ds

തിരുവനന്തപുരം : ഈ ഭരണസമിതി അധികാരത്തിലെത്തി രണ്ടര വർഷം പിന്നിടുമ്പോൾ നഗരസഭ കിണവൂർ വാർഡിൽ 29ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ മൂന്നു മുന്നണികളും ശക്തമായ പോരാട്ടത്തിനൊരുങ്ങുന്നു. കഴിഞ്ഞ തവണ സി.പി.എം വിമതനായി മത്സരിച്ച ഷീലാസിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചു. വിമതനെ തട്ടിയെടുത്ത യു.ഡി.എഫിന്റെ നീക്കം അറിഞ്ഞതോടെ എൽ.ഡി.എഫും ബി.ജെ.പിയും സ്ഥാനാർത്ഥികളെ തീരുമാനിച്ചു. ഡി.വൈ.എഫ്.ഐ നാലാഞ്ചിറ മേഖലാ പ്രസിഡന്റ് എം. അരുണാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ഇന്നലെ ചേർന്ന സി.പി.എം നാലാഞ്ചിറ ലോക്കൽ കമ്മിറ്റിയാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചത്. കിണവൂർ മേഖലയിലെ സജീവ പ്രവർത്തകനായ എ. സനൽകുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥി. ഇതോടെ ഇവിടെ മുന്നണികളുടെ വാശിയേറിയ മത്സരത്തിനുള്ള രംഗം ഒരുങ്ങി. യു.ഡി.എഫ് പ്രതിനിധിയായിരുന്ന കെ.സി. വിമൽകുമാറിന്റെ ആകസ്മിക മണത്തോടെയാണ് കിണവൂർ വാർഡിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലവിലെ ഭരണസമിതി അധികാരത്തിലെത്തിയശേഷം നടക്കുന്ന മൂന്നാമത് ഉപതിരഞ്ഞെടുപ്പാണിത്.

പാപ്പനംകോട്, വാഴോട്ടുകോണം വാർഡുകളിലാണ്‌ നേരത്തേ ഉപതിരഞ്ഞെടുപ്പ് നടന്നത്. വാഴോട്ടുകോണത്ത് സി.പി.എമ്മിലെ മൂന്നാംമൂട് വിക്രമന്റെയും പാപ്പനംകോട് വാർഡിൽ ബി.ജെ.പിയിലെ കെ. ചന്ദ്രന്റെയും നിര്യാണത്തെത്തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്. രണ്ട് സീറ്റുകളും ഇരുപാർട്ടികളും നിലനിറുത്തി. അതിനാൽ തന്നെ യു.ഡി.എഫിനും കിണവൂർ നിലനിറുത്തിയേ മതിയാകൂ. കഴിഞ്ഞ തവണ കെ.സി. വിമൽകുമാർ 1294 വോട്ടുകൾ നേടിയപ്പോൾ വിമതനായ കെ.ഷീലാസ് 1168 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി. സി.പി.എമ്മിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായി മത്സരിച്ച ആർ. ദിനേശ് കുമാറിന് 1116 വോട്ടാണ് ലഭിച്ചത്.

ഒറ്റനോട്ടത്തിൽ

മാതൃകാപെരുമാറ്റച്ചട്ടം നിലവിൽ വന്നു

നാമനിർദ്ദേശ പത്രിക 12 വരെ സമർപ്പിക്കാം

സൂക്ഷ്മപരിശോധന 13ന്

 15വരെ പത്രിക പിൻവലിക്കാം

29ന് രാവിലെ 7 മുതൽ വൈകിട്ട് 5 വരെയാണ് വോട്ടെടുപ്പ്.

 30ന് രാവിലെ 10നാണ് വോട്ടെണ്ണൽ

കിണവൂർ ഇങ്ങനെ

2010ലെ വാർഡ് പുനർവിഭജനത്തോടെയാണ് വാർഡ് രൂപം കൊണ്ടത്.

അന്നുമുതൽ യു.ഡി.എഫിനൊപ്പം

 2010ൽ 454 വോട്ടിന് യു.ഡി.എഫിലെ കെ. സരസമ്മ ആദ്യ ജയം കുറിച്ചു

2015ൽ 126 വോട്ടിനായിരുന്നു കെ.സി. വിമൽകുമാറിന്റെ ജയം

കുടപ്പനക്കുന്ന് പഞ്ചായത്തിന്റെ ചിലഭാഗങ്ങളും മുട്ടട, നാലാഞ്ചിറ വാർഡുകളുടെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് കിണവൂർ.

ആകെ അഞ്ച് ബൂത്തുകളുള്ള വാർഡിൽ നാല് ബൂത്തുകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഏറക്കുറെ തുല്യശക്തികൾ

ബി.ജെ.പിയും നിർണായ ശക്തിയാണ്. രണ്ടാം ബൂത്തായ രാമപുരത്ത് ബി.ജെ.പിക്ക് വലിയ സ്വാധീനമുണ്ട്.


വീണ്ടും ഷീലാസ്

സി.പി.എം മുണ്ടൈക്കോണം ബ്രാഞ്ച് സെക്രട്ടറിയും നാലാഞ്ചിറ ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു

 സ്ഥാനാർത്ഥിത്വം കിട്ടാത്തതിൽ പ്രതിഷേധിച്ച് കഴിഞ്ഞ തവണ അപ്രതീക്ഷിതമായാണ് വിമതനായി എത്തിയത് തിരഞ്ഞെടുപ്പിന് ശേഷവും പാർട്ടി പോഷക സംഘടനാ പ്രവർത്തനത്തിൽ സജീവമായിരുന്നു

 സ്‌കിൽഡ് വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി അംഗമായിരുന്നു

കഴിഞ്ഞ മാസം കൂടിയ സ്‌കിൽഡ് വർക്കേഴ്സ് യൂണിയൻ യോഗത്തിലും പങ്കെടുത്തിരുന്നു

ഇക്കുറി ഔദ്യോഗിക സ്ഥാനാർത്ഥിയായി സി.പി.എം പരിഗണിക്കാനിരിക്കുകയായിരുന്നു

പാർട്ടി ബന്ധം ഉപേക്ഷിച്ച് ഷീലാസ് കോൺഗ്രസിൽ അംഗത്വം നേടിയെന്നാണ് വിവരം