച്ചു. സ്​റ്റേഷനിൽ എത്തിയപ്പോൾ ഷിബു ഇറങ്ങി ഡ്യൂട്ടി മാറിയ ശേഷം മ​റ്റൊരു പൊലീസുകാരനായ സജീഷ്ചന്ദ്രൻ കയറി. ഒരുമണിക്കൂറിനു ശേഷം സനൽകുമാറിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും അദ്ദേഹം മരണമടഞ്ഞിരുന്നതായും റിപ്പോർട്ടിലുണ്ട്.

ലുക്ക് ഔട്ട് നോട്ടിസ്

ഡിവൈ.എസ് .പി ഹരികുമാറിനെതിരെ പൊലീസ് ഇന്നലെ ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കി. മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങിയതോടെയാണ് നോട്ടിസ് ഇറക്കിയത്. രാജ്യം വിടാതിരിക്കാൻ വിമാനത്താവളങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകി. നാവായിക്കുളത്തെ വീട്ടിലും ബന്ധുവീടുകളിലും പൊലീസ് തെരച്ചിൽ നടത്തി. ബന്ധുക്കൾ മുഖേന കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും അനുകൂല മറുപടിയല്ല ലഭിച്ചത്. ഡിവൈ.എസ് .പിയുടേയും അദ്ദേഹത്തെ രക്ഷപ്പെടുത്തിയ കൊടങ്ങാവിളയിലെ ഫിനാൻസ് ഉടമ ബിനുവിന്റെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഒഫ് ആണെന്ന് പൊലീസ് പറഞ്ഞു.

മരണകാരണം തലയ്ക്കേറ്റ ക്ഷതം

തലയ്ക്കേറ്റ ക്ഷതമാണ് സനലിന്റെ മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട്. വാഹനമിടിച്ച് തലയ്ക്ക് ആഴത്തിലുള്ള ക്ഷതമേറ്രു. തെറിച്ചുവീണപ്പോൾ തല റോഡിലിടിച്ചു. വാരിയെല്ലും കൈയും ഒടിഞ്ഞുനുറുങ്ങി. തുടയ്ക്കും കവിളിലും പൊട്ടലുണ്ട്. ശരീരമാകെ ക്ഷതമേറ്റു. പലേടത്തും എല്ലുകൾ ഒടിഞ്ഞിട്ടുണ്ട്. ആംബുലൻസിൽ കൊണ്ടുപോകവേ സനലിനെ മദ്യം കുടിപ്പിച്ചെന്ന് സഹോദരി ആരോപിച്ചിരുന്നു. ഇന്ന് വിശദമായ പോസ്റ്റുമാർട്ടം റിപ്പോർട്ട് വന്നാലേ ഇക്കാര്യത്തിൽ വ്യക്തതയുണ്ടാവൂ.