g

തിരുവനന്തപുരം: ഡിവൈ.എസ്.പി ചവിട്ടിയിട്ടതിനെത്തുടർന്ന് കാർ കയറിയിറങ്ങിയ സനൽകുമാറിനെ ആശുപത്രിയിലേക്കു കൊണ്ടുപോകാൻ പൊലീസുകാർ ആദ്യം തയ്യാറായിരുന്നില്ലെന്ന് ദൃക്സാക്ഷികൾ. സംഭവസ്ഥലത്ത് ആംബുലൻസ് എത്തിയപ്പോഴാണ് പൊലീസ് അനങ്ങിയത്. സനലിന്റെ കൈ ഒടിഞ്ഞു തൂങ്ങിയിരുന്നു. വയറിലൂടെ വാഹനം കയറിയിറങ്ങി കഴിച്ച ഭക്ഷണം ഛർദ്ദിച്ചു. രാത്രി അപകടമുണ്ടായപ്പോൾ ഓടിക്കൂടിയ നാട്ടുകാരും സനലിനെ ആശുപത്രിയിലെത്തിക്കാൻ തയ്യാറായിരുന്നില്ല. മൊബൈലിൽ ചിത്രങ്ങളെടുക്കുകയായിരുന്നു ജനക്കൂട്ടം. ആൾക്കൂട്ടത്തിനു നടുവിൽ ചോരയൊലിപ്പിച്ചു പൊലീസ് എത്തുന്നതുവരെ സനൽ കിടന്നു. വേഗത്തിൽ ആശുപത്രിയിലേക്കു മാ​റ്റാൻ പൊലീസും ശ്രമിച്ചില്ല.

അതിനിടെ, ഗുരുതരമായി പരിക്കേ​റ്റ യുവാവിനെ എന്തുകൊണ്ടു വേഗത്തിൽ ആശുപത്രിയിലെത്തിച്ചില്ലെന്നതിനു കൃത്യമായ റിപ്പോർട്ട് നൽകണമെന്നു ഡി.ജി.പി ആവശ്യപ്പെട്ടിട്ടുണ്ട്. ശരിയായ അന്വേഷണം നടത്തി കു​റ്റക്കാരെ നിയമത്തിനു മുന്നിലെത്തിക്കണമെന്നു മുഖ്യമന്ത്റിയുടെ ഓഫീസും നിർദ്ദേശിച്ചിട്ടുണ്ട്.

എസ്.ഐ സന്തോഷ് കുമാർ നാട്ടുകാരോട് വിവരം തിരക്കുന്നതും സംഭവ സ്ഥലം പരിശോധിക്കുന്നതും നാട്ടുകാർ പകർത്തിയ വീഡിയോയിൽ വ്യക്തമാണ്. നാട്ടുകാരിലൊരാൾ വെള്ളം കൊണ്ടു സനലിന്റെ മുഖം കഴുകുമ്പോൾ എസ്.ഐ തൊട്ടടുത്ത് നോക്കി നിൽക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആംബുലൻസിനൊപ്പം പോകാൻ നാട്ടുകാർ മടിച്ചു നിൽക്കുമ്പോൾ പൊലീസുകാർ ക്ഷോഭിക്കുന്നതും വീഡിയോയിൽ കാണാം. 'മെഡിക്കലിലേക്ക് വിട് ' എന്ന് നാട്ടുകാർ ആവർത്തിച്ച് പറഞ്ഞിട്ടും താലൂക്ക് ആശുപത്രിയിലേക്കാണ് ആംബുലൻസ് വിട്ടത്.