തിരുവനന്തപുരം: ശബരിമലയിൽ ചിത്തിര ആട്ട വിശേഷത്തിനിടെയുണ്ടായ സംഘർഷത്തെക്കുറിച്ച് ഡി.ജി.പി ലോക് നാഥ് ബെഹ്റ ആവശ്യപ്പെട്ട റിപ്പോർട്ട് സുരക്ഷാ ചുമതലയുണ്ടായിരുന്ന ഐ.ജി എം.ആർ അജിത്കുമാർ നൽകിയില്ല. ഇതേത്തുടർന്ന് ഇന്നലെ നിശ്ചയിച്ചിരുന്ന ഉന്നതതല യോഗം മാറ്റിവച്ചു. ഐ.ജിയുടെ വിശദീകരണ റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ലഭിച്ച ശേഷം യോഗം നടത്തുമെന്നും പൊലീസ് നേതൃത്വം അറിയിച്ചു. തുലാമാസ പൂജയ്ക്കിടെയുണ്ടായ അക്രമത്തിൽ പ്രതികളായ നൂറിലേറെ പേർ ഇത്തവണയും എത്തിയിരുന്നു. നേരത്തെ അക്രമം നടത്തി പൊലീസിന്റെ പിടിയിലായവർ ജാമ്യത്തിലിറങ്ങി ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാൽ നിയമപരമായി ഒന്നും ചെയ്യാൻ കഴിയില്ലെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു.